X

രാഹുൽ ഗാന്ധിയുടെ ‘ബ്രിട്ടിഷ് പൗരത്വം’ സംബന്ധിച്ച ഹരജി സുപ്രീംകോടതി തള്ളി; ആരോപണത്തിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ്

'ഈ ഹരജിയിൽ യാതൊരു കഴമ്പുമില്ല. ഞങ്ങൾ ഹരജി തള്ളുകയാണ്,' ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നുമുള്ള ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജി സുപ്രീംകോടതി തള്ളി. ഹരജിയിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതി തള്ളിയത്. ബ്രിട്ടിഷ് കമ്പനിയുടെ രേഖകളിൽ‌ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ആരോപണം. രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടുള്ള പരാതിയിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകണമെന്നും സുബ്രഹ്മണ്യൻ സ്വാമി ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കഴമ്പില്ലെന്ന കാരണത്താൽ ഇതും കോടതി തള്ളിയിട്ടുണ്ട്.

‘ഒരു കുറിപ്പിൽ രാഹുലിന്റെ പൗരത്വം ബ്രിട്ടിഷ് ആണെന്ന് എഴുതിയെന്നതിന്റെ പേരിൽ മാത്രം അദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോ’യെന്ന് കോടതി ചോദിച്ചു. ‘ഈ ഹരജിയിൽ യാതൊരു കഴമ്പുമില്ല. ഞങ്ങൾ ഹരജി തള്ളുകയാണ്,’ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

‘ആരോഗ്യകരമായ അഭിലാഷം’

രാഹുലിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അഭിലാഷമുണ്ടെന്നും കോടതി അത് തടയണമെന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ മറ്റൊരാവശ്യം. ആർക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതെന്നും അതൊരു ആരോഗ്യകരമായ അഭിലാഷമാണെന്നും പറഞ്ഞാണ് പ്രസ്തുത വാദത്തെ കോടതി തള്ളിയത്.

സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ആദ്യം ആഭ്യന്തരമന്ത്രാലയത്തിനാണ് പോയത്. ഇതിന്മേൽ മന്ത്രാലയം രാഹുലിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. യുകെയിലെ ഒരു കമ്പനിയുടെ ഡയറക്ടറാണ് രാഹുല്‍ ഗാന്ധി എന്നും താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് അദ്ദേഹം 2005-2006ലെ കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു. അമേഠിയില്‍ രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധ്രുവ് ലാലും സമാനമായ പരാതിയുമായി രംഗത്ത് വന്നിരുന്നു. അതേസമയം അമേഠിയിലെ റിട്ടേണിംഗ് ഓഫീസര്‍ രാം മനോഹര്‍ മിശ്ര രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിക്കുകയായിരുന്നു. പൗരത്വവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ രാഹുലിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ട് എന്ന് ധ്രുവ് ലാല്‍ ആരോപിച്ചിരുന്നു.

ബിജെപി ഈ ആരോപണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു.

This post was last modified on May 9, 2019 1:35 pm