X

സ്റ്റെർലൈറ്റ് കൂട്ടക്കൊല: പകുതിയോളം പേർക്ക് വെടിയേറ്റത് പിന്നിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നെഞ്ചിലും തലയിലും വെടിയേറ്റു

കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളായ ജെ സ്നോവ്‌ലിന് തലയുടെ പിൻവശത്താണ് വെടിയേറ്റത്.

തമിഴ്നാട്ടിൽ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിയ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ പകുതിയോളം പേർക്കും പിന്നിൽ നിന്നാണ് വെടിയേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. 13 പേരാണ് സ്റ്റെർലൈറ്റ് സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തലയ്ക്കും നെഞ്ചിനുമാണ് പലർക്കും വെടിയേറ്റിട്ടുള്ളത്. രണ്ടുപേർക്ക് തലയുടെ വശങ്ങളിലാണ് വെടിയേറ്റത്.

കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായ ജെ സ്നോവ്‌ലിന് തലയുടെ പിൻവശത്താണ് വെടിയേറ്റത്.

പൊലീസിന് വെടിവെക്കാനുള്ള അനുവാദമുണ്ടെങ്കിലും അതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സ്റ്റെർലൈറ്റ് സമരക്കാർക്കെതിരെ പൊലീസ് വെടിവെച്ചതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലുന്നത് മാത്രം ലക്ഷ്യം വെച്ചുള്ള വെടിവെപ്പ് അരുതെന്നാണ് ചട്ടം. വെടി കൊള്ളുകയാമെങ്കിൽ അരയ്ക്കു താഴെ കൊള്ളുന്ന തരത്തിൽ വേണം വെടിവെപ്പ് നടത്താൻ.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റെർലൈറ്റ് പ്ലാന്റ്. തൂത്തുക്കുടിയിലെ ഈ പ്ലാന്റ് പ്രദേശത്ത് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. കൂട്ടക്കൊലയെ തുടർന്ന് പ്ലാന്റ് അടച്ചെങ്കിലും കമ്പനി ഇതിനെതിരെ കോടതിവിധി സമ്പാദിച്ചിട്ടുണ്ട്. ഇതോടെ പ്ലാന്റ് വീണ്ടും തുറക്കാൻ അവസരമൊരുങ്ങിയിരിക്കുകയാണ്.