X

മോദി പ്രധാനമന്ത്രിയായ ശേഷം 16 പാർട്ടികൾ എൻഡിഎ വിട്ടു; 5 പാര്‍ട്ടികൾ വിടുമെന്ന് ഭീഷണിപ്പെടുത്തുന്നു

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം എൻഡിഎ സഖ്യം വിട്ടുപോയത് വലുതും ചെറുതുമായ 16 പാർട്ടികൾ. ഈയാഴ്ചയുടെ തുടക്കത്തിൽ അസം ഗണ പരിഷത്ത് സഖ്യം വേർപെടുത്തിയതോടെയാണ് എൻഡിഎ വിടുന്ന കക്ഷികളുടെ എണ്ണം പതിനാറിലേക്ക് എത്തിയത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് സഖ്യം വിട്ട മറ്റൊരു പ്രധാന കക്ഷി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചതിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നായിഡുവിന്റെ കക്ഷി സഖ്യം വിട്ടത്. അസം ഗണപരിഷത്താകട്ടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ലോകസഭയിൽ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ എതിർത്താണ് സഖ്യം വിട്ടത്.

ഹരിയാന ജൻഹിത് കോൺഗ്രസ്സ്, മറുമലർച്ചി മുന്നേറ്റ കഴകം, ദേശീയ മുർപോക്ക് ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേന പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷവിക്ക്), സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രോണ്ട്, തെലുഗുദേശം പാർട്ടി, ഗൂർഖ ജന്മുക്തി മോർച്ച, കർണാടക പ്രഗ്ന്യാവന്ത ജനതാ പാർട്ടി, രാഷ്ട്രീയ ലോക് സമത പാർട്ടി, വികാസീൽ ഇൻസാൻ പാർട്ടി, ജമ്മു കശ്മീർ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി എന്നിവരാണ് ഇതിനകം എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചത്.

2014ൽ അധികാരത്തിലേറിയതിനു കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ എൻഡിഎയിൽ പൊട്ടിത്തെറിയുണ്ടായി. ഹരിയാനയിലെ അസംബ്ലി തെരഞ്ഞെടുപ്പ് വരുന്നതിനു തൊട്ടു മുമ്പായി ഈ കക്ഷി സഖ്യം വിട്ടു. എൻഡിഎ ഒരു വഞ്ചനാ സഖ്യമാണെന്ന് ആരോപിച്ചായിരുന്നു വിടുതൽ പ്രഖ്യാപനം.

അതെ വർഷം തന്നെയായിരുന്നു വൈക്കോയുടെ മറുമലർച്ചി കക്ഷിയുടെ പിരിഞ്ഞുപോരൽ. തമിഴർക്ക് എതിരാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ എന്നാരോപിച്ചായിരുന്നു വൈക്കോയുടെ പിരിഞ്ഞുപോക്ക്. പിന്നാലെ വിജയകാന്തിന്റെ ഡിഎംഡികെ സഖ്യത്തിൽ നിന്നും പിൻവാങ്ങി. മത്സരിച്ച എല്ലാ സീറ്റുകളിലും തോറ്റിരുന്നു വിജയകാന്തിന്റെ കക്ഷി. പട്ടാളി മക്കൾ കക്ഷി 2016ലാണ് സഖ്യം വിടുന്നത്.

തെലുഗു സൂപ്പര്‍ സ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാര്‍ട്ടിയും എൻഡിഎ സഖ്യം വിടുകയുണ്ടായി. എവി താമരാക്ഷന്റെ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടിയായ ബോൾഷെവിക്ക് ആർഎസ്പിയും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും എൻഡിഎ വിട്ടു.

ഇപ്പോൾ സഖ്യം വിടുമെന്ന ഭീഷണി ഉയർത്തുന്ന കക്ഷികളിൽ ഉത്തർ പ്രദേശിലെ അപ്നാ ദളും ഉൾപ്പെടുന്നു. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി, ലോക് ജനശക്തി പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയും സഖ്യം വിടുമെന്ന ഭീഷണി ഉയർത്തുകയാണ്.

കൂടുതൽ വായിക്കാം

This post was last modified on January 11, 2019 7:11 pm