X

ഫഡ്നാവിസ്സിനോട് ഉദ്ധവ് പുറത്തിരിക്കാൻ പറഞ്ഞു; ഉലഞ്ഞ ബന്ധമുറപ്പിക്കാൻ അമിത് ഷാ നടത്തുന്ന ശ്രമത്തിന് തുടക്കത്തിലേ കല്ലുകടി

കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ തിരിച്ചടി ചർച്ചയായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

തെരഞ്ഞെടുപ്പു പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ശിവസേനയുമായി ഉലഞ്ഞു നിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നടത്തുന്ന ശ്രമത്തിന് കയ്പേറിയ തുടക്കം. മുംബൈയിൽ വെച്ച് ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച നടന്നെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സിന് പുറത്തിരിക്കേണ്ടി വന്നു. ഫഡ്നാവിസ്സിനൊപ്പമിരുന്ന് കൂടിക്കാഴ്ച സാധ്യമല്ലെന്ന് ഉദ്ധവ് പറഞ്ഞതോടെ അമിത് ഷാ അദ്ദേഹത്തെ പുറത്തേക്ക് മാറ്റുകയായിരുന്നു.

മുംബൈ ബാന്ദ്രയിലെ താക്കറെയുടെ വീടായ മാതോശ്രീയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വീടിന്റെ രണ്ടാംനിലയിൽ കൂടിക്കാഴ്ച നടക്കുമ്പോൾ ഫഡ്നാവിസ്സിന് താഴത്തെ നിലയിൽ ഇരിക്കേണ്ടതായി വന്നു.

ഇന്നലെ കാലത്തു തന്നെ തനിക്ക് അമിത് ഷായുമായി മാത്രമേ കൂടിക്കാഴ്ച നടത്താൻ സാധിക്കൂ എന്നത് ഉദ്ധവ് സന്ദേശമയച്ചിരുന്നു എന്നാണറിയുന്നത്. എന്നാൽ, അമിത് ഷാ ഫഡ്നാവിസ്സിനെയും കൂട്ടിയാണ് എത്തിയത്.

കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ തിരിച്ചടി ചർച്ചയായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ശിവസേന പലയിടങ്ങളിലും പരാജയത്തിന്റെ പ്രധാന ഘടകമായി മാറി. മഹാരാഷ്ട്രയിലെ പൽഘാർ മണ്ഡലത്തിൽ ശിവസേന വേറെ സ്ഥാനാർത്ഥിയെ നിറുത്തുകയും ചെയ്തു.

ബിജെപിക്ക് മുംബൈയിൽ കാലുറപ്പിക്കാനുള്ള താൽപര്യമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഇതിനായി ബിജെപി ശ്രമം തുടങ്ങിയതോടെ തങ്ങളുടെ നിലം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ശിവസേന കലാപമുയർത്തുകയായിരുന്നു. 2019 തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്കു വേണ്ടി ശ്രമിക്കുന്ന ബിജെപിക്ക് ശിവസേന സഖ്യം വിടുമെന്ന ഭീഷണി ഗൗരവതരമാണ്.

എൻഡിഎയെ ശക്തിപ്പെടുത്താൻ അമിത് ഷാ നടത്തുന്ന ‘സമ്പർക്ക് ഫോർ സമാധാൻ’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച.

Related Post
Leave a Comment