ജമ്മു കാശ്മീരിന്റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്റർനെറ്റ്, മറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടുമില്ല. ജനങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം കരുതൽ തടങ്കലിൽ തുടരുകയാണ്. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിലെത്തുകയും ജനങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. കശ്മീരിലെ ജനങ്ങളിൽ ചിലരുമായും സൈനികരുമായും അദ്ദേഹം സംസാരിച്ചു.
അതെസമയം മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് കശ്മീരിലെത്തും. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം സംവദിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തെ ശ്രീനഗറിൽ നിന്നും തിരിച്ചയയ്ക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന.
മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പിഡിപി എംപിമാരോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. വീട്ടുതടങ്കലില്‍നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നതിനിടെയാണ് എം പിമാര്‍ക്ക് രാജിവെയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. പിഡിപിയ്ക്ക് രണ്ട് രാജ്യസഭ എംപിമാരാണുള്ളത്. കാശ്മീര്‍ വിഭജനത്തിനായുള്ള ബില്ല് അവതരിപ്പിച്ചപ്പോള്‍ എം പിമാരായ മിര്‍ ഫായസും നാസിര്‍ അഹമ്മദ് ലാവെയും ഭരണഘടന കീറി കളയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ രണ്ടുപേരെയും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഭയില്‍നിന്ന് വാച്ച് ആന്റ് വാര്‍ഡ് നീക്കം ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ നേതൃത്വം എല്ലാം സൈനികരുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണെന്ന് അജിത് ഡോവൽ സൈനികരോട് സംസാരിക്കവെ വ്യക്തമാക്കി. സൈന്യത്തിന്റെ ശേഷിയിലും മൂല്യബോധത്തിലും രാജ്യം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോപിയാൻ ജില്ലയിലാണ് അജിത് ഡോവൽ സന്ദർശനം നടത്തിയത്. കശ്മീരിലെ ഭീകരപ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഇടമാണിത്. അതിനിടെ നാനൂറോളം പേരെ ഇന്നലെ സുരക്ഷ സൈന്യം കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ കോളെജ് അധ്യാപകനും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും വിഘടന വാദ സംഘടനകളിലും പെട്ട ആളുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ സൈന്യം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ 17 കാരന്‍ ഝലം നദിയില്‍ ചാടി മരിച്ചു.
അതെസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടന്ന മാർച്ച് 27നാണ് അവസാനമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ അതിനു മുമ്പായി നടക്കുന്ന ഈ പ്രസംഗം കശ്മീർ സംബന്ധിയാണെന്നത് ഏതാണ്ട് ഉറപ്പാണ്. കാശ്മീർ വിഭജനത്തെയും ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെയും എതിർത്ത് പാകിസ്താനും ചൈനയും രംഗത്തു വന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നതും പ്രധാനമാണ്.
This post was last modified on August 8, 2019 11:39 am
Leave a Comment