X

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തണമെന്ന് നിയമ കമ്മീഷന് അമിത് ഷായുടെ കത്ത്

കഴിഞ്ഞദിവസം ബിജെപിയുടെ ഒരു ദൗത്യസംഘം ജസ്റ്റിസ് ചൗഹാനെ നേരിൽക്കണ്ടിരുന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തണമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബിഎസ് ചൗഹാന് കത്തെഴുതി. പ്രതിപക്ഷെ ഈ ആശയത്തെ എതിർക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്നതാണ് ഒരുമിച്ച് തെരഞ്ഞെടുപ്പുകൾ നടത്തുക എന്ന ആശയമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാലിത് ഫെഡറൽ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് അമിത് ഷാ പറഞ്ഞു. ചെലവ് ചുരുക്കാൻ കഴിയുമെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു.

ഫെഡറൽ വ്യവസ്ഥ അട്ടിമറിക്കപ്പെടുമെന്ന വാദത്തെ ഖണ്ഡിക്കാൻ 1980ലെ തെരഞ്ഞെടുപ്പിനെയാണ് അമിത് ഷാ കൂട്ടുപിടിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പും കർണാടക നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടന്നപ്പോൾ സംസ്ഥാനത്ത് ജെഡിഎസ്സും കേന്ദ്രത്തിൽ കോൺഗ്രസ്സുമാണ് അധികാരത്തിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ കാര്യമുന്നയിച്ച് കഴിഞ്ഞദിവസം ബിജെപിയുടെ ഒരു ദൗത്യസംഘം ജസ്റ്റിസ് ചൗഹാനെ നേരിൽക്കണ്ടിരുന്നു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു ഈ സംഘത്തിന്റെ സന്ദർശനം.

2019 തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തുടരാനുള്ള ജനവിധിക്കായി സാധ്യമായ എല്ലാ വഴികളും തേടുകയാണ് ബിജെപി. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നീട്ടിവെക്കുകയും ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ, ഭരണകൂടങ്ങളുടെ കാലാവധി ചുരുക്കി 2019ൽ തന്നെ നടത്തുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ ആശയം. ഇത് ബിജെപിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വേണ്ടിയുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

സമഗ്രാധിപത്യ (ഭൂരിപക്ഷ) ജനാധിപത്യത്തിന് തയ്യാറെടുത്തോളൂ

This post was last modified on August 14, 2018 7:58 am