X

യുദ്ധമല്ല പോംവഴി; അത് സ്വന്തം ജനതയോടുള്ള കാര്യത്തിലും ബാധകമാണ്

പ്രമോദ് പുഴങ്കര

 

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സൈന്യം പാകിസ്ഥാന്റെ അതിര്‍ത്തിക്കകത്ത് കടന്ന് നടത്തിയ മിന്നലാക്രമണം ഒരു ദേശീയാഘോഷമായാണ് സര്‍ക്കാരും സംഘപരിവാറും ദേശീയ മാധ്യമങ്ങളും കൊണ്ടാടുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കൊണ്ടുപോലും സൈന്യത്തിന് അഭിനന്ദനം പറയിപ്പിക്കുന്നു ഈ ഉന്മാദസൃഷ്ടി. വ്യാഴാഴ്ച്ച വൈകിട്ട് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാവരും സൈന്യത്തെ അഭിനന്ദിച്ചു. സര്‍ക്കാരിന് സകല പിന്തുണയും വാഗ്ദാനം ചെയ്തു. പതിവുപോലെ അര്‍ണബ് ഗോസ്വാമി പാകിസ്ഥാനെ ചുട്ടുകരിക്കാനുള്ള എളുപ്പവഴികള്‍ എല്ലാവര്‍ക്കും പറഞ്ഞുകൊടുത്തു.

 

ബിജെപി സര്‍ക്കാരിന്റെ തിരക്കഥയില്‍ എല്ലാ രാഷ്ട്രീയകക്ഷികളും മാത്രമല്ല ഒരു വലിയ വിഭാഗം ജനങ്ങളും വീണുപോയിരിക്കുന്നു. അതിന്റെ തോതെത്ര എന്നത് സംഘപരിവാര്‍ അളക്കുന്നത് അതിര്‍ത്തിയിലെ പടക്കം പൊട്ടിക്കല്‍ കഴിയുമ്പോള്‍ ശവപ്പെട്ടി എണ്ണിയല്ല, ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയാണ്. അക്കളി നേരത്തെ കണ്ടായിരിക്കണം പുതിയ ആക്രമണത്തിനു ശേഷമുള്ള പ്രതികരണത്തില്‍ ഇന്ത്യ പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ പിടിച്ചെടുക്കണമെന്ന്  മുലായംസിംഗ് യാദവ് ആവശ്യപ്പെട്ടത്.

 

ഇപ്പോള്‍ നടക്കുന്ന നാടകീയതകള്‍ക്കപ്പുറം ഈ സൈനിക നീക്കം നമ്മെ ആകുലപ്പെടുത്തേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹ്യ സംവാദങ്ങളെയും പൊതുവ്യവഹാരങ്ങളെയും സങ്കുചിത ദേശീയതയുടെ തൊഴുത്തില്‍ക്കെട്ടാന്‍ ഒറ്റ ദിവസം കൊണ്ട് ബിജെപിക്ക് കഴിഞ്ഞു എന്നതിലാണ്; അതിന്റെ ആയുര്‍ദൈര്‍ഘ്യം കണ്ടറിയണം എങ്കിലും. സകല ദേശീയ മാധ്യമങ്ങളും ഇന്ത്യന്‍ സേനയുടെ ധീരതയേയും കഴിവിനേയും പുകഴ്ത്തുന്നതില്‍ പരസ്പരം മത്സരിച്ചു. ഇതേ സേനയുടെ വ്യോമതാവളവും സൈനിക താവളവും ഭീകരന്‍മാര്‍ നുഴഞ്ഞുകയറി ആക്രമിച്ചപ്പോളും പുകഴ്ത്തിയിരുന്നു. സൈന്യം വിമര്‍ശനത്തിനതീതമായ രാജ്യസംരക്ഷകരായി മാറുകയാണ്. ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം സൈന്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അധികാരം നല്‍കി എന്നാണ്. അങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സൈന്യം വലിയ മിടുക്കുകള്‍ കാണിക്കും എന്നാണ് പറഞ്ഞുതരുന്നത്. ഇങ്ങനെ പറഞ്ഞ ഒരു രാജ്യമാണ് പാകിസ്ഥാന്‍. അവിടുത്തെ സൈന്യം പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണ്. സേനാ മേധാവിയാണ് പ്രധാനമന്ത്രിയേക്കാള്‍ അധികാരം കയ്യാളുന്നത് എന്നതാണ് പ്രായോഗികമായ അവസ്ഥ. ഇന്ത്യ ആ വഴിക്ക് എത്താനുള്ള സാധ്യത അടുത്തില്ലെങ്കിലും രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒരു പ്രത്യേക അനുപാതത്തില്‍ അധികാരം പങ്കിടുന്ന അവസ്ഥയുണ്ടായാല്‍ ജനാധിപത്യ സ്ഥാപനങ്ങളെ നിര്‍വ്വീര്യമാക്കാന്‍ അത് ധാരാളം മതി.

 

 

സേനയുടെ ഈ ആക്രമണം രാജ്യത്തിന്റെ അഭിമാനം വീണ്ടെടുത്ത പരിപാടിയായാണ് ബിജെപി അവതരിപ്പിക്കുന്നത്. അതിനു നേതൃത്വം നല്‍കിയ നരേന്ദ്ര മോദി ഉലകനായകനും ഭാരതവര്‍ഷത്തെ വീണ്ടെടുത്ത ധീരനും. അമിത് ഷാ അടക്കമുള്ള ബിജെപി നേതൃത്വം ഒരേ വാചകമാണ് ആവര്‍ത്തിക്കുന്നത്; ‘ഒരു പുതിയ, ശക്തിയാര്‍ജ്ജിച്ച ഇന്ത്യയുടെ ഉദയമാണിത്.’ ഇതേപോലുള്ള നേതാക്കള്‍ പാക്കിസ്ഥാനിലും ഉള്ളതിനാല്‍ നാളെ രണ്ടു വെടി ഇങ്ങോട്ട് വെച്ച് പത്ത് ഇന്ത്യന്‍ പട്ടാളക്കാരെ കൊന്നാല്‍ അവിടെ പാകിസ്ഥാനും ഉദിച്ചുയരും. ഒടുവില്‍ ഉപഭൂഖണ്ഡത്തില്‍ രാത്രിയില്ലാതാകും എന്നൊരപകടമുണ്ട്. ആണവശേഷിയുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ അപകടസാധ്യത മാത്രമല്ല ഇവിടെയുള്ളത്. പാകിസ്ഥാനുമായുള്ള സൈനികബലാബലത്തില്‍ ഇന്ത്യക്കുള്ള മുന്‍കൈ നഷ്ടമായത് രണ്ടാം പൊക്രാന്‍ പരീക്ഷണത്തെ തുടര്‍ന്ന് പാകിസ്ഥാനും ആണവശേഷി പ്രഖ്യാപിച്ചതോടെയാണ്. 

 

രാജ്യത്ത് ഹിന്ദുത്വ തീവ്ര ദേശീയതയുടെ ക്ഷുദ്രവികാരം ഇളക്കിവിടാനുള്ള ശ്രമം കുറെ നാളുകളായി സംഘപരിവാര്‍ നടത്തുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മറ്റ് ജനകീയ വിഷയങ്ങളെ അപ്രസക്തമാക്കാന്‍ അവര്‍ക്കിത് കത്തിച്ചു നിര്‍ത്തേണ്ടതുമുണ്ട്. അതുകൊണ്ടാണ് സൈന്യത്തിന്റെ ആക്രമണത്തെ ഉടന്‍ തന്നെ ഇന്ത്യയുടെ ഉദയവും മോദിയുടെ കരുത്തുമായി മാറ്റുന്നത്. സ്വാഭാവികമായും പാകിസ്ഥാന്‍ എന്നാല്‍ മുസ്ലീം എന്നും ഇന്ത്യന്‍ മുസ്ലീം എന്നാല്‍ പാകിസ്ഥാന്‍ അനുഭാവി എന്നുമുള്ള സങ്കല്‍പ്പം അടിച്ചേല്‍പ്പിക്കുന്ന സംഘപരിവാറിന്റെ അജണ്ടയ്ക്ക് ഇതില്‍പ്പരം ഒരു ഇന്ധനം കിട്ടാനുമില്ല.

 

തിരിച്ചറിയേണ്ട ഒരു കാര്യം ഭീകരവാദത്തിന്റെ ഏറ്റവും കനത്ത ആക്രമണം നേരിടുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്നത് കൂടിയാണ്. എന്നാല്‍ പാകിസ്ഥാനിലെ അധികാരകേന്ദ്രങ്ങളില്‍ പല തരത്തിലുള്ള താത്പര്യങ്ങളുണ്ട്. ആ രാജ്യത്തിന്റെ ഏറെക്കാലങ്ങളായുള്ള ദൌര്‍ബല്യം അതിന്റെ ജനാധിപത്യ സ്ഥാപനങ്ങള്‍, സൈനിക-മത യാഥാസ്ഥിതിക- സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ നിക്ഷിപ്ത താത്പര്യങ്ങളെ ഭേദിക്കാനാകാത്തവണ്ണം തകര്‍ന്നിരിക്കുന്നു എന്നതാണ്. അതിര്‍ത്തിയില്‍ തുടങ്ങി പലഹാരക്കടയും വിദ്യാലയങ്ങളും വരെ നടത്തുന്ന ഒരു സമാന്തര സര്‍ക്കാരായി സൈന്യവും ഏത് സര്‍ക്കാര്‍ വന്നാലും വല്ല്യേട്ടനായി യുഎസും ഉള്ളിടത്തോളം അതിന്റെ ജനാധിപത്യ വ്യവസ്ഥ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന മട്ടിലാണ്. പാകിസ്ഥാനും തെക്കനേഷ്യന്‍ മേഖലയും  ഇന്ന് നേരിടുന്ന ഈ ഭീകരവാദ പ്രതിസന്ധി പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ തീരുമാനങ്ങളുടെ മാത്രം പരിണിതഫലമല്ല എന്നതാണ് വസ്തുത. മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല സര്‍ക്കാരിനെ അട്ടിമറിക്കാനുമായി യുഎസ് തുടങ്ങിവെച്ച ആഭ്യന്തര യുദ്ധങ്ങളും മതതീവ്രവാദവുമാണ് ഭീമാകാരമായ രൂപത്തില്‍ ആളിക്കത്തിയും നീറിയും പുകഞ്ഞ് പാകിസ്ഥാനെയും ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെയും ഞെരുക്കുന്നത്. താരിഖ് അലി നിരീക്ഷിച്ചപ്പോലെ അമേരിക്ക ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു ഗര്‍ഭനിരോധന ഉറയാണ് പാകിസ്ഥാന്‍.

 

അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ എന്ന രാജ്യത്തെ ഒന്നായി ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് നടത്തുന്ന ആക്രമണം ഇന്ത്യയെ എങ്ങുമെത്താത്ത ഒരു വഴിയിലൂടെയാണ് കൊണ്ടുപോവുക. കാലങ്ങളായി ഇന്ത്യ കാണിക്കുന്ന നയതന്ത്ര പിഴവും ഇതാണ്. അത് പലപ്പോഴും ബോധപൂര്‍വമായ പിഴവുമാണ്. കാരണം പാകിസ്ഥാനിലെന്ന പോലെ ഇന്ത്യയിലും ഈ സംഘര്‍ഷത്തിന്റെ ഗുണഭോക്താക്കളുണ്ട്.

 

 

പാകിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്. പക്ഷേ അതിന് ഇന്ത്യക്കുള്ള ഏറ്റവും വലിയ തടസം കാശ്മീര്‍ പ്രശ്നമാണ്. കാരണം പാകിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും കാശ്മീര്‍ പോരാട്ടത്തിനുള്ള പിന്തുണ പിന്‍വലിക്കാനാകില്ല. ഇന്ത്യയാകട്ടെ കാശ്മീര്‍ വിഷയത്തില്‍ ആഭ്യന്തരമായി കടുത്ത അടിച്ചമര്‍ത്തല്‍ നിലപാടുകളാണ് എടുക്കുന്നതും. കാശ്മീരിലെ ജനങ്ങളുമായി ഇന്ത്യന്‍ ഭരണകൂടം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുകയും അതില്‍ ചില ഘട്ടങ്ങളില്‍ പാകിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പങ്കാളിയാക്കുകയും വേണം. ആഭ്യന്തര പ്രശ്നമെന്ന കുഴിയില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നു കാലം വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കാശ്മീരിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുക, സായുധ സേന പ്രത്യേക സംരക്ഷണ നിയമം എടുത്തുകളയുക തുടങ്ങിയ ആദ്യഘട്ട നടപടികള്‍ എടുത്തുകൊണ്ട് മുന്നോട്ടുപോയാലേ ഇത് സാധ്യമാകൂ. ആയിരക്കണക്കിന് കാശ്മീരികളെ വെടിവെച്ചുകൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും സ്വന്തം ഭൂമിയില്‍ കാശ്മീരിയെ അന്യനാക്കിയും ഭരണകൂടവും അതിന്റെ സൈന്യവും നടത്തുന്ന നരനായാട്ടുകള്‍ അവസാനിപ്പിക്കാതെ ഭീകരവാദത്തെക്കുറിച്ചുള്ള ധാര്‍മികരോഷത്തിന് നിലനില്‍പ്പില്ല.

 

ഇതൊന്നും പാകിസ്ഥാനെ ഒരു മാടപ്രാവാക്കുന്നില്ല എന്നുകൂടി പറയണം. ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് അതിന്റെ സൈന്യത്തിന് കിട്ടുന്ന വിദേശ സാമ്പത്തിക സഹായത്തിന്റെ പുറത്താണ് എന്നുവന്നാല്‍ എന്തു സംഭവിക്കും എന്ന്‍ പാകിസ്ഥാന്‍ തെളിയിക്കുന്നു. ശീതയുദ്ധകാലത്ത് മേഖലയില്‍ സോവിയറ്റ് അനുകൂലരാഷ്ട്രമായ ഇന്ത്യക്ക് ബദലായാണ് യുഎസ് പാകിസ്ഥാനെ ആദ്യം ആയുധമാണിയിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനിലെ മുജാഹിദ്ദീനുകളും പിന്നാലേ ഒസാമ ബിന്‍ ലാദനും താലിബാനുമൊക്കെ യുഎസ് സഹായം പാകിസ്ഥാന്‍ വഴി കൈപ്പറ്റി. ഇറാഖ് അധിനിവേശത്തിനു ശേഷം പശ്ചിമേഷ്യയില്‍ യുഎസിന്റെ വാണിജ്യതാത്പര്യങ്ങളും ഭൌമരാഷ്ട്രീയ താത്പര്യങ്ങളും കൂടുതല്‍ സങ്കീര്‍ണതകളില്‍ അകപ്പെട്ടതോടെ യുഎസിനെ സംബന്ധിച്ച് പാകിസ്ഥാന്‍ ബാധ്യതയാവുകയാണ്. എന്നാല്‍ ശീതയുദ്ധ ബാക്കിയായ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷവും യാഥാസ്ഥിതിക ഇസ്ളാമിക തീവ്രവാദവും അതിന്റെ പശ്ചിമേഷ്യയിലേക്കുള്ള വ്യാപനവുമെല്ലാം പാകിസ്ഥാനെ തന്ത്രപരമായ ഒരു പ്രത്യേക ഭൌമരാഷ്ട്രീയ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു. അതുകൊണ്ട് പുറമേക്ക് എത്ര തന്നെ അസംതൃപ്തി നടിച്ചാലും പാകിസ്ഥാനിലെ സൈനിക സംവിധാനത്തെ ആശ്രയിക്കാതെ തത്ക്കാലത്തേക്ക് യുഎസിന് നിവൃത്തിയില്ല.

 

ആഭ്യന്തര രാഷ്ട്രീയത്തിന്റെ വിപണിമൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ നടക്കുന്ന അഭ്യാസങ്ങള്‍ ഭീകരവാദ ഭീഷണിയുടെ കാര്യത്തില്‍ പ്രത്യേകിച്ചു ഒരു ഫലവും ഉണ്ടാക്കാന്‍ പോകുന്നില്ല. അതിന്റെ പ്രധാന കാരണം ഭീകരവാദത്തെ സൈനികമായി മാത്രം എതിരിടാനാകില്ല എന്നതാണ്. അത് നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നവുമല്ല. തീര്‍ച്ചയായും സുരക്ഷാ സാഹചര്യങ്ങള്‍ ശക്തമാക്കുക എന്നത് ചില ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഭീകരവാദം ഒരു ചട്ടക്കൂടുള്ള, ശ്രേണീബദ്ധമായ സൈന്യമല്ല. അതിനു നിയമങ്ങളും വ്യവസ്ഥകളുമില്ല. അതിനാരോടും ഉത്തരം പറയണ്ട. അതൊരുതരത്തില്‍ അരൂപിയാണ്. അതുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പല നഗരങ്ങളില്‍ തുരത്താന്‍ കഴിഞ്ഞാലും ഭീകരവാദം അവസാനിക്കാത്തത്; അത് ബാഗ്ദാദിലും മൊസൂളിലും ഇസ്താംബൂളിലും കാബൂളിലും പാരീസിലും ചാവേറുകളായി പൊട്ടിത്തെറിക്കുന്നത്.

 

ഈ ഭീകരവാദത്തെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച, ഉപഭൂഖണ്ഡത്തെ നിരന്തരമായി സംഘര്‍ഷത്തില്‍ നിര്‍ത്തിയ യുഎസിനെയാണ് ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ഗുരുവായി സ്വീകരിച്ചിരിക്കുന്നത് എന്നത് കൌതുകകരമാണ്. ഒരേ സമയം യുഎസില്‍ നിന്നും ചൈനയില്‍ നിന്നും അനുകൂലമായ സാമ്പത്തിക-സൈനിക സഹായങ്ങള്‍ സ്വീകരിക്കുന്ന ഒരു നില പാകിസ്ഥാന് ഇപ്പോഴും ഉണ്ടുതാനും. അയല്‍ബന്ധങ്ങളില്‍ ഇത്രമാത്രം പിഴവുകള്‍ വരുത്തിയ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കാനും വയ്യ.

 

 

എന്തായാലും ആഭ്യന്തര രാഷ്ട്രീയത്തില്‍ മോദിയുടെ തന്ത്രം തത്ക്കാലത്തേക്കെങ്കിലും ഫലിച്ചു എന്നുപറയാം. അതിനു കാരണം ഫാഷിസത്തിനെതിരെ, ഹിന്ദുത്വ ദേശീയതക്കെതിരെ എന്ന് പറയുമ്പോഴും ക്ഷുദ്ര ദേശീയതയുടെ മനോവൈകല്യങ്ങളില്‍ നിന്നും പുറത്തുകടക്കാനാകാത്ത രാഷ്ട്രീയ കക്ഷികളാണ് മിക്കവയും. ഇന്ത്യയിലെ ജനങ്ങളോട് നിരന്തരമായി, കാലങ്ങളായി യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടമാണ് ഈ രാജ്യത്തുള്ളത്. അതിന്റെ ഉപദേശീയതകളുമായി, ദരിദ്രരുമായി, തൊഴിലാളികളുമായി, ന്യൂനപക്ഷങ്ങളുമായി ഇന്ത്യന്‍ ഭരണകൂടം നിരന്തര യുദ്ധത്തിലാണ്. കഴിഞ്ഞ ദിവസമാണ് ബസ്തറില്‍ രണ്ടു കൌമാരക്കാരായ കുട്ടികളെ മാവോവാദി വേട്ടയുടെ പേരില്‍ അര്‍ദ്ധസൈനികര്‍ വീട്ടുകാരുടെ മുന്നില്‍ നിന്നും പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഭരണകൂടഭീകരതയുടെ ആദ്യ ആദിവാസി ഇരകളല്ല ആ കുട്ടികള്‍. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ കൊള്ളക്കായി ഇന്ത്യ മുഴുവന്‍ ഈ വേട്ട നടക്കുകയാണ്. ഈ ഭരണകൂട ഭീകരതയും ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ സംഘങ്ങളും തമ്മിലുള്ള വ്യത്യാസം രണ്ടാമത്തെ കൂട്ടരേക്കാള്‍ പതിന്‍മടങ്ങ് സായുധരും അധികാരവകാശങ്ങളോട് കൂടിയതുമാണ് ഭരണകൂട ഭീകരത എന്നതാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും കിട്ടാതെ കൊല്ലപ്പെടുന്ന, പട്ടിണി കിടന്നു മരിക്കുന്ന, പോഷകാഹാരക്കുറവ് കൊണ്ട് ജന്മം മുരടിച്ചു പോകുന്ന, വിദ്യാഭ്യാസം ലഭിക്കാത്ത, ഏറ്റവും കുറഞ്ഞ ആരോഗ്യ പരിരക്ഷ പോലും ലഭിക്കാത്ത മനുഷ്യനോ നിഴലുകളോ എന്നു സ്വയം ഉറപ്പില്ലാത്ത കോടിക്കണക്കിനു മനുഷ്യരുള്ള രാജ്യത്ത്, അവരെ നിരന്തരം ആക്രമിക്കുന്ന ഒരു ഭരണകൂടം ഇതാ പുതിയൊരിന്ത്യ ഉദയം ചെയ്തു എന്നു പറയുമ്പോള്‍ ഇത് ഞങ്ങളുടെ രാജ്യമല്ല എന്നാണ് ഉറക്കെ പറയേണ്ടത്. ഞങ്ങളുടെ പേരില്‍ വേണ്ട  ഈ ആക്രോശം എന്നാണ് പറയേണ്ടത്. അതിനുപകരം യുദ്ധവെറിയെ ദേശീയതാത്പര്യമായി അവതരിപ്പിക്കുമ്പോള്‍ അതിനെ അഭിനന്ദിക്കുന്ന രാഷ്ട്രീയം എന്തൊക്കെയായാലും ജനപക്ഷത്തല്ല.

 

ഫാഷിസം എങ്ങനെയൊക്കെ വരാം, ഇങ്ങനെയും വരാം എന്ന തര്‍ക്കത്തില്‍ ഈ ഒരു ലക്ഷണം കൂടിയുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന്. ആഭ്യന്തര ശത്രുവും വൈദേശിക ശത്രുവും തീര്‍പ്പാവുകയും ധീരനായ നേതാവിന് സര്‍വകക്ഷി അനുമോദനം കിട്ടുകയും ചെയ്ത സ്ഥിതിക്ക് അടുത്ത രംഗം തയ്യാറാവും. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയതിനുശേഷം പ്രസിഡണ്ട് ഏര്‍ദുഗാന്‍ നടത്തിയ ജനാധിപത്യവേട്ടക്കു മുമ്പും ഗതികെട്ട പ്രതിപക്ഷത്തിന്റെ പിന്തുണയുടെയും നിശബ്ദതയുടെയും അകമ്പടിയുണ്ടായിരുന്നു.

 

പട്ടാളക്കാര്‍ മരിക്കും എന്നത് മാത്രമല്ല ഒരു യുദ്ധത്തെ ഭീകരമാക്കുന്നത്. അത് മനുഷ്യരെ സ്വന്തം ജീവിതത്തിനും ഭാവിക്കും മുകളില്‍ നിയന്ത്രണമില്ലാത്ത വെറും ചലനരൂപങ്ങളാക്കും എന്നതുകൊണ്ടാണ്. മോദിക്ക് വേണ്ടത് യുദ്ധമല്ല, അയാളതിന് ആഗ്രഹിക്കുന്നുമില്ല. യുദ്ധഭീതിയും യുദ്ധവെറിയുമാണ് അയാള്‍ക്കു വേണ്ടത്, സംഘപരിവാറിന് വേണ്ടത്. ഭയവും ഉന്മാദവും ചേരുമ്പോള്‍ ജനം ഉനയിലെ ദളിത പീഡനം മറക്കണം, തൊഴിലാളികളുടെ കുറഞ്ഞ കൂലി പ്രശ്നം മറക്കണം, കള്ളപ്പണം തിരികെയെത്തിക്കാത്ത ബഡായി മറക്കണം, കോര്‍പ്പറേറ്റുകള്‍ക്കായി നടത്തുന്ന കൊള്ള മറക്കണം, ആദിവാസി വേട്ട മറക്കണം, തീവണ്ടിക്കൂലി കുത്തനെ ഉയര്‍ത്തിയ പകല്‍ക്കൊള്ള മറക്കണം, രാഷ്ട്രീയ ഭിന്നത മറക്കണം. എന്നിട്ട്  അതിര്‍ത്തിയില്‍ പൊട്ടുന്ന ഓരോ വെടിയിലും ജനം നിര്‍വൃതി കൊള്ളണം. ഓരോ വെല്ലുവിളിയിലും ആള്‍ക്കൂട്ടം ആറാപ്പുവിളിക്കണം. ഒരു ഒളിഞ്ഞുനോട്ടക്കാരനെപ്പോലെ ഉറക്കം തൂങ്ങിയ കണ്ണുമായി, താക്കോല്‍പ്പഴുതിലൂടെ ഭരണകൂടം കാണിച്ചുതരുന്ന യുദ്ധഭോഗങ്ങളില്‍ ശീഘ്രസ്ഖലിതരായി, സ്വപ്നാടനം നടത്തുന്ന ജനതയെ ഭരിക്കാന്‍ എളുപ്പമാണ്; കൊല്ലാനും.

 

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on September 30, 2016 4:06 pm