X

യെദ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണാന്‍ ശോഭ കരന്തലജെ 1001 പടികയറി ചാമുണ്ഡേശ്വരിയെ കണ്ടു; വിശ്വാസപ്രമേയ ചർച്ച തുടരുന്നു; തന്നെ കുറ്റപ്പെടുത്തുന്നവരെപ്പോലെ കെട്ടുകണക്കിന് പണം തന്റെ പക്കലില്ലെന്ന് സ്പീക്കർ

ലോക്സഭാ മത്സരത്തിന് നോമിനേഷൻ കൊടുക്കാൻ പോകുന്ന ഘട്ടത്തിലും അവർ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിലേക്ക് ചെന്നിരുന്നു.

Chief Minister BS Yeddyurappa gets formal invitation for Mysore Dasara from Dist In-charge Minister Shobha Karandlaje at Vidhana Soudha in Bangalore on Monday. -KPN

കർണാടക നിയമസഭയിൽ പ്രതിസന്ധി തുടരുമ്പോൾ ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് പ്രാർത്ഥിക്കാൻ പാർലമെന്റംഗമായ ശോഭ കരന്തലജെ ചാമുണ്ഡേശ്വരി മല ചവിട്ടുന്നു. ക്ഷേത്രത്തിലേക്കുള്ള 1001 പടിയും നടന്നു കയറിച്ചെന്നാണ് ശോഭ തന്റെ ആത്മാഭിലാഷ സാധ്യത്തിനായി പ്രാർത്ഥിക്കുക. മൂന്നാമത്തെ ആഷാഢ വെള്ളിയാഴ്ചയിൽ ചാമുണ്ഡേശ്വരിയെ പ്രാർത്ഥിക്കുന്നത് അനുഗ്രഹം ലഭിക്കാൻ നല്ലതാണെന്നാണ് വിശ്വാസം.

യെദ്യൂരപ്പയുടെ ഏറ്റവുമടുത്ത അനുയായിയായാണ് ശോഭ കരന്തലജെ അറിയപ്പെടുന്നത്.

സ്പീക്കർ മറ്റാരുടെയൊക്കെയോ പ്രതിനിധിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ചാമുണ്ഡേശ്വരീ ക്ഷേത്രത്തിലെത്തിയ ശോഭ പറഞ്ഞു. സർ‌ക്കാരിന് ഭൂരുപക്ഷമില്ലാതായിട്ടും സ്പീക്കർ അവരെ സംരക്ഷിക്കുകയാണ്. ജെഡിഎസ്സും കോൺഗ്രസ്സും ഗവർണർക്കെതിരെയും ഭരണഘടനയ്ക്കെതിരെയും നീങ്ങുകയാണെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടരാൻ എച്ച്ഡി കുമാരസ്വാമിക്ക് ധാർമിക അവകാശമില്ലെന്നും അവർ പറഞ്ഞു.

ചിക്കമംഗലൂരു മണ്ഡലത്തിൽ നിന്നാണ് ശോഭ കരന്തലജെ മത്സരിച്ച് എംപിയായത്. ലോക്സഭാ മത്സരത്തിന് നോമിനേഷൻ കൊടുക്കാൻ പോകുന്ന ഘട്ടത്തിലും അവർ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിലേക്ക് ചെന്നിരുന്നു.

മൈസൂരിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള ചാമുണ്ഡി ഹിൽസിലാണ് ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇതിനിടെ കർണാടകത്തിൽ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുകയാണെന്ന് ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കഴിഞ്ഞദിവസം തുടങ്ങുകയും പിന്നീട് തുടരാനാകാതെ വരികയും ചെയ്ത നടപടിക്രമങ്ങളിലേക്കാണ് ഇപ്പോൾ ചേർന്ന നിയമസഭാ സമ്മേളനം പോകുന്നത്. വിശ്വാസപ്രമേയത്തിൽ ചർച്ചയിലേക്കാണ് സ്പീക്കർ കടന്നിരിക്കുന്നത്. ഇന്ന് പ്രമേയം അവതരിപ്പിക്കപ്പെടില്ലെന്നാണ് കരുതേണ്ടത്.

അതെസമയം തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവരെ വിമർശിച്ച് സ്പീക്കർ രംഗത്തെത്തുകയുണ്ടായി. തന്നെ വിമർശിക്കുന്നവർ ആദ്യം സ്വന്തം മുൻകാലങ്ങളെ ഓർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഇക്കാലമത്രയും സത്യസന്ധമായ പൊതുജീവിതമാണ് നയിച്ചത്. വിമർശിക്കുന്നവർക്ക് അവരുടേതായ ആശങ്കകളുണ്ടാകും. എന്നാൽ പക്ഷഭേദമില്ലാതിരിക്കാനുള്ള എല്ലാ വഴികളും തനിക്കു മുമ്പിൽ അടഞ്ഞുകിടക്കുന്നത് കാണാതിരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയിലേക്ക് കയറുന്നതിനു മുമ്പായാണ് സ്പീക്കർ ഈ പ്രസ്താവന നടത്തിയത്.

‘എന്നെ അറിയുന്നവർക്ക് മനസ്സിലാകും. മറ്റുള്ളവരെപ്പോലെ ലക്ഷങ്ങൾ കൂട്ടിവെച്ച് കഴിയുന്നയാളല്ല ഞാൻ. എനിക്ക് പക്ഷഭേദം കാണിക്കാതിക്കാനുള്ള എല്ലാ ശേഷിയുമുണ്ട്,’ -അദ്ദേഹം വ്യക്തമാക്കി.

This post was last modified on July 19, 2019 12:47 pm