X

കാശ്മീര്‍: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വന്‍ സുരക്ഷ, തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

എല്ലാ വിമാനത്താവളങ്ങളിലും ഭീകരാക്രമണത്തോട് അതിവേഗം പ്രതികരിക്കാൻ 'ക്യുക്ക് റെസ്പോൺസ്' സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാധികാര പദവി നീക്കം ചെയ്ത നടപടിക്കു പിന്നാലെ രാജ്യത്തെമ്പാടും സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ 19 വിമാനത്താവളങ്ങളിൽ പരിശോധനകളും സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ശക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം സംഘടിപ്പിക്കപ്പെട്ടേക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റർ പരിസരങ്ങളിൽ കർശനമായ വാഹന പരിശോധനയും നടക്കും. കേരളത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ലഖ്നൗ, ശ്രീനഗർ, പാറ്റ്ന, ഗുവാഹട്ടി, ഭോപ്പാൽ, ഭൂവനേശ്വർ, ഡെറാഡൂൺ, അഹ്മദാബാദ്, ഇംഫാൽ, ചെന്നൈ, കൊൽക്കത്ത, അമൃത്സർ, തിരുവനന്തപുരം, റായ്പൂർ, ജയ്പൂർ എന്നീ വിമാനത്താവളങ്ങൾക്കാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. വിമാനത്താവളങ്ങൾക്കും എയർലൈൻ ഓപ്പറേറ്റർമാർക്കും ഇതുസംബന്ധിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ വിഭാഗം എഴുതിയതായും റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സുരക്ഷാ ഏജൻസികളിൽ നിന്നും ലഭിക്കുന്ന സുരക്ഷാപരമായ നിർദ്ദേശങ്ങളുടെ ഭാഗമായാണ് നിർദ്ദേശം. പൊതുവ്യോമയാന മേഖലയ്ക്ക് തുടർച്ചയായ ഭീഷണികൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. എയർസ്ട്രിപ്പുകൾ, എയർ ഫോഴ്സ് സ്റ്റേഷനുകൾ, ഹെലിപ്പാഡുകൾ, ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണം ശക്തമാക്കും.

എല്ലാ വിമാനത്താവളങ്ങളിലും ഭീകരാക്രമണത്തോട് അതിവേഗം പ്രതികരിക്കാൻ ‘ക്യുക്ക് റെസ്പോൺസ്’ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവിയും അവകാശങ്ങളും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370യും 35എയും പിന്‍വലിച്ച നടപടിയും കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടിയും വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കാശ്മീര്‍ പുനസംഘടനാ ബില്‍, സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാണ് ആദ്യം പാസാക്കിയത്. ലോക്‌സഭയിലും പിന്നീട് പാസാക്കി. ജമ്മു കാശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയാണ് വിഭജിച്ചത്.

This post was last modified on August 8, 2019 8:10 am