X

സ്വവർഗ ലൈംഗികത; ബ്രിട്ടിഷ് കാലത്തെ നിയമങ്ങൾ നിലനിർത്തണമോയെന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ 'പ്രകൃതി വിരുദ്ധമായ' രീതിയിൽ ലൈംഗിക ബന്ധം നടത്തുന്നത് കുറ്റകരമാണെന്നാണ് വകുപ്പ് പ്രസ്താവിക്കുന്നത്.

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത കുറ്റകരമായി കാണുന്ന ഐപിസി 377ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള വാദങ്ങളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കൊളോണിയൽ കാലഘട്ടത്തിൽ സ്വവർഗ ലൈംഗിക ബന്ധങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന നിയമം നിലനിർത്തേണ്ടതുണ്ടോയെന്ന വിഷയത്തിലാണ് കോടതി തീരുമാനമെടുക്കുക. ഒക്ടോബർ 2ന് വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ഒന്നാണ് ഇത്.

വകുപ്പിനെതിരെയുള്ള പെറ്റീഷനുകളിൽ പ്രതികരണം അറിയിക്കുന്നതിനായി വിധി പറയൽ നീട്ടിവെക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു കേന്ദ്ര സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രായപൂർത്തിയായ, ഒരേ ലിംഗപദവിയിലുള്ള രണ്ടുപേർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന നിയമത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കോടതിയുടെ വിവേകത്തിന് വിടുകയായിരുന്നു കേന്ദ്ര സർക്കാർ. പ്രായപൂർത്തിയാകാത്തവരും മൃഗങ്ങളുമായും ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗങ്ങൾ നിലനിർത്താൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ ‘പ്രകൃതി വിരുദ്ധമായ’ രീതിയിൽ ലൈംഗിക ബന്ധം നടത്തുന്നത് കുറ്റകരമാണെന്നാണ് വകുപ്പ് പ്രസ്താവിക്കുന്നത്. പ്രസ്തുത കുറ്റം ചെയ്യുന്നവർ നിയമപ്രകാരം 10 വർഷം വരെ തടവു ശിക്ഷ അനുഭവിക്കാനോ പിഴ അടക്കാനോ ബാധ്യസ്ഥരാണ്. 1861ൽ ബ്രിട്ടീഷ് ഭരണകാലത്താണ് നിയമം നിലവിൽ വന്നത്.

377ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും മുൻകാല വിധികൾ വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ജനുവരിയിൽ പറഞ്ഞിരുന്നു. 2013ലെ വിധിയുടെ പശ്ചാത്തലത്തിൽ ശിക്ഷാനടപടികളുടെ നിഴലിൽ കഴിയുന്ന അഞ്ചുപേരുടെ പെറ്റീഷനിൽ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞിരുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ പേരിൽ ഒരു വിഭാഗം ജനങ്ങൾ ഭയത്തിന്റെ നിഴലിൽ ജീവിക്കേണ്ടി വരരുതെന്നും മുമ്പ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

2001ൽ നാസ് ഫൗണ്ടേഷൻ എന്ന എൻജിഒ ആണ് സെക്ഷൻ 377 സംബന്ധിച്ച വിഷയം ആദ്യമായി ഉന്നയിക്കുന്നത്. അന്ന് ഡൽഹി ഹൈക്കോടതി 377ാം വകുപ്പിന്റെ പ്രസ്തുത ഭാഗം നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചിരുന്നു.

This post was last modified on September 6, 2018 8:45 am