X

‘ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലാതാക്കിയവരൊക്കെ ചരിത്രത്തിൽ കീഴടങ്ങിയിട്ടുണ്ട്’: അമിത് ഷാ പശ്ചിമബംഗാളിൽ

ഷാ പ്രസംഗം നടത്തുന്ന മൈതാനത്തിനു ചുറ്റും തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകര്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി നിറഞ്ഞിരുന്നു.

മമത ബാനർജിയെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള ദൗത്യവുമായി താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോകുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ബിജെപിയെ താൻ അധികാരത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ ബിജെപി യുവമോർച്ച റാലിയെ അഭിസംബോധന ചെയ്യുകയായികുന്നു അമിത് ഷാ. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് തലസ്ഥാനനഗരത്തിൽ അമിത് ഷായുടെ പ്രസംഗം കേൾക്കാൻ എത്തിയിരുന്നത്.

ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ, ജനങ്ങളെ അടിച്ചമർത്തുകയും ആഴിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടുകയും ചെയ്തിട്ടുള്ള ഏതൊരു നേതാവും സാധാരണക്കാരാൽ അടിച്ചമർത്തപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അത് ബംഗാളിലും സംഭവിക്കുമെന്ന് ഷാ വ്യക്തമാക്കി. മമതാ ബാനർജിയെ ഉദ്ദേശിച്ചായിരുന്നു ഈ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഷാ പ്രസംഗം നടത്തുന്ന മൈതാനത്തിനു ചുറ്റും തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകര്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി നിറഞ്ഞിരുന്നു. ബംഗാൾ വിരുദ്ധ, ബംഗാളി വിരുദ്ധ ബിജെപി തിരിച്ചുപോകണമെന്ന് മുദ്രാവാക്യങ്ങൾ ആവശ്യപ്പെട്ടു.

ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലാണ് ബിജെപി ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. ഇക്കാരണത്താൽ തന്നെ തങ്ങളെ ബംഗാൾ വിരുദ്ധരെന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിനെ ശ്യാമപ്രസാദ് മുഖർജിയുടെ ബംഗാളാക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.