X

സാംസ്കാരിക പ്രമുഖരുടെ കത്ത് മോദിയെ മോശമായി ചിത്രീകരിക്കാൻ: മറുപടിക്കത്തുമായി കങ്കണ റണാവത്തും കൂട്ടരും

മോദി സർക്കാരിനെക്കുറിച്ച് തെറ്റായ ആഖ്യാനം നിർമിക്കാനാണ് കത്ത് ശ്രമിക്കുന്നതെന്ന് കങ്കണയും കൂട്ടരും ആരോപിക്കുന്നു.

അപകടകരമാം വിധം വളർന്നു വരുന്ന വിദ്വേഷത്തെ നേരിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ ചായ്‌വുള്ള സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശ്യമെന്ന് കങ്കണ പറഞ്ഞു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പു വെച്ചിരിക്കുന്നത്. ഇതിൽ നടി കങ്കണ റണാവത്ത്. മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, സോനാൽ മാൻസിങ് തുടങ്ങിയവര്‍ ഒപ്പു വെച്ചവരിലുൾപ്പെടുന്നു. നർത്തകിയായ സോനാല്‍ മാൻസിങ് ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്.

പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയവരെ ‘രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷകർ’ എന്നാണ് സെലിബ്രിറ്റികളുടെ കത്ത് വിശേഷിപ്പിക്കുന്നത്. അർപ്പണ സെൻ, അടൂര്‍ ഗോപാലക‍ൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, രാമചന്ദ്ര ഗുഹ, കൊങ്കണ സെൻ, അനുരാഗ് കശ്യപ്, ശുഭ മുദ്ഗൽ തുടങ്ങിയവരാണ് വിദ്വേഷ മനോഭാവം വർധിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ശ്രീരാമദേവന്റെ പേരു പറഞ്ഞ് ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. “രാമൻ രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തിന് പവിത്രമായ നാമമാണ്. രാമന്റെ സൽപ്പേര് നശിപ്പിക്കുന്നത് അവസാനിപ്പിക്കണം,” സാംസ്കാരിക പ്രമുഖരുടെ കത്ത് പറഞ്ഞു. ഈ കത്തിനെ എതിർത്താണ് സംഘപരിവാർ അനുകൂലികളായ സാംസ്കാരിക പ്രവര്‍ത്തകരുടെ മറുപടിക്കത്ത് വന്നിരിക്കുന്നത്.

മോദി സർക്കാരിനെക്കുറിച്ച് തെറ്റായ ആഖ്യാനം നിർമിക്കാനാണ് കത്ത് ശ്രമിക്കുന്നതെന്ന് കങ്കണയും കൂട്ടരും ആരോപിക്കുന്നു. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ് കത്തെഴുതിയിട്ടുള്ളത്. കശ്മീരിലെ ഭീകരവാദത്തെക്കുറിച്ചും നക്സലിസത്തെക്കുറിച്ചും മിണ്ടാതിരുന്നവരാണ് കത്തെഴുതിയിരിക്കുന്നതെന്നും മറുപടിക്കത്ത് ആരോപിക്കുന്നു.

പ്രധാനമന്ത്രിക്കുള്ള കത്തിൽ ഒപ്പിട്ടതിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ കേരളത്തിലെ ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത് വാർത്തയായിരുന്നു.