X

യോഗി ഭരണം മെച്ചപ്പെടുത്തണം; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതൃത്വം

സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിലുള്ള അനിഷ്ടവും ആര്‍എസ്എസ് തലവന്‍ മറച്ചുവെച്ചില്ലെന്നും റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് കര്‍ശനമായ താക്കീത് നല്‍കിയതായി റിപ്പോര്‍ട്ട്. സമീപകാലത്തായി തകര്‍ന്നു കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ പോലീസ് ഭരണത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമൊണ് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍എസ്എസുമായി ബന്ധമുള്ള ബിജെപി ഉള്‍പ്പെടെയുള്ള 35 സംഘടനകളുടെ ഏകോപന സമിതി യോഗത്തോട് അനുബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഭഗവതും ആര്‍എസ്എസിന്റെ മറ്റ് മുതിര്‍ നേതാക്കളും ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയെയും ദിനേഷ് ശര്‍മ്മയെയും ശാസിച്ചതായാണ് വിവരം.

ഗോരഖ്പൂര്‍ ആശുപത്രിയില്‍ സമീപകാലത്തുണ്ടായ ശിശുമരണങ്ങള്‍ അടക്കമുള്ള വിഷയങ്ങളുടെ പേരിലും ആദിത്യനാഥിന് ആര്‍എസ്എസ് നേതാക്കളുടെ വിമര്‍ശനമേല്‍ക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ട് തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഭഗവത് നിര്‍ദേശിച്ചെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിലുള്ള അനിഷ്ടവും ആര്‍എസ്എസ് തലവന്‍ മറച്ചുവെച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ചും ഠാക്കൂര്‍മാരും ദളിതരും തമ്മില്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഭഗവത് ആശങ്ക അറിയിച്ചു. കൂടാതെ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍, ആളുകളെ തല്ലിക്കൊല്ലല്‍, ദുരഭിമാന കൊലകള്‍, പശു സംബന്ധിയായ അക്രമ സംഭവങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 മാര്‍ച്ച് 15-നും ഏപ്രില്‍ 15-നും ഇടയില്‍ ബലാത്സംഗ കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് സംസ്ഥാന പോലീസിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കൊലപാതകങ്ങളും പിടിച്ചുപറിയും അനവധി ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംസ്ഥാനത്ത് 41 ബലാല്‍സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 179 ആയി വര്‍ദ്ധിച്ചു. പിടിച്ചുപറി മൂന്നില്‍ നിന്നും 20 ആയി കൂടി. കൊലപാതകങ്ങളുടെ എണ്ണം 101-ല്‍ നിന്നും 240 ആയി വര്‍ദ്ധിച്ചപ്പോള്‍ മോഷണം 67-ല്‍ നിന്നും 273 ആയി മാറി. ഇതാണ് യോഗിക്കെതിരെ നേരിട്ട് നിര്‍ദ്ദേശം നല്‍കുവാന്‍ ആര്‍എസ്എസ് തലവനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

യോഗത്തില്‍ ചരക്ക്-സേവന നികുതിയുടെയും നോട്ട് നിരോധനത്തിന്റെയും പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ദരിദ്രര്‍ക്കും വ്യാപാരികള്‍ക്കും കനത്ത ആഘാതമാണ് നോട്ട് നിരോധനം ഏല്‍പ്പിച്ചതെന്ന് യോഗത്തില്‍ സംസാരിച്ച മിക്ക നേതാക്കളും ചൂണ്ടിക്കാട്ടിയതായാണ് വിവരം. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ നാലുമാസത്തെ അവ്യവസ്ഥയ്ക്ക് കാരണമായിട്ടും ഉദ്ദേശിച്ച ഫലങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും യോഗം വിലയിരുത്തി. യുപിഎ സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്.

ജിഎസ്ടിയും നോട്ട് നിരോധനവും ബിജെപിയുടെ നട്ടെല്ലായ ചെറുകിട വ്യാപാരികളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതായും ആരോപണം ഉയര്‍ന്നു. നോട്ട് നിരോധനം മൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെയും തൊഴില്‍ നഷ്ടത്തെയും പൊതുജനങ്ങള്‍ക്കിടയില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മിക്ക നേതാക്കളും ചൂണ്ടിക്കാട്ടി. കൊട്ടിഘോഷിക്കപ്പെട്ട കള്ളപ്പണ വേട്ടയില്‍ എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി തെളിവുകളുമില്ല. ചെറുകിട വ്യാപാരികളുടെ പിന്തുണയും വിശ്വാസവും നേടിയെടുക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

This post was last modified on September 3, 2017 8:12 pm