X

റൈസിങ് കശ്മീർ എഡിറ്റർ ഷുജാത് ബുഖാരി വെടിയേറ്റു മരിച്ചു

2000ത്തിൽ ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ എഡിറ്ററുമായ ഷുജാദ് ബുഖാരി വെടിയേറ്റു മരിച്ചു. 2000ത്തിൽ ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

തൊട്ടടുത്തു നിന്നാണ് ഷുജാദിന് വെടിയേറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

പ്രെസ്സ് കോളനിയിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. തലയ്ക്കും അടിവയറിനുമാണ് ഷുജാതിന് വെടിയേറ്റത്.

കശ്മീരിൽ ഏറെ നാളുകൾക്കു ശേഷമാണ് മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നയാൾക്കു നേരെ ആക്രമണമുണ്ടാകുന്നത്.

ഭീരുത്വമെന്നാണ് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് കൊലപാതകത്തെ വിശേഷിപ്പിച്ചത്. കശ്മീരിന്റെ യുക്തിപൂര്‍ണ്ണമായ ശബ്ദത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ഈദ് ദിനത്തില്‍ ഭീകരതയുടെ വൃത്തികെട്ട തല വീണ്ടും പുറത്തുവന്നിരിക്കുന്നു എന്നു മെഹബൂബ മുഫ്തി പറഞ്ഞു. ഷുജാദിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

എഡിറ്റേഴ്സ് ഗില്‍ഡ് കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പത്ത് വര്‍ഷത്തോളം ദ ഹിന്ദുവിന്റെയും ഫ്രണ്ട്‌ലൈന്‍ മാഗസിന്റെയും കറസ്‌പോണ്ടന്റായിരുന്നു ഷുജാദ്.

This post was last modified on June 15, 2018 10:09 am