X

ശ്രീനഗർ മേയർ വീട്ടു തടങ്കലിൽ; നടപടി ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെ വിമർശിച്ചതിനു പിന്നാലെ

ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് വക്താവാണ് മട്ടു.

ശ്രീനഗർ മേയർ ജുനൈദ് അസീം മട്ടുവിനെ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോർട്ട്. കശ്മീരിലെ കേന്ദ്ര നടപടികളെ നിശിതമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ നടപടി. “”തെരുവില്‍ മൃതദേഹങ്ങളില്ല എന്നതിനര്‍ത്ഥം കാശ്മീര്‍ ശാന്തമാണ് എന്നല്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാശ്മീര്‍ താഴ്‌വര സാധാരണനിലയിലേയ്ക്ക് തിരിച്ചെത്തി എന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നും ജുനെയ്ദ് മട്ടു പറയുകയുണ്ടായി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുനെയ്ദ് ഇക്കാര്യം പറഞ്ഞത്.

ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് വക്താവാണ് മട്ടു.

രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശ്രീനഗര്‍ മേയര്‍ വിമര്‍ശിച്ചിരുന്നു. ഭീകരവാദികളുടെ ഭീഷണികളെയും അക്രമങ്ങളെയും അതിജീവിച്ചാണ് വര്‍ഷങ്ങളായി മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തകര്‍ കാശ്മീരില്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വേട്ടയാടപ്പെടുകയാണ്. ജുനെയ്ദ് മട്ടുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ സജ്ജാദ് ലോണും തടവിലാണ്. ബിജെപിയുടെ മുന്‍ സഖ്യകക്ഷി കൂടിയാണ് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുക്കളുമായും വേണ്ടപ്പെട്ടവരുമായും ബന്ധപ്പെടാന്‍ കഴിയാത്ത നിലയിലാണുള്ളത് എന്ന് ജുനെയ്ദ് മട്ടു ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് നിലനില്‍പ്പിന്റെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അക്രമം കാശ്മീരില്‍ പുതിയ കാര്യമല്ല. എന്നാല്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെ ന്യായീകരിക്കുന്ന നിലയാണ് ഇപ്പോളുള്ളത് എന്നും ജുനെയ്ദ് മട്ടു കുറ്റപ്പെടുത്തുകയുണ്ടായി

അതെസമയം മട്ടുവിനെ തടങ്കലിലാക്കിയതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.