X

സതീഷ് ചന്ദ്ര: മധ്യകാല ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം തുറന്നുകാട്ടിയ ചരിത്രകാരന്‍

മധ്യകാല ഇന്ത്യയുടെ മതേതര പാരമ്പര്യം എടുത്തുകാട്ടുന്ന സതീഷ് ചന്ദ്രയുടെ രചനകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം വ്യക്തമാക്കുന്ന ഇത്തരം ചരിത്ര രചനകള്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വലിയ പ്രതിബന്ധമാണ്.

മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലാണ് സതീഷ് ചന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്‍സിഇആര്‍ടിയുടെ മീഡിവല്‍ ഇന്ത്യ ടെക്സ്റ്റ് ബുക്ക് തയ്യാറാക്കിയത് അദ്ദേഹമാണ്. 1970കള്‍ മുതല്‍ 2000 വരെ എന്‍സിഇആര്‍ടിയുടെ മധ്യകാല ഇന്ത്യ പാഠപുസ്തകം സതീഷ് ചന്ദ്രയുടേതായിരുന്നു. സിവില്‍ സര്‍വീസ് പഠിതാക്കളില്‍ ബഹുഭൂരിപക്ഷവും ഈ പുസ്‌കത്തെ ആശ്രയിക്കാറുണ്ട്. മധ്യകാല ഇന്ത്യയുടെ ഏറ്റവും ആധികാരികമായ ചരിത്രരചനയായാണ് ഈ പുസ്തകം വിലയിരുത്തപ്പെടുന്നത്. മധ്യകാല ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരവും മതനിരപേക്ഷവുമായ പാരമ്പര്യമാണ് സതീഷ് തന്ദ്ര വെളിവാക്കിയത്. എളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തില്‍ ലളിതവും അതേസമയം സമഗ്രവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്.

മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മുന്‍ ധാരണകളില്‍ നിന്ന് മാറി പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജാഗിര്‍ദാരി, മന്‍സാബ്ദാരി സമ്പ്രദായങ്ങളുടെ തകര്‍ച്ചയാണ് മുഗള്‍ സാമ്രാജ്യത്തിന് പതനത്തിന് പ്രധാന കാരണമായതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. Parties and Politics at the Mughal Court, 1707-1740 അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ്. ഔറംഗസേബിന്റെ തീവ്രസ്വഭാവമുള്ള മതനയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച് ഉണ്ടാക്കിയിരുന്ന ധാരണകള്‍ മാറ്റാനും മുഗള്‍ ഭരണത്തിന്റെ കൂടുതല്‍ വിശകലനങ്ങളിലേയ്ക്ക് കടക്കാനും സഹായകമായത് സതീഷ് ചന്ദ്രയുടെ പുസ്തകങ്ങളാണെന്ന് പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മറ്റ് മാര്‍ക്‌സിസ്റ്റ് ചരിത്രപണ്ഡിതരായ റൊമില ഥാപ്പര്‍, ബിപന്‍ ചന്ദ്ര തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യന്‍ ചരിത്ര ഗവേഷണത്തില്‍ സതീഷ് ചന്ദ്രക്ക് വലിയ സ്ഥാനമുണ്ട്.

ഇടുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് അനുഭാവമുണ്ടായിരുന്ന സതീഷ് ചന്ദ്ര, ഇന്ത്യയുടെ മധ്യകാല ചരിത്രത്തിന്റെ എല്ലാ വശങ്ങളിലേയ്ക്കും കടന്നുചെന്നു. സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സവിശേഷതകള്‍ അദ്ദേഹം വിശകലനം ചെയ്തു. സൊസൈറ്റീസ് ഫോര്‍ ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസ് സ്ഥാപിച്ചത് അദ്ദേഹമാണ്. ഹിസ്‌റ്റോറിയോഗ്രാഫി സ്‌കൂളുമായാണ് അദ്ദേഹം ബന്ധപ്പെട്ടിരുന്നതെന്നും വസ്തുതകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നും സുഹൃത്തും രാഷ്ടീയ നിരീക്ഷകനുമായ സിപി ഭാംബ്രി പറയുന്നു. അദ്ദേഹം ഒരേസമയം ചരിത്രകാരനും സാമൂഹ്യചിന്തകനുമായിരുന്നു.

എസ് ഗോപാല്‍, റൊമില ഥാപ്പര്‍, ബിപന്‍ ചന്ദ്ര, സതീഷ് ചന്ദ്ര എന്നിവര്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ എടുത്തിരുന്ന ക്ലാസുകള്‍ ചരിത്രവിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ ഗുണകരമായിരുന്നു. ബിക്കാനീര്‍ ആര്‍കൈവ്‌സിലുണ്ടായിരുന്ന രാജസ്ഥാനി രേഖകള്‍ ശേഖരിച്ചത് സതീഷ് ചന്ദ്രയാണ്. ഇത് ഗ്രാമങ്ങളിലെ സര്‍വേകള്‍ ഉപയോഗപ്രദമാക്കാനും പ്രാദേശിക ഭരണസംവിധാനങ്ങളെക്കുറിച്ചും സാംസ്‌കാരിക സാഹചര്യത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായിട്ടുണ്ട്. ഉറച്ച ബോദ്ധ്യങ്ങളാണ് സതീഷ് ചന്ദ്രക്ക് എല്ലായ്‌പ്പോളും ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം യുജിസി ചെയര്‍മാനായിരുന്നു. അദ്ധ്യാപകര്‍ക്ക് കോഡ് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചു. അദ്ധ്യാപകരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി സതീഷ് ചന്ദ്ര സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അടിയന്തരാവസ്ഥയുടെ അധിനിവേശത്തില്‍ നിന്ന രാജ്യത്തെ സര്‍വകലാശാലകളെ ഒരു പരിധി വരെ രക്ഷിച്ചുനിര്‍ത്തിയത് സതീഷ് ചന്ദ്രയാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറയുന്നു.

ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കുക എന്ന അജണ്ട സംഘപരിവാര്‍ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലം മുതല്‍ ഐസിഎച്ച്ആര്‍ (ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) വഴിയും മാനവ വിഭവശേഷി വകുപ്പിന്‍റെ ഇടപെടലിലൂടെ പാഠപുസ്തകങ്ങളിലും ശക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ചരിത്ര പാഠപുസ്തകങ്ങളുടെ കാവിവത്കരണം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് തീവ്രമായി. മധ്യകാല ഇന്ത്യയുടെ മതേതര പാരമ്പര്യം എടുത്തുകാട്ടുന്ന സതീഷ് ചന്ദ്രയുടെ രചനകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം വ്യക്തമാക്കുന്ന ഇത്തരം ചരിത്ര രചനകള്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വലിയ പ്രതിബന്ധമാണ്.

വായനയ്ക്ക്: https://goo.gl/X7K3D7

This post was last modified on October 14, 2017 5:24 pm