X

ഇന്ത്യ ക്ലസ്റ്റർ ബോംബ് പ്രയോഗിക്കുന്നെന്ന ആരോപണം ആവർത്തിച്ച് ഇമ്രാൻ ഖാൻ; യുഎന്നിന്റെ ശ്രദ്ധ പതിയണമെന്നും ആവശ്യം

ഇന്റലിജന്‍സ് തലവന്മാരുടെ യോഗം വിളിച്ച് അമിത് ഷാ

നിയന്ത്രണരേഖയ്ക്കപ്പുറം താമസിക്കുന്ന സാധാരണക്കാർക്കു നേരെ ഇന്ത്യ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുകയാണെന്ന ആരോപണം ആവർത്തിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞദിവസം പാകിസ്താൻ സൈന്യം നടത്തിയ ആരോപണമാണ് ഇന്ത്യ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നുവെന്നത്. എന്നാല്‍ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നുവെന്ന പാക് സൈന്യത്തിന്റെ ആരോപണം ഇന്ത്യ ശനിയാഴ്ച തന്നെ തള്ളിയിരുന്നു. പാകിസ്താൻ നുണ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

മാനുഷികതയ്ക്കും, ഇരുരാജ്യങ്ങളും ഏർപ്പെട്ടിട്ടുള്ള ഉടമ്പടികൾക്കും എതിരാണ് നിയന്ത്രണരേഖയിലെ ആക്രമണമെന്ന് ഇമ്രാൻ ഖാൻ പറയുന്നു. ഇന്ത്യ അന്തർദ്ദേശീയ നിയമങ്ങള്‍ ലംഘിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ ഈ സംഭവത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത് അന്തർദ്ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനത്തിന് ഇന്ത്യയുടെ നടപടി വലിയൊരു തിരിച്ചടിയാണെന്ന് ഇമ്രാൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർ‌ഡർ ആക്ഷൻ ടീം (BAT) അംഗങ്ങൾ നുഴഞ്ഞു കയറുകയും ഇതിനെ പരാജയപ്പെടുത്തുകായും ചെയ്തുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും ഇന്ത്യ പുറത്തു വിട്ടിട്ടുണ്ട്. ഈ മൃതദേഹങ്ങൾ പാകിസ്താന് എടുത്തു കൊണ്ടു പോകാമെന്നും ഇതിനായി അതിർത്തി കടന്നെത്തുമ്പോൾ കൈയിൽ വെള്ളപ്പതാക ഉണ്ടായിരിക്കണമെന്നും ഇന്ത്യൻ സൈന്യം നിർദ്ദേശിച്ചിട്ടുണ്ട്.

ഇമ്രാൻ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ട്. പാകിസ്താനിലെ രാഷ്ട്രീയ കക്ഷികൾ ഒരുമിച്ചു നിൽക്കണമെന്നും ഐക്യത്തിന്റെ സന്ദേശം ഇന്ത്യക്ക് നൽകണമെന്നും പാക് പ്രധാനമന്ത്രിയുടെ വിവരവിനിമയകാര്യങ്ങളിൽ സഹായിക്കുന്ന മന്ത്രി ഡോ. ഫിർദോസ് ആഷിഖ് അവാൻ പറഞ്ഞു.

ഇന്ത്യയുടേത് വെറും പ്രചാരണം മാത്രമാണെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അവകാശപ്പെട്ടിരുന്നു. കാശ്മീരിലെ സ്ഥിതി സംബന്ധിച്ചുള്ള ലോകത്തിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്റലിജന്‍സ് തലവന്മാരുടെ യോഗം വിളിച്ചതായി റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ ചീഫ് അർവിന്ദ് കുമാർ, റോയുടെ സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൂപ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പാകിസ്താന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) അധിനിവേശ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവയിൽ ചിലതിനെ പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിക്കുകയുണ്ടായി. ജൂലായ് 31-ന് കേരന്‍ സെക്ടറിലാണ് ബാറ്റ് ആക്രമണ ശ്രമം നടത്തിയത്. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ബാറ്റ് ആക്രമണ ശ്രമം നടത്തിയതായി ആര്‍മി പറയുന്നു. ഇന്ത്യ ബോഫോഴ്‌സ് പീരങ്കികള്‍ കൊണ്ട് പ്രത്യാക്രമണം നടത്തി.

Also Read: എങ്ങനെയാണ് കാശ്മീര്‍ പ്രശ്‌നം ഇങ്ങനെ കുഴഞ്ഞുമറിഞ്ഞത്? ചരിത്രം പറയുന്നതിതാണ്