X

യെച്ചൂരി സ്റ്റാലിനെ കണ്ടു; തമിഴ്നാട്ടില്‍ സിപിഎം-ഡിഎംകെ സഖ്യം; ദേശീയ മഹാസഖ്യത്തിലേക്കുള്ള ചുവടുവെയ്പ്

ഡിഎംകെയുമായി സഖ്യത്തിന് സിപിഎം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നേരത്തെ സ്റ്റാലിൻ പറഞ്ഞിരുന്നു.

വരുന്ന തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ഡിഎംകെക്ക് പിന്തുണ നൽകാൻ സിപിഎം തീരുമാനിച്ചു. ഡിഎംകെ പ്രസിഡണ്ട് എംകെ സ്റ്റാലിന്റെ വീട്ടിൽ നേരിട്ടെത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചർച്ച നടത്തി. ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ യെച്ചൂരി തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

“വരുന്ന തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ഡിഎംകെക്ക് പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. രാജ്യത്തെ ജനങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ഐക്യവും സഹവർത്തിത്വവും അന്തസ്സും കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ സഖ്യം” എന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.

ഡിഎംകെയുമായി സഖ്യത്തിന് സിപിഎം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നേരത്തെ സ്റ്റാലിൻ പറഞ്ഞിരുന്നു. വിവിധ പാർട്ടികൾ ഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നതിനു കാരണം അവർ കലൈഞ്ജർ മുമ്പോട്ടു വെച്ച ആശയങ്ങളെ സംരക്ഷിക്കണമെന്ന് കരുതുന്നതു കൊണ്ടാണെന്നും സ്റ്റാലിൻ പറയുകയുണ്ടായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, കോൺഗ്രസ്സ്, എംഎംകെ തുടങ്ങിയ കക്ഷികൾ ഡിഎംകെക്ക് പിന്തുണ നൽകിയിരുന്നു. ഇത്തവണ ഇവരുടെ നിലപാടുകളെന്തായിരിക്കുമെന്ന് വ്യക്തമല്ല. വൈക്കോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ഇതിനകം തന്നെ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിടുതലൈ ചിരുതൈകൾ കച്ചി എന്ന ദളിത് പാർട്ടിയും സിപിഐയും ഡിഎംകെക്കാണ് പിന്തുണ നൽകുന്നത്.

സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടന്ന വിവരം ട്വിറ്ററിലൂടെ സ്റ്റാലിൻ അറിയിച്ചു. #RoadTo2019 എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. 2019 പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ തോൽപ്പിക്കാനുള്ള സഖ്യത്തെക്കുറിച്ചാണ് തങ്ങൾ ചർച്ച ചെയ്തതെന്ന് സ്റ്റാലിൻ പറഞ്ഞു.

സിപിഎമ്മിന്റെ ഈ നീക്കം ദേശീയതലത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ബിജെപിക്കെതിരായ മഹാസഖ്യത്തിൽ ഡിഎംകെയെ ഉറപ്പിച്ചു നിറുത്തുക എന്ന ഉദ്ദേശ്യം ഇതിനു പിന്നിലുണ്ട്. കഴിഞ്ഞയാഴ്ച എച്ച്ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവരും സ്റ്റാലിനെ കാണുകയുണ്ടായി.

താരങ്ങള്‍ക്കു വേണ്ടി സ്വയം വഴങ്ങുന്ന രാഷ്ട്രീയമാണ് തമിഴകത്തിന്റേത് എന്നതൊരു വലിയ തെറ്റിധാരണയാണ്

This post was last modified on November 13, 2018 10:11 pm