X

ടിആര്‍എസ്സില്‍ ചേരാനുള്ള എംഎല്‍എമാരുടെ അപേക്ഷ സ്പീക്കര്‍ അംഗീകരിച്ചു; തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് പ്രതിപക്ഷസ്ഥാനം നഷ്ടമായി

ലോകസഭാതെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി ഏറ്റ തിരിച്ചടിക്കു പിന്നാലെയാണ് തെലങ്കാനയില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്.

തെലങ്കാനയിലെ 18 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ 18 പേര്‍ ടിആര്‍എസ്സില്‍ ചേര്‍ന്ന സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ്സ് രംഗത്തു വന്നു. ജനാധിപത്യത്തെ പട്ടാപ്പകല്‍ കൊല ചെയ്യുകയാണ് എംഎല്‍എമാരും ടിആര്‍എസ്സും ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് പവന്‍ ഖേര പറഞ്ഞു. ജനങ്ങള്‍ ഇതൊരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഢി അടക്കമുള്ളവരാണ് ടിആര്‍എസ്സില്‍ ചേര്‍ന്നിരിക്കുന്നത്.

അതെസമയം ടിആര്‍എസ്സില്‍ ചേരാനുള്ള എംഎല്‍എമാരുടെ അപേക്ഷ സ്പീക്കര്‍ പി ശ്രീനിവാസ് റെഡ്ഢി സ്വീകരിച്ചു. ഈ എംഎല്‍മാര്‍ക്ക് നിയമസഭയില്‍ ടിആര്‍എസ് അംഗങ്ങളോടൊപ്പം സീറ്റുകള്‍ സ്പീക്കര്‍ അനുവദിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തെലങ്കാന രാഷ്ട്രസമിതിയില്‌‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഈ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ എണ്ണം 12 ആയി ചുരുങ്ങി.

അതെസമയം, തെലങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയിട്ട് വാങ്ങുകയാണെന്ന് കോണ്‍ഗ്രസ്സില്‍ ബാക്കിയുള്ള നേതാക്കള്‍ ആരോപണമുയര്‍ത്തി. എന്നാല്‍ തങ്ങള്‍ക്ക് ആരും പണം തന്നിട്ടില്ലെന്നും കെ ചന്ദ്രശേഖരറാവുവിന്റെ ‘കാഴ്ചപ്പാടില്‍ ആകൃഷ്ടരായാ’ണ് പാര്‍ട്ടി മാറുന്നതെന്നും എംഎല്‍എമാര്‍ പറഞ്ഞു.

തങ്ങള്‍ പന്ത്രണ്ടു പേരും കെസിആറിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്സിനെ തെലങ്കാന രാഷ്ട്രസമിതിയില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എമാരിലൊരാളായ ഗന്ദ്ര വെങ്കട രമണ റെഡ്ഢി പറഞ്ഞു.

ഇതിനു പിന്നാലെ കഴിഞ്ഞവര്‍ഷം ടിആര്‍എസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന തണ്ടൂര്‍ എംഎല്‍എ രോഹിത് റെഡ്ഢി തിരിച്ചെത്തിയേക്കുമെന്നും കേള്‍ക്കുന്നുണ്ട്.

ലോകസഭാതെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി ഏറ്റ തിരിച്ചടിക്കു പിന്നാലെയാണ് തെലങ്കാനയില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ 17 സീറ്റില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ്സ് വിജയിച്ചിരുന്നു.

എംഎൽഎമാരുടെ നീക്കം കോൺഗ്രസിന് നിയമസഭയിൽ പ്രതിപക്ഷനേതൃപദവി പോലും നഷ്ടപ്പെടുത്തിയേക്കും. 18-ൽ 12 പേരും കൊഴിഞ്ഞുപോയതോടെ അംഗസംഖ്യ ആറായി ചുരുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴംഗങ്ങളുണ്ടെന്നിരിക്കെയാണ് ഇത്. ബിജെപിക്ക് ഒരു സീറ്റുമുണ്ട്.

അതിനിടെ ലയന ആവശ്യം മുന്നോട്ട് വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നതും കോൺഗ്രസിന് തിരിച്ചടിയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും മറ്റൊന്നിൽ ചേർന്നാൽ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കൽപിക്കാനാകില്ലെന്ന വ്യവസ്ഥയാണ് തിരിച്ചടിയാവുന്നത്. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ്സ് അധികാരത്തിലെത്തിയത്.

This post was last modified on June 7, 2019 10:13 am