2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുന്ന തിരക്കുകളിലാണ് ആർഎസ്എസ് എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലുറപ്പിക്കാനുള്ള ശ്രമങ്ങൾ സംഘടന തുടങ്ങിക്കഴിഞ്ഞതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. തെലങ്കാന, കർണാടകം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതികൾ തയ്യാറായിട്ടുണ്ട്. ഝാൻസിയിൽ നടന്നുവരുന്ന പഞ്ചദിന യോഗത്തിൽ ഇക്കാര്യങ്ങളാണ് പ്രധാന ചർച്ചയെന്ന് അറിയുന്നു.
ഹിന്ദുക്കൾ കുറവായ കശ്മീർ പോലുള്ള സ്ഥലങ്ങളിൽ പോലും ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആർഎസ്എസ് ആലോചിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം സ്കൂളുകൾ നിലവിൽ വരും.
തെലങ്കാനയിൽ ഇതിന്റെ ഭാഗമായി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പദ്ധതിയിടുന്നത്. ഇതാദ്യമായി എല്ലാ ജില്ലകളിലും മുസ്ലിം മഞ്ചിന് ഓഫീസുകൾ തുറന്നിട്ടുണ്ട്. നാലു വർഷം മുമ്പ് ഹൈദരാബാദിൽ രണ്ടുപേരെ മാത്രം വെച്ചാണ് ഒരു ഓഫീസ് മുസ്ലിം രാഷ്ട്രീയ മഞ്ച് തുടങ്ങിയത്. ഹൈദരാബാദിൽ നിലവിൽ 3000 മെമ്പർമാരുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ഈ വർഷം അവസാനമാകുമ്പോഴേക്ക് സംസ്ഥാനത്തെമ്പാടുമായി പതിനായിരം അംഗങ്ങളെ സമ്പാദിക്കലാണ് ലക്ഷ്യം.
അടുത്ത മാസം ആന്ധ്ര പ്രദേശിൽ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകൾ തുറക്കുമെന്നും അറിയുന്നുണ്ട്. മുസ്ലിം വോട്ടുകൾ ഏറെ നിർണായകമാണ് ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും. ഇതിൽ വിള്ളലുകൾ സൃഷ്ടിക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ ആയുധമാക്കാമെന്നാണ് ആർഎസ്എസ് കരുതുന്നത്. രണ്ട് തെലുഗു സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ക്കിടയിൽ വേരുപിടിക്കുകയെന്നതാണ് ഇപ്പോൾ നടപ്പാക്കിവരുന്ന പദ്ധതി. വടക്കേ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ മഞ്ചിനാണ് ഇതിന്റെ ചുമതല. അസദുദ്ദീൻ ഒവൈസിയുടെ ഹൈദരാബാദ് മണ്ഡലത്തെ ആർഎസ്എസ് പ്രത്യേകമായി ലക്ഷ്യമാക്കുന്നുണ്ട്. ഒവൈസിയോട് എതിർപ്പുള്ള മുസ്ലിങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കശ്മീർ അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളാണ് ആർഎസ്എസ് ലക്ഷ്യമാക്കുന്ന മറ്റിടങ്ങൾ. കശ്മീരിൽ കൂടുതൽ ശാഖകൾ തുടങ്ങാനാണ് പരിപാടി. മുസ്ലിം ഭൂരിപക്ഷ മേഖലകളാണെന്നു വെച്ച് പിൻവാങ്ങി നിൽക്കില്ലെന്ന് ആർഎസ്എസ് പറയുന്നു. മതത്തെക്കാൾ വലുതാണ് ദേശീയത. അത് പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ്സിന്റെ പക്ഷം.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമാണ് ആർഎസ്എസ് ലാക്കാക്കുന്നത്. തെരഞ്ഞെടുപ്പു ജയങ്ങൾക്ക് ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലേക്ക് തങ്ങളുടെ വേരുകൾ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. ആർഎസ്എസ് സൃഷ്ടിച്ചു കൊടുക്കുന്ന അടിത്തറ ഉപയോഗിച്ച് ബിജെപിക്ക് തങ്ങളുടെ പ്രവർത്തനങ്ങള്‍ വിപുലമാക്കാൻ സാധിക്കും. ഹിന്ദി മേഖലയിൽ എതിർവികാരം വന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ താങ്ങാകണമെന്നാണ് ആർഎസ്എസ് കരുതുന്നത്.
This post was last modified on July 3, 2019 12:10 pm
Leave a Comment