X

റാഫേൽ പരാമർശം: തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞുപോയതാണെന്ന് വിശദീകരണം; രാഹുൽ‌ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചു

ചില വാക്കുകൾ കോടതി പറഞ്ഞെന്ന് താനാരോപിച്ചത് തെറ്റാണെന്നും കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ഇപ്പോൾ രാഹുൽ സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയ തെറ്റായി വ്യാഖ്യാനിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി സുപ്രീംകോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ പറഞ്ഞു പോയതാണെന്ന് രാഹുൽ കോടതിയിൽ വ്യക്തമാക്കി. തന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുകയായിരുന്നെന്നും രാഹുൽ വിശദീകരിച്ചു.

റാഫേൽ കരാറുമായി ബന്ധപ്പെട്ട് ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച രേഖകൾ കേസിൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ആധാരമാക്കി രാഹുൽ നടത്തിയ പരാമർശമാണ് ഇപ്പോൾ അദ്ദേഹത്തെ ഖേദപ്രകടനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ‘കാവൽക്കാരൻ കള്ളനാണ് എന്ന് സുപ്രീംകോടതി വരെ പറഞ്ഞിരിക്കുന്നു’ എന്നായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ കോടതി ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു.

ചില വാക്കുകൾ കോടതി പറഞ്ഞെന്ന് താനാരോപിച്ചത് തെറ്റാണെന്നും കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ഇപ്പോൾ രാഹുൽ സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ പ്രതികരണം. “മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കു മുമ്പിൽ താൻ (രാഹുൽ) നടത്തിയ പ്രസ്താവന ഈ കോടതിയുടേതാണെന്ന് തെറ്റായി ആരോപിച്ചതായി കാണുന്നു. ഇത്തരമൊരു നിരീക്ഷണം കോടതി ഒരിക്കലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. രേഖകളുടെ സ്വീകാര്യതയെ സംബന്ധിച്ച തീരുമാനമെടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്.” -കോടതി പറയുകയുണ്ടായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഈ കേസ് പരിഗണനയ്ക്കെടുത്തത്.

This post was last modified on April 22, 2019 1:35 pm