X

തെലങ്കാനയില്‍ ടിആര്‍എസ് രണ്ടാം വട്ടവും അധികാരത്തിലേക്ക്; കോണ്‍ഗ്രസ് പ്രതീക്ഷ കാത്തില്ല

ബിജെപിക്ക് അഞ്ചു സീറ്റിലും മുന്നേറ്റം

തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളൊക്കെ തെറ്റിച്ചു കൊണ്ട് കോണ്‍ഗ്രസ് തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടി.ആര്‍എസ് ഭരണത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 60 സീറ്റ് കടന്ന് ടി.ആര്‍.എസ് മുന്നേറുകയാണ്. അവസാന ഫലം വരുമ്പോള്‍ ടിആര്‍എസ് 72 സീറ്റിലും കോണ്‍ഗ്രസ് 33 സീറ്റിലും മുന്നിലാണ്.

കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനെതിരെ കോണ്‍ഗ്രസ്, തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി), സി.പി.ഐ, തെലങ്കാന ജന സമിതി (ടി.ജെ.എസ്) സഖ്യമാണ് മത്സരിച്ചത്. കോണ്‍ഗ്രസ് 94 സീറ്റിലും ടിഡിപി 13 സീറ്റിലും സിപിഐ മൂന്നു സീറ്റിലും ടിജെഎസ് ഒമ്പത് സീറ്റിലും മത്സരിച്ചു.

119 അംഗ നിിയമസഭയിലേക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് 63 സീറ്റും കോണ്‍ഗ്രസ് 21 സീറ്റിലും ടിഡിപി 15 സീറ്റിലും വിജയിച്ചെങ്കിലും മിക്ക എംഎല്‍എമാരും ടിആര്‍എസിലേക്ക് കാലുമാറിയിരുന്നു. തെരഞ്ഞെടുപ്പ് നേരത്തെയാക്കി നിയമസഭാ പിരിച്ചു വിടുമ്പോള്‍ 90 എംഎല്‍എമാരായിരുന്നു ടിആര്‍എസിനൊപ്പം.

ബിജെപി, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐ എന്നിവരാണ് തെരഞ്ഞെടുപ്പ് കളത്തിലുള്ള മറ്റു പാര്‍ട്ടികള്‍. ഇതില്‍ ബിജെപി അഞ്ചു സീറ്റുകളും എഐഎംഐ ഏഴു സീറ്റിലും വിജയിച്ചിരുന്നു.

മിക്ക എക്‌സിറ്റ് പോളുകളും തെലങ്കാനയില്‍ ടിആര്‍എസിന് ഭൂരിപക്ഷം പ്രവചിക്കുകയൂം ചില എക്‌സിറ്റ് പോളുകള്‍ തൂക്കുനിയമസഭയും പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും മുന്നില്‍ വന്നിരുന്നില്ല.

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് സഖ്യത്തെ സഹായിക്കും എന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതുണ്ടായില്ല എന്നാണ് ഫലം തെളിയിക്കുന്നത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കെസിആര്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ് എന്നായിരുന്നു കോണ്ഗ്രസ് പ്രചരണം. ഒപ്പം, ബിജെപിയുടെ ബി ടീമാണ് ടിആര്‍എസ് എന്നും പ്രചാരണം ഉണ്ടായിരുന്നു. കെസിആറും മകന്‍ കെ.ടി രാമറാവുവും മകള്‍ കവിതയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും കുടുംബാധിപത്യമാണ് ടിആര്‍എസില്‍ നിലനില്‍ക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിനൊപ്പം ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും അവിടെ പ്രചരണം നടത്തിയത്.

എന്നാല്‍, തെലുങ്കരുടെ ‘സ്വാഭിമാനം’ എന്ന പ്രചരണമുയര്‍ത്തി കെസിആര്‍ ഇതിനെ മറികടക്കുകയായിരുന്നു. തെലങ്കാന രൂപീകരിക്കാന്‍ എതിര് നിന്ന ടിഡിപിയെ കൂട്ടി കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ടിആര്‍എസിന്റെ പ്രചരണം.

This post was last modified on December 11, 2018 10:03 am