X

കാശ്മീർ: പ്രതിപക്ഷത്തെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം, കൃത്യമായ ആസൂത്രണം, കേന്ദ്ര മന്ത്രിമാർ പോലും അറിഞ്ഞത് അവസാന നിമിഷം

സുപ്രധാനവും നിർണായകവുമായ ബില്ലുകൾ പാർലമെന്റിൽ പാസാക്കേണ്ടയിരിക്കുന്നു രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം ഇത്രമാത്രമായിരുന്നു മുതിർന്ന മന്ത്രിമാരോടും പാർട്ടി നേതാക്കളോടും ഷാ പറഞ്ഞിരുന്നത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കൽ പ്രമേയം, കശ്മീർ പുനഃസംഘടനാ ബിൽ എന്നിവ രാജ്യസഭ പാസാക്കി ബിജെപി അതിന്റെ പ്രഖ്യാപിത നീക്കങ്ങള്‍ ഒരു പടികൂടി മുന്നോട്ട് നീക്കുമ്പോൾ മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ ശക്തി ഒരിക്കൽ കൂടി രാജ്യം തിരിച്ചറിയുകയാണ്. പ്രതിപക്ഷത്തെ അമ്പരപ്പിച്ച് അപ്രതീക്ഷ നീക്കത്തിലൂടെ സുപ്രധാനമായൊരു ബിൽ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പരുക്കുകൂടാതെ പാസാക്കിയെടുക്കുകയെന്ന തന്ത്രമാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയത്. മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും വരെ മിക്ക കേന്ദ്രമന്ത്രിമാർക്കുപോലും അറിയില്ലായിരുന്നു അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരുന്ന പദ്ധതിയെ കുറിച്ചെന്ന് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന സാമ്പത്തിക സംവരണം കാശ്മിരിന് ബാധകമാക്കുന്ന ബില്ലായിരുന്നു രാജ്യസഭയുടെ അജണ്ടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിനൊപ്പം ജൂൺ അഞ്ച് തിങ്കളാഴ്ച രാവിലെ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത് രണ്ടു സുപ്രധാന തീരുമാനങ്ങൾ, അതും തന്ത്രപരമായ നീക്കത്തിലൂടെ.

ജമ്മു കശ്മീരിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവുമാണ് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശുപാർശ അംഗീകരിച്ച രാഷ്ട്രപതി 370ാം വകുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിൽ ഒപ്പു വയ്ക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച പ്രമേയം അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. വൈകാതെ തന്നെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. വളരെ പെട്ടന്ന് തന്നെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി. പ്രതിപക്ഷത്ത് പോലും ഭിന്നതകൾ രൂപം കൊണ്ടു. ബിഎസ്പി, എഎപി തുടങ്ങി പാർട്ടികൾ പോലും പിന്തുണച്ചു. കോൺഗ്രസിന് ഉള്ളിൽ പോലും പൊട്ടിത്തെറിക്ക് വഴിവച്ച നീക്കത്തിൽ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. എല്ലാം ബിജെപിയുടെ പദ്ധതി അനുസരിച്ച് തന്നെ നടന്നു.

ബില്ലിനെ കുറിച്ചുൾപ്പെടെ വ്യക്തമായ ധാരണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാത്രമാണ് ഉണ്ടായരുന്നതെന്ന് മുതിർന്ന പാര്‍ട്ടി നേതാക്കൾ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച രാത്രിയാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ബില്ലിന്റെ കരട് സമര്‍പ്പിച്ചതെന്നും ഇന്ത്യന്‍എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സുപ്രധാനവും നിർണായകവുമായ ബില്ലുകൾ പാർലമെന്റിൽ പാസാക്കേണ്ടയിരിക്കുന്നു രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം ഇത്രമാത്രമായിരുന്നു മുതിർന്ന മന്ത്രിമാരോടും പാർട്ടി നേതാക്കളോടും ഷാ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് റിപ്പോർട്ട്. തരത്തിലുള്ള പദ്ധതിയായിരുന്നു ഷാ ഇതിനായി തയ്യാറാക്കിയത്. നിയമപരമായ കരട് തയ്യാറാക്കൽ, രാജ്യസഭയിൽ അംഗബലം ഉറപ്പിക്കൽ. അടുത്തിടെ ഉണ്ടായ പ്രതിപക്ഷ എംപിമാരുടെ രാജി, ചിലരുടെ ബിജെപി പ്രവേശം ഇതെല്ലാം അക്കങ്ങൾക്കായുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. വിവരാവകാശ ഭേദഗതി ബില്ലും, മുത്തലാക്കും പരീക്ഷണങ്ങളായിരുന്നു. പദ്ധതി പ്രകാരം കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ.

മറ്റൊരു വശത്ത് കശ്മീർ താഴ്‌വരയിലേക്കു കൂടുതൽ സൈനികബലമെത്തിച്ചു. നിയമ–നയതന്ത്രരംഗത്തെ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരുന്നു ഓരോ നീക്കവും. കശ്മീരിലേക്ക് പതിനായിരം, പിന്നാലെ 35,000 സൈനികരെ അധികമായെത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉൾപ്പെട്ട സംഘം ചടുലമായി നീങ്ങുന്നതിനിടെയായിരുന്നു ഇത്. വെള്ളിയാഴ്ച സുരക്ഷാസേന സംയുക്ത വാർത്താസമ്മേളനത്തിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ ഭീഷണിയുണ്ടെന്നു കാട്ടി അമർനാഥ് യാത്ര റദ്ദാക്കുന്നു. എന്ത് സംഭവിക്കുന്നു എന്നറയാതെ രാജ്യം അശങ്കപ്പെട്ട അവസ്ഥ. പദ്ധതികളുടെ രഹസ്യാത്മകത ഉറപ്പാക്കി മോദിയുടെ വിശ്വസ്തസംഘം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു.

നിലവിലെ നിയമം, അനുസരിച്ച് രാഷ്ട്രപതിക്ക് ഉത്തരവിന്റെ വിജ്ഞാപനമിറക്കണമെങ്കിൽ പഴയ വകുപ്പ് പ്രകാരം സംസ്ഥാനത്തെ ഭരണഘടന സഭയുടെ (ഇപ്പോൾ നിയമസഭ) ശുപാർശ നിർബന്ധമായിരുന്നു. ജമ്മുകശ്മീരിനു മാത്രം ബാധകമായ 1954ലെ ഭരണഘടനാ ഉത്തരവ് പ്രകാരം നിയമസഭയ്ക്ക് അക്കാര്യത്തിൽ ചില ‘സവിശേഷ’ അധികാരങ്ങൾ ഭരണഘടന നൽകുന്നുണ്ട്. ഇതിനെ മറികടക്കാൻ ഗവർണര്‍ ഭരണം ഉറപ്പിച്ച് ആ അധികാരം പാർലമെന്റിലേക്ക് എത്തിക്കുയും ചെയ്തു. പ്രതിപക്ഷത്തെപ്പോലും നിഷ്പ്രഭമാക്കും വിധം സകല പഴുതുമടച്ചായിരുന്നു ഈ നീക്കങ്ങളെല്ലാം.

Read More: “മരിച്ച് 12 ദിവസം പിന്നിട്ടു, എവിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്?”; കൊലപാതകമെന്ന സൂചന നല്‍കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആദിവാസി പോലീസുകാരന്‍ കുമാറിന്റെ കുടുംബം

This post was last modified on August 7, 2019 11:55 am