X

വാരണസിയിൽ തേജ് ബഹാദൂറിന്റെ നോമിനേഷൻ തള്ളിയ നടപടി: തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു ദിവസത്തിനകം പ്രതികരണമറിയിക്കണമെന്ന് സുപ്രീംകോടതി

2017ൽ സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പട്ടാളത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ

മോദിയുടെ എതിർ സ്ഥാനാർത്ഥിയായി സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ പദ്ധതിയിട്ട മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ നോമിനേഷൻ തള്ളിയ നടപടിയുടെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിർദ്ദേശം. നാളെത്തന്നെ (09-05-2019) പ്രതികരണം അറിയിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

2017ൽ സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പട്ടാളത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ. സൈനികവിഷയങ്ങൾ നിരന്തരമായി ചർച്ചയാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കെതിരെ ഒരു സൈനികനെത്തന്നെ സ്ഥാനാർത്ഥിയാക്കാനായിരുന്നു എസ്പിയുടെ ശ്രമം. എന്നാൽ ഇത് ഇലക്ഷൻ കമ്മീഷന്റെ ഇടപെടലോടെ പ്രതിസന്ധിയിലായി. സർക്കാർ സർവ്വീസിൽ നിന്നും അഴിമതിയുടെ പേരിൽ പിരിച്ചുവിടപ്പെട്ട ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്. കൂടാതെ തേജ് ബഹാദൂറിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവപ്പെട്ടവയായിരുന്നെന്നും കമ്മീഷൻ പറയുന്നു. ഭരണകൂടത്തോട് കൂറില്ലായ്മയാണ് ഇതിലൊന്ന്.

എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

അതെസമയം ഇത്തരമൊരു നിയമം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. തന്നോട് കൂടുതൽ രേഖകൾ എത്തിക്കണമെന്ന് അവസാനനിമിഷത്തിലാണ് കമ്മീഷൻ ആവശ്യപ്പെട്ടതെന്നും ഇത് നോമിനേഷൻ തള്ളാനായി മനപ്പൂർവ്വം ചെയ്തതാണെന്നും തേജ് ബഹാദൂർ ആരോപിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതിയിൽ സമര്‍പ്പിച്ച ആവലാതിയിൽ യാദവ് ചൂണ്ടിക്കാട്ടുന്നത്, പട്ടാളത്തിൽ നിന്നുള്ള ഡിസ്മിസർ ഓർഡർ താൻ കമ്മീഷന് സമർപ്പിച്ചിട്ടുണ്ടെന്നാണ്. ഇതിൽ അച്ചടക്കരാഹിത്യത്തിനാണ് തന്നെ പിരിച്ചുവിടുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്. അഴിമതിയെക്കുറിച്ച് യാതൊന്നും പറയുന്നില്ല എന്നിരിക്കെ അതിന്റെ പേരിൽ നോമിനേഷൻ തള്ളാൻ കമ്മീഷന് സാധിക്കില്ലെന്നാണ് തേജ് ബഹാദൂർ പറയുന്നത്. ഭരണകൂടത്തോട് കൂറ് കാണിച്ചില്ലെന്നും ഡിസ്മിസൽ ഓർഡറിൽ പറയുന്നില്ല. ഇക്കാരണങ്ങളാൽത്തന്നെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 9ന്റെ പരിധിയിൽ തന്റെ കേസ് വരുന്നില്ലെന്നും കമ്മീഷന്റെ വാദം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

This post was last modified on May 8, 2019 2:40 pm