X

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രേഷ്ഠമായ ഒരധ്യായം അവസാനിച്ചിരിക്കുന്നു; സുഷമയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രേഷ്ഠമായ ഒരധ്യായം അവസാനിച്ചിരിക്കുന്നുവെന്നാണ് സുഷമയുടെ വിടവാങ്ങലിനെ പ്രധാനമന്ത്രി രേഖപ്പെടുത്തുന്നത്. തന്റെ ജീവിതം സാമൂഹ്യസേവനത്തിനും പാവപ്പെട്ട മനുഷ്യരുടെ ജീവിതോന്നമനത്തിനുമായി സമര്‍പ്പിച്ച സവിശേഷയായ രാഷ്ട്രീയ നേതാവായിരുന്നു സുഷമയെന്നും അവരുടെ വിയോഗത്തില്‍ ഇന്ത്യ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു നേതാവ് കൂടിയായിരുന്നു സുഷമ സ്വരാജ് എന്നും തന്റെ മുന്‍ സഹപ്രവര്‍ത്തകയെ പ്രധാനമന്ത്രി മോദി വിശേഷിപ്പിക്കുന്നു.

ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച സുഷമ അവിടെ വച്ചായിരുന്നു മരണത്തിന് കീഴടങ്ങുന്നത്. ഒന്നാം നരേന്ദ്ര മോദി മന്ത്രി സഭയില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത സുഷമ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടത്തില്‍ പ്രഥമഗണനീയയാണ്. ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് സുഷമ. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്വയം മാറി നില്‍ക്കാനും സുഷമ തയ്യാറായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കും അവര്‍ വിധേയായിരുന്നു.

‘ഞാനെന്റെ ജീവിതത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; സുഷമയുടെ ട്വീറ്റ്, പിന്നാലെ മരണവും