X

ഗോസംരക്ഷണത്തിനുള്ള വിഹിതമുയർത്തി; കർഷക ആത്മഹത്യകളെ നേരിടാൻ പരിപാടികളില്ല; ന്യൂനപക്ഷ ക്ഷേമ വിഹിതം വെട്ടിക്കുറച്ചു: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ‘ജനകീയ ബജറ്റ്’

പുതിയ ബജറ്റിൽ കാർഷിക രംഗത്ത് ചെലവിടാനുദ്ദേശിക്കുന്ന ആകെ തുക 2,273.65 കോടി രൂപയാണ്. കഴിഞ്ഞ ബിജെപി ബജറ്റിൽ വകയിരുത്തിയിരുന്ന 2,582.70 കോടി രൂപയിൽ നിന്നുമുള്ള ഗണ്യമായ കുറവ് കാണാവുന്നതാണ്.

2019-2020 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് രാജസ്ഥാൻ സർക്കാർ ഇക്കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ജനകീയ ബജറ്റ് എന്ന വിശേഷണത്തോടെയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ ബജറ്റിനെ വരവേറ്റത്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തിനു ശേഷം കോൺഗ്രസ് അധികാരത്തിലുള്ള ഒരു സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയിൽ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ നോക്കിക്കണ്ടത്. അതെസമയം, വലിയ വിട്ടുവീഴ്ചകളുടെയും, യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്നതിന്റെയും പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റവാങ്ങുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ.

1,16,735.96 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഇത്തവണത്തേക്ക് സംസ്ഥാന സർക്കാർ കണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ചത് കൂടുതലാണെങ്കിലും അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ബജറ്റ് പരാജയപ്പെട്ടെന്നാണ് വിമർശിക്കപ്പെടുന്നത്. ജലസേചനം, ഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള വിഹിതം തുച്ഛമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനക്ഷേമത്തിന് ബജറ്റിൽ ഒന്നും ചെയ്തിട്ടില്ലെന്ന് ആർക്കും ആരോപിക്കാൻ പറ്റില്ല. സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെമ്പാടും ‘ജൻതാ ക്ലിനിക്കുകൾ’ തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ട്. പ്രാഥമികാരോഗ്യരംഗം ഏറെ ശോചനീയമായ രാജസ്ഥാനിൽ ജനങ്ങളെ ആകർഷിക്കാൻ ഈ പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം ഗോസംരക്ഷണത്തെ സംബന്ധിച്ചുള്ളതാണ്. സംസ്ഥാന ‘ഗോപാലൻ വകുപ്പി’നുള്ള ബജറ്റ് വിഹിതം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. 145% ശതമാനമാണ് ഈ വർധന. 713.94 കോടി രൂപയാണ് ഇത്തവണത്തെ വിഹിതം. മുൻ ബിജെപി സർക്കാർ 291.20 കോടി രൂപ മാറ്റിവെച്ചിരുന്നിടത്താണ് ഗെലോട്ടിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയം.

ഗോവധനിരോധനം വന്നതിൽപ്പിന്നെ അലഞ്ഞുതിരിയുന്ന പശുക്കള്‍ സംസ്ഥാനത്ത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഇവയെ സംരക്ഷിക്കാൻ സർക്കാരിന്റെ ചെലവിൽ ‘നന്ദിശാലകൾ’ തുടങ്ങുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. എല്ലാ പഞ്ചായത്തിലും ഇവ ഓരോന്നു വീതം ഉണ്ടായിരിക്കും. ഇവയ്ക്ക് പ്രത്യേക ബജറ്റ് വിഹിതവുമുണ്ട്. 50 കോടിയാണ് മാറ്റി വെച്ചിരിക്കുന്നത്. മുൻ ബിജെപി സർക്കാരും 50 കോടി ഇവയ്ക്കായി മാറ്റി വെച്ചിരുന്നു. ബിജെപി സർക്കാരിന്റെ പദ്ധതിയുടെ പേര് ഗോശാല എന്നായിരുന്നു.

സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വൻതോതിൽ ഉയരുമ്പോഴും അവയെ നേരിടാനുള്ള യാതൊരു പ്രഖ്യാപവനവും ബജറ്റിലില്ല എന്നതാണ് മറ്റൊരു ഗൗരവപ്പെട്ട ആരോപണം. കാർഷിക കടങ്ങള്‍ എഴുതിത്തള്ളുകയോ ഇളവുകൾ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷ കർഷകർക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും ബജറ്റിലില്ല. അതെസമയം കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഹ്രസ്വകാല വായ്പകൾ എഴുതിത്തള്ളുന്നതിന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 9,513 കോടിയിൽ നിന്നും ഇത് 16,000 കോടിയാക്കി ഉയർത്തിയിട്ടുണ്ട്.

കർഷകർക്കു വേണ്ടി വിള ഇൻഷൂറൻസ് കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ‌ പറഞ്ഞിരുന്നു. ഇതെക്കുറിച്ച് ബജറ്റ് യാതൊന്നും മിണ്ടുന്നില്ല.

പുതിയ ബജറ്റിൽ കാർഷിക രംഗത്ത് ചെലവിടാനുദ്ദേശിക്കുന്ന ആകെ തുക 2,273.65 കോടി രൂപയാണ്. കഴിഞ്ഞ ബിജെപി ബജറ്റിൽ വകയിരുത്തിയിരുന്ന 2,582.70 കോടി രൂപയിൽ നിന്നുമുള്ള ഗണ്യമായ കുറവ് കാണാവുന്നതാണ്.

സാമൂഹ്യനീതി ശാക്തീകരണ രംഗത്തിന് മുൻ ബജറ്റ് വകയിരുത്തിയിരുന്നത് 11,118.8 കോടി രൂരയായിരുന്നു. ഇത് 8,790 കോടി രൂപയാക്കി കുറച്ചതാണ് പുതിയ കോൺഗ്രസ് ബജറ്റിന്റെ മറ്റൊരു വിശേഷം. ന്യൂനപക്ഷ വികസനത്തിനുള്ള ബജറ്റ് വിഹിതവും വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട് ഗെലോട്ട് സർക്കാർ. 144.08 കോടി രൂപയാണ് ഇതിലേക്കുള്ള ഇപ്പോഴത്തെ ബജറ്റ് വിഹിതം. മുൻ ബജറ്റിൽ ഇത് 243.60 കോടി രൂപയായിരുന്നു.

This post was last modified on July 11, 2019 9:19 pm