X

ചാവേറാക്രമണം നടന്ന പള്ളികൾ മോദി സന്ദർശിച്ചു; ഐഎസ്സുമായി ബന്ധമുള്ള 5 ശ്രീലങ്കൻ നമ്പരുകൾ എൻഐഎ കൈമാറി

ഭീകരാക്രമണം നടത്തിയ ചാവേറുകളുടെ കുടുംബവുമായി ബന്ധപ്പെട്ട ചില ഇന്ത്യാക്കാരുടെ കോൾ വിവരങ്ങൾ ശ്രീലങ്കയ്ക്ക് കൈമാറിയിട്ടുണ്ട്.

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണം നടന്ന ക്രിസ്ത്യൻ പള്ളി സെയ്ന്റ് അന്തോണീസ് ചർച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഇന്ന് രാവിലെയാണ് മോദി ശ്രീലങ്കയിലെത്തിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള മോദിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം കണക്കാക്കപ്പെടുന്നുണ്ട്.

ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് മോദിയെ സ്വീകരിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ദ്വീപരാഷ്ട്രം മോദിയുടെ സന്ദർശനത്തെ നോക്കിക്കാണുന്നത്. രാജ്യം സാധാരണ നില പ്രാപിച്ചുവെന്ന സന്ദേശം ലോകത്തിന് നൽകാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ട്. രാജ്യത്തേക്ക് ടൂറിസ്റ്റുകളുടെ വരവ് കുത്തനെ ഇടിഞ്ഞ സ്ഥിതിയാണുള്ളത്. ടൂറിസത്തെ ആശ്രയിച്ചാണ് ശ്രീലങ്കൻ സാമ്പത്തിക വ്യവസ്ഥ വലിയൊരളവ് ഉപജീവിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള യാത്രകളും നിരോധിക്കപ്പെട്ടിരിക്കുകയാണ്. മോദി തന്റെ സന്ദർശനത്തിനു പിന്നാലെ ഈ വിലക്ക് നീക്കുമെന്ന് ശ്രീലങ്ക പ്രതീക്ഷിക്കുന്നുണ്ട്.

മേഖലയില്‍ ഭീകരത ഒരു പൊതുപ്രശ്നമാണെന്നും അതിനെ അടിച്ചമർത്താൻ ഒരുമിച്ചു നിൽക്കേണ്ട ആവശ്യകതയുണ്ടെന്നും ഉറപ്പിക്കാൻ ഈ സന്ദർഭം പ്രധാനമന്ത്രി പ്രയോജനപ്പെടുത്തും.

അതിനിടെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് ശ്രീലങ്കക്കാരുടെ ഫോൺ നമ്പര്‍ അടക്കമുള്ള വിവരങ്ങൾ ഇന്ത്യയുടെ ദേശീയാന്വേഷണ ഏജൻസി ശ്രീലങ്കൻ അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭീകരാക്രമണം നടത്തിയ ചാവേറുകളുടെ കുടുംബവുമായി ബന്ധപ്പെട്ട ചില ഇന്ത്യാക്കാരുടെ കോൾ വിവരങ്ങൾ ശ്രീലങ്കയ്ക്ക് കൈമാറിയിട്ടുണ്ട്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ശ്രീലങ്കയിലെത്തിയിരുന്നു. ഇന്ത്യയിലെ ഐസിസ് ബന്ധമുള്ളവരെന്ന് സംശയിക്കുന്ന ചിലരുമായി നിരന്തര ബന്ധം പുലർത്തിയ ശ്രീലങ്കക്കാരുടെ പേരുവിവരങ്ങളാണ് എൻഐഎ കൈമാറിയിട്ടുള്ളത്. അതെസമയം ഈ നമ്പരുകൾ ഈസ്റ്റർദിന ബോംബിങ് നടത്തിയവരുമായി ബന്ധപ്പെട്ടവയാണോയെന്നത് വ്യക്തമല്ല.