X

ആര്‍ എസ് എസിന്റെ ഈ ധ്രുവീകരണ ആയുധമേറ്റ് പ്രതിപക്ഷ ഐക്യം തകരുമോ?

മധ്യപ്രദേശിലുണ്ടായ ഈ തിരിച്ചടിയെ വളരെ ഗൗരവത്തോടെയാണ് ആർഎസ്എസ് കണ്ടത്. ബിജെപിക്കു മേൽ ശക്തമായ സമ്മർദ്ദമാണ് ആർ‌എസ്എസ് ഈ വിഷയത്തിൽ ഉയർത്തിയത്.

2018 മാർച്ച് മാസത്തിലാണ് എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ടിൽ അടിസ്ഥാന നീതിക്ക് നിരക്കാത്ത ചിലതുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചില മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എസ്‌സി/എസ്ടി വിഭാഗക്കാരുടെ പരാതിയിന്മേൽ എഫ്ഐആർ പോലുമിടാതെ ഉടൻ അറസ്റ്റ് ചെയ്യുന്ന നടപടി രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് ഉചിതമായതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ നിർദ്ദേശം പുറത്തിറങ്ങിയതിനു പിന്നാലെ രാജ്യത്തെ ദളിത് വിഭാഗങ്ങൾ തെരുവിലിറങ്ങി. കേന്ദ്ര സർക്കാർ കോടതിയിൽ എസ്‌‍സി/എസ്ടി അട്രോസിറ്റീസ് ആക്ടിനെ പ്രതിരോധിക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ലെന്ന് ദളിത് സംഘടനകൾ ആരോപിക്കുകയുണ്ടായി. ഒമ്പതോളം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ പരിഭ്രാന്തിയിലായ കേന്ദ്ര സർക്കാർ കോടതിയെ സമീപിച്ചു. ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് ഒമ്പതാം തിയ്യതി സുപ്രീംകോടതി ഉത്തരവിനെ മറികടക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസ്സാക്കി. എസ്‌സി/എസ്ടി നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് മുൻകൂർ‌ ജാമ്യം നിഷേധിക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ ഈ ബില്ല് പുനസ്ഥാപിച്ചു. അറസ്റ്റിനു മുൻപായി പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും ഇത് സ്ഥാപിച്ചു.

രാജ്യസഭയിൽ ഈ ബില്ലവതരിപ്പിച്ച് ചർച്ചയിൽ പങ്കെടുത്തത് മധ്യപ്രദേശിൽ നിന്നുള്ള എംപിയും സാമൂഹ്യനീതി മന്ത്രിയുമായ താവർ ചന്ദ് ഗെലോട്ട് ആണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഈ ബില്ലെന്ന് അന്ന് ഗെലോട്ട് പറയുകയുണ്ടായി. പാർലമെന്റില്‍ ഈ വാക്കുകൾ കൈയടി നേടിയെങ്കിലും സ്വന്തം നാട്ടിൽ ഗെലോട്ടിനെതിരെ ഉയർന്ന ജാതി വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഉയർന്ന ജാതിക്കാരുടെ പ്രതിഷേധത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേന്ദ്രത്തിന്റെ നിയമം സംസ്ഥാനം പിന്തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. അജിത് ജോഗിയുമായി ചേർന്ന് അസംബ്ലി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു ചൗഹാന്റെ ഈ പ്രഖ്യാപനം. അന്വേഷണമില്ലാതെ സംസ്ഥാനത്ത് അറസ്റ്റ് നടക്കില്ലെന്നും എസ്‌സി/എസ്ടി നിയമം ദുരുപയോഗം ചെയ്യപ്പെടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡിസംബർ മാസത്തിൽ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് ചൗഹാൻ അന്നേ കണ്ടു.

ചൗഹാൻ പേടിച്ചതു തന്നെ സംഭവിച്ചെന്നാണ് അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം വന്ന വിശകലനങ്ങളിൽ നിന്ന് ബിജെപിക്ക് ബോധ്യപ്പെട്ടത്. വളരെ ചെറിയ മാര്‍ജിനുകളിലായിരുന്നു പല മണ്ഡലങ്ങളിലെയും പരാജയം. കോൺഗ്രസ്സിനെക്കാൾ 5 സീറ്റ് കുറവ് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. കേവലഭുരിപക്ഷത്തിലേക്ക് വെറും ഏഴ് സീറ്റിന്റെ കുറവും. ഈ നഷ്ടം സംഭവിച്ചതിനു കാരണമായത് ഉയർന്നസമുദായക്കാര്‍ക്കിടയിൽ ബിജെപിക്കെതിരെ ഉയർന്നുവന്ന വികാരമാണെന്ന് പാർട്ടി തിരിച്ചറിഞ്ഞു.

മധ്യപ്രദേശിലുണ്ടായ ഈ തിരിച്ചടിയെ വളരെ ഗൗരവത്തോടെയാണ് ആർഎസ്എസ് കണ്ടത്. ബിജെപിക്കു മേൽ ശക്തമായ സമ്മർദ്ദമാണ് ആർ‌എസ്എസ് ഈ വിഷയത്തിൽ ഉയർത്തിയത്. നോട്ട വോട്ടുകളിലുണ്ടായ വ്യതിയാനങ്ങളെയും ഗൗരവത്തിൽ കാണണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. പല സ്ഥാനാർത്ഥികളും തോറ്റത് നോട്ട വോട്ടുകളെക്കാൾ താഴ്ന്ന മാർജിനിലായിരുന്നുവെന്ന കാര്യം ആർഎസ്എസ് ചൂണ്ടിക്കാട്ടി.

ഉയർന്ന ജാതിവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജനറൽ ക്വാട്ടയില്‍ 10% സംവരണം അനുവദിക്കുക എന്ന പ്രഖ്യാപനം ബിജെപി നടത്തുന്നതിനു പിന്നിൽ വലിയ ആലോചനകളും അണിയറ നീക്കങ്ങളും നടന്നിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് ഇതിനുള്ള സാവകാശം കിട്ടുകയുണ്ടായില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്ന പ്രസ്താവനകളാണ് എല്ലാ പ്രതിപക്ഷ കക്ഷികളും ഉയർത്തുന്നതെങ്കിലും മഹാസഖ്യത്തെ വരെ ബാധിക്കാനിടയുള്ള ബിജെപിയുടെ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

‘ജോലിയില്ലാത്ത രാജ്യത്ത് എന്തിനാണ് സംവരണം?’

ഈ സംവരണ നീക്ക ബിജെപിയുടെ തെരഞ്ഞെടുപ്പ് വായാടിത്തം മാത്രമാണെന്നാണ് സിപിഐ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ കേന്ദ്രത്തിന് ആത്മാർത്ഥതയുണ്ടെങ്കില്‍ സ്വകാര്യ മേഖലയിൽ സംവരണം കൊണ്ടുവരണമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ യുവാക്കൾക്ക് വാഗ്ദാനം ചെയ്ത തൊഴിലുകള്‍ എവിടെയെന്നും ജോലിയില്ലാതെ സംവരണം മാത്രമുണ്ടായിട്ട് കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക സംവരണം നടപ്പാക്കുകയെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. കേരളത്തിൽ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക ജാതിയിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര സർക്കാരിനെ ഇതുസംബന്ധിച്ച് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ജാതി സമ്പ്രദായത്തെ സാമ്പത്തികമായും വർഗപരമായും സമീപിക്കാനാണ് സിപിഎമ്മിന് താൽപര്യം.

സാമ്പത്തികനില മെച്ചപ്പെടുത്താൻ സംവരണം വേണ്ട; ആ 15 ലക്ഷം തന്നാൽ മതി

അതെസമയം രാഷ്ട്രീയ ജനതാദൾ സാമ്പത്തിക സംവരണ നീക്കത്തെ എതിർത്ത് രംഗത്തുവന്നു. സംവരണമെന്ന നയത്തിനു പിന്നിലെ തത്വം സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കലാണെന്നും സാമ്പത്തിക നില മെച്ചപ്പെടുത്തലല്ലെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. സാമ്പത്തികനില മെച്ചപ്പെടുത്താനാണെങ്കിൽ സാമ്പത്തിക സംവരണം കൊണ്ടുവരികയല്ല, മറിച്ച് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിലെത്തിക്കുകയും തൊഴിൽ നൽകുകയുമാണ് വേണ്ടതെന്നും തേജസ്വി പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയാണുണ്ടായത്. ഉയർന്ന ജാതിവിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കില്‍ പാർ‌ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ബിൽ കൊണ്ടു വരേണ്ടതായിരുന്നുവെന്നും സെഷൻ അവസാനിക്കാനിരിക്കെ കൊണ്ടുവന്നതിനു പിന്നിൽ ഒരു പുകമറ സൃഷ്ടിക്കൽ മാത്രമാണെന്നുമുള്ള അഭിപ്രായങ്ങളോട് ട്വിറ്ററിൽ അരവിന്ദ് കെജ്രിവാൾ യോജിച്ച് കമന്റുകളിട്ടു.

ഈ വിഷയത്തിൽ എൻഡിഎയിലെ പ്രമുഖ ദളിത് സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി സർക്കാരിന് അനുകൂലമായ പ്രസ്താവനയാണ പുറത്തിറക്കിയത്. സർക്കാരിന്റെ ഈ നീക്കത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞു. എന്നാൽ പാർട്ടിയുടെ പ്രധാന നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ നീക്കം കൊണ്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് ബിജെപി കരുതേണ്ടെന്നായിരുന്നു മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ പ്രതികരണം. സമാനമായ സംവരണ നീക്കങ്ങളിലൂടെയാണ് വിപി സിങ്, കർപൂരി സിങ് എന്നിവർക്ക് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതെന്ന് ഓർക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ബിൽ പാസ്സാക്കിയെടുക്കാൻ സർക്കാരിന് സമയവുമില്ല എന്നിരിക്കെ ഈ നീക്കം വെറും തെരഞ്ഞെടുപ്പ് തരികിടയാണെന്നും സിൻഹ ചൂണ്ടിക്കാട്ടി.

പാർലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസത്തിൽ തന്നെ സംവരണ ബിൽ കൊണ്ടു വന്നതിൽ തന്നെ ബിജെപിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കോൺഗ്രസ്സ് വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞു.

തൊഴിലില്ലാതെ അലയുന്ന യുവാക്കളെ സാമ്പത്തിക സംവരണം കൊണ്ടുവന്ന് കബളിപ്പിക്കാൻ ശ്രമിക്കുന്നതിനെ വിമർശിക്കുകയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചെയ്തത്. ഈ ബിൽ നടപ്പാക്കാൻ കഴിയുമോയെന്നും ഭരണഘടനാപരമായും നിയമപരമായും സാധുതയുണ്ടോയെന്നും ബിജെപി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഉയർന്ന ജാതിയിലെ പാവപ്പെട്ടവർക്ക് സംവരണം കിട്ടുന്നതിനെ തങ്ങൾ എതിർക്കില്ലെന്നും എന്നാൽ 8 ലക്ഷം രൂപ വരുമാനപരിധി വെച്ച് ഏത് പാവപ്പെട്ടവനെയാണ് സർക്കാർ സഹായിക്കാൻ പോകുന്നതെന്നുമായിരുന്നു എൻസിപിയുടെ നവാബ് മാലിക്കിന്റെ ചോദ്യം. ദളിതരോട് ചെയ്ത ചരിത്രപരമായ അനീതിയെ തിരുത്തുന്നതിനാണ് സംവരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടതെന്നായിരുന്നു അസദുദ്ദീൻ ഒവൈസിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാഹളമുയർത്തുകയാണ് ബിജെപി ചെയ്യുന്നതെന്നായിരുന്നു നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ദളിത് മുസ്ലിങ്ങൾക്ക് 5% സംവരണം വേണമെന്ന ആവശ്യമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള തീരുമാനത്തോട് പ്രതികരിച്ച് സമാജ് വാദി പാർട്ടി ഉയർത്തിയത്. സമാനമായ ആവശ്യം പാർലമെന്റിൽ ഉന്നയിക്കാൻ തങ്ങളുടെ എംപിമാരോട് തെലങ്കാന രാഷ്ട്രസമിതിയും ആവശ്യപ്പെട്ടു.

This post was last modified on January 8, 2019 7:33 pm