X

2018ലെ റാഫേൽ വിധി ശരിയായിരുന്നു; പുനപ്പരിശോധന വേണ്ടെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

"യുപിഎ സർക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്ന വിലയെക്കാളും 2.86 ശതമാനം കുറഞ്ഞ വിലയിലാണ് ഇടപാട് നടന്നത്."

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന 2018ലെ സുപ്രീംകോടതി വിധി ശരിയായിരുന്നെന്നും അത് പുനപ്പരിശോധിക്കേണ്ടതില്ലെന്നും പറയുന്ന പുതിയ സത്യവാങ്മൂലം കേന്ദ്രസർക്കാർ സമർപ്പിച്ചു. പ്രതിരോധമന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ച് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച രേഖകളെ അടിസ്ഥാനമാക്കി പുനപ്പരിശോധന സംബന്ധിച്ച തീരുമാനമെടുക്കരുതെന്നും പ്രസ്തുത രേഖകൾ അപൂർണമാണെന്നും സത്യവാങ്മൂലം പറഞ്ഞു. റാഫേൽ യുദ്ധവിമാനക്കരാറിൽ രാജ്യത്തിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലം അവകാശപ്പെട്ടു.

ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിഎജി പരിശോധിച്ചിട്ടുള്ളതാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്ന വിലയെക്കാളും 2.86 ശതമാനം കുറഞ്ഞ വിലയിലാണ് ഇടപാട് നടന്നത്. ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണത്തെയും സത്യവാങ്മൂലം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപാടിനെ നിരീക്ഷിക്കുകയായിരുന്നു. അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഇന്നത്തെ സുരക്ഷാ സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ വിമാനക്കരാർ പരിശോധനയ്ക്ക് വിധേയമാക്കുന്നത് രാജ്യരക്ഷാപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദവും സത്യവാങ്മൂലം ആവർത്തിച്ചു.

2018 ഡിസംബർ മാസത്തിലെ സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളെ അടിസ്ഥാനമാക്കി കഴിഞ്ഞ വ്യാഴാഴ്ചയാണ് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനാവശ്യപ്പെട്ടത്. മെയ് നാലിന് സത്യവാങ്മൂലം വെക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരും അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണുമാണ് 2018 ഡിസംബർ 14ലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.

This post was last modified on May 4, 2019 5:59 pm