X

യുദ്ധസാധ്യതകള്‍ അടുത്താണ്; അതിര്‍ത്തിയില്‍ ഇനിയെങ്കിലും സമാധാനം തിരിച്ചു കൊണ്ടുവരണം

ടീം അഴിമുഖം 

1914 ബോസ്‌നിയന്‍ തലസ്ഥാനമായ സാരജേവോ സന്ദര്‍ശിച്ച ഓസ്ട്രിയന്‍ കിരീടാവകാശി ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡിന്‍റെ വധമാണ് ഒന്നാം ലോക മഹായുദ്ധത്തിന് കാരണഭൂതമായത്. ആദ്യ വധശ്രമം പരാജയപ്പെടുകയായിരുന്നു. ആ ശ്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം മടങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തെറ്റായ ദിശയില്‍ പ്രവേശിച്ചത് ഘാതകര്‍ക്ക് രണ്ടാമതൊരവസരം നല്‍കി. തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ ഒരു കോടി ജനങ്ങളുടെയെങ്കിലും ജീവനപഹരിച്ച ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചു.

മിക്കപ്പോഴും അപ്രതീക്ഷിതമായാണ് യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുക. ഒരു രാഷ്ട്രീയ നേതാവിന്റെ കണക്കുകൂട്ടിയുള്ള തീരുമാനങ്ങളാവില്ല പലപ്പോഴും അതിന് പിന്നില്‍.

ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ ഇരുഭാഗത്തെയും നേതാക്കള്‍ അനുവദിച്ചതിലൂടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിന്റെ സാധ്യതകള്‍ ഭീതിതമാവും വിധം അരികത്തെത്തിയിരിക്കുന്നു.

ബുധനാഴ്ച സംഭവിച്ചത്
വടക്കന്‍ കാശ്മീരിലെ മാച്ചില്‍ മേഖലയിലെ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതിന് – ഇവരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കപ്പെട്ടിരുന്നു- ‘കനത്ത തിരിച്ചടി’ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, നിയന്ത്രണരേഖയിലെ വിവിധ സ്ഥലങ്ങളിലുള്ള പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ബുധനാഴ്ച ആക്രമണം നടത്തി.

ഒരു ക്യാപ്റ്റനുള്‍പ്പെടെ മൂന്ന് സൈനികരെ തങ്ങള്‍ക്ക് ആക്രമണത്തില്‍ നഷ്ടമായെന്നും പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ നീലം വാലി റോഡില്‍ ഒരു ബസില്‍ ഇന്ത്യ ഉതിര്‍ത്ത ഷെല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ഒമ്പത് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്ഥാന്‍ പറഞ്ഞു. ക്യാപ്ടന്‍ തിമൂര്‍ അലി ഖാന്‍, ഹവില്‍ദാര്‍ മുഷ്താഖ് ഹുസൈന്‍, ലാന്‍സ് നായിക് ഗുലാം ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. മാച്ചില്‍, കെരന്‍, ഗുരെസ് മേഖലകളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യയും പാകിസ്ഥാനും വെടിയുതിര്‍ത്തു. കിഷന്‍ഗംഗ അണക്കെട്ട് പദ്ധതിക്ക് സമീപം ബോംബുകള്‍ പതിച്ചതിനെ തുടര്‍ന്ന്, തൊഴിലാളികള്‍ അവിടെയുള്ള തുരങ്കങ്ങളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി. കെന്‍സെല്‍വാന്‍, കുഫ്രി, മാലിക്‌പോറ ഗ്രാമങ്ങളില്‍ ഷെല്ലുകള്‍ പതിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ആക്രമണങ്ങളുടെ സാഹചര്യത്തില്‍, മുന്‍കൂട്ടി നിശ്ചയിക്കാത്ത ഹോട്ട്‌ലൈന്‍ ചര്‍ച്ചകള്‍ക്കായുള്ള പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൈനിക നടപടികളുടെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്, പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ ഷഹീര്‍ ഷംഷാദ് മിര്‍സയുമായി വൈകിട്ട് സംസാരിച്ചു.

പാക്കിസ്ഥാന്‍ ഭാഗത്തുള്ള നിയന്ത്രണരേഖയില്‍ ഉണ്ടായിട്ടുള്ള സിവിലിയന്‍ അപായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മേജര്‍ ജനറല്‍ മിര്‍സ ലഫ്റ്റനന്റ് ജനറല്‍ സിംഗിനെ ധരിപ്പിച്ചു. സിവിലിയന്മാര്‍ക്കുണ്ടായ അപായത്തില്‍ ഖേദം പ്രകടിപ്പിച്ച ലഫ്റ്റനന്റ് ജനറല്‍ സിംഗ്, പക്ഷെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള വെടിനിറുത്തല്‍ ലംഘനങ്ങള്‍ നടന്ന പ്രദേശങ്ങളെ മാത്രം ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികരും സിവിലയന്മാരും കൊല്ലപ്പെടാനിടയായ സാഹചര്യത്തിലുള്ള ആശങ്കയും ഡിജിഎംഒ പാകിസ്ഥാനെ അറിയിച്ചതായി മന്ത്രാലയം വിശദീകരിച്ചു.

നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമങ്ങളെയും ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്ന നടപടികളെയും പോലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, തന്റെ സേനയുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഹീനകൃത്യങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കാനും പാകിസ്ഥാന്‍ ഡിജിഎംഒയോട് ലഫ്റ്റനന്റ് ജനറല്‍ സിംഗ് ആവശ്യപ്പെട്ടു. സാധാരണനില കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ സിംഗ് മേജര്‍ ജനറല്‍ മിര്‍സയോട് പറഞ്ഞാതായി മന്ത്രാലയം വ്യക്തമാക്കുന്നു.

ബസിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി പാകിസ്ഥാന്‍ സൈന്യം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനായി ബസിനെ സമീപിച്ച ഒരു ആംബുലന്‍സിന് നേരെയും ആക്രമണമുണ്ടായതായും അതില്‍ പറയുന്നു. തങ്ങള്‍ നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും വച്ച് തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പാകിസ്ഥാന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ സിംഗിനെ അറിയിച്ചതായും കുറിപ്പ് വ്യക്തമാക്കുന്നു.

സൈനിക നീക്കം തടയുന്നതിനായി ഒരു മലയുടെ മുകളില്‍ നിന്നും റോഡിലേക്ക് വെടിവെക്കുന്നതിനിടെ അപ്രതീക്ഷിതമായി വളവ് തിരിഞ്ഞുവന്നതിനെ തുടര്‍ന്ന് ബസിന് ആകസ്മികമായി വെടിയേല്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങളും തങ്ങളുടെ പട്ടാളക്കാരും മൃതദേഹങ്ങള്‍ വികൃതമാക്കുന്ന പ്രക്രിയയും തുടരുന്നതിലുള്ള ഇന്ത്യയുടെ കടുത്ത പ്രതിഷേധം, ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പാകിസ്ഥാന്റെ ചുമതലയുള്ള) ഗോപാല്‍ ബാഗ്ലെ പാകിസ്ഥാന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തി അറിയിച്ചു.

വെടിനിറുത്തല്‍
നിരവധി യുദ്ധങ്ങള്‍ക്കും നൂറുകണക്കിനാളുകളുടെ ജീവനാശത്തിനും മിക്കവാറും എല്ലാ ദിവസവും അതിര്‍ത്തിയില്‍ നടന്ന പരസ്പര വെടിവെപ്പുകള്‍ക്കും ശേഷം, 2003 നവംബര്‍ 25ന് ഒരു ഔപചാരിക വെടിനിറുത്തല്‍ കരാറുണ്ടാക്കുന്നതില്‍ ഇന്ത്യയും പാകിസ്ഥാനും വിജയിച്ചു. എന്നാല്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അത് തകരുന്ന കാഴ്ചയാണ് കാണുന്നത്.

ഉറി ആക്രമണത്തെ തുടര്‍ന്ന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ റെയ്ഡ് നടത്തിയതിന് ശേഷം നടന്ന ആക്രമണ പരമ്പരയില്‍ അവസാനത്തേതാണ് നിയന്ത്രണരേഖയില്‍ വച്ച് മൂന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവം. സെപ്തംബര്‍ 28ന് നടന്ന മിന്നലാക്രമണത്തിന് ശേഷം സംഘര്‍ഷം ഗണ്യമായി വര്‍ദ്ധിക്കുകയും നവംബര്‍ 15 വരെ രേഖപ്പെടുത്തിയിട്ടുള്ള 279 വെടിവെപ്പുകളില്‍ ഇന്ത്യയ്ക്ക് 12 സൈനികരുടെയും 12 സിവിലിയന്മാരുടെയും ജീവന്‍ നഷ്ടമാവുകയും ചെയ്തു.

ഓരോ മാസത്തിന്റെയും അവസാനമാണ് ഔദ്യോഗിക കണക്കുകള്‍ സ്വരൂപിക്കപ്പെടുകയെങ്കിലും, പരസ്പര വെടിവെപ്പ് 300 കവിഞ്ഞതായും സൈനിക നഷ്ടങ്ങള്‍ 17 ആയി ഉയര്‍ന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സെപ്തംബര്‍ 28 വരെ ഇന്ത്യന്‍ ഭാഗത്തുള്ള നിയന്ത്രണ രേഖയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് മാത്രമല്ല നാലു തവണ മാത്രമാണ് പരസ്പരം ഏറ്റുമുട്ടലുകള്‍ നടന്നത്. 2008-ല്‍ തുടങ്ങിയ സംഘര്‍ഷം പടിപടിയായി വര്‍ദ്ധിച്ച ശേഷമുള്ള റിക്കോഡ് കുറവായിരുന്നു അത്.

രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് പാകിസ്ഥാന്‍ കൂപ്പുകുത്തുകയും പുതിയ സൈനിക മേധാവിയുടെ പേര് ഇനിയും പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ വ്യത്യസ്തമാണ്. കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂര്‍ണ നിയന്തണത്തിലാണ്. അതിനാല്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് അദ്ദേഹമാണ്.

 

This post was last modified on November 24, 2016 12:30 pm