X

കാശ്മീര്‍ മുള്‍മുനയില്‍ത്തന്നെ; നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ചു പേരെ വധിച്ചു; വെള്ളക്കൊടിയുമായി വന്ന് മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് ഇന്ത്യന്‍ സൈന്യം

സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചിരിക്കുന്നതിന് ഇടയിലാണ് ബാറ്റും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം.

കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് പാകിസ്താന്‍ സൈന്യത്തോട് ഇന്ത്യ. ജമ്മു കാശ്മീരിലെ കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ ആര്‍മിയുടെ ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) അംഗങ്ങള്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. പാകിസ്താനി സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളാണ് ഈ അഞ്ച് പേരെന്ന് ആര്‍മി വൃത്തങ്ങള്‍ പറയുന്നു. അതേസമയം പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. വെള്ളക്കൊടികളുമായി വന്ന് മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ആര്‍മിയുടെ അഞ്ച് പോസ്റ്റുകള്‍ ബാറ്റ് ആക്രമിച്ചു എന്നാണ് സൈന്യം പറയുന്നത്. പൂഞ്ച് ജില്ലയിലെ മെന്‍ധര്‍ സെക്ടറിലും ഇന്നലെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും ശക്തമായ തിരിച്ചടി നല്‍കിയതായും ഇന്ത്യന്‍ ആര്‍മി പറയുന്നു.
സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചിരിക്കുന്നതിന് ഇടയിലാണ് ബാറ്റും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം.
ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്‌സില്‍ പാക് സൈനികര്‍ മാത്രമല്ല, ഭീകരപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഇന്ത്യ ആരോപിക്കുന്നു. സുരക്ഷാസേന ഇത്തരം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ വര്‍ഷത്തേയും അമര്‍നാഥ് തീര്‍ത്ഥാടക സീസണ്‍ ഭീകരാക്രമണ ഭീഷണിയുടെ നിഴലിലാകാറുണ്ടെങ്കിലും ഇത്തവണ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാണ്.

സുരക്ഷാഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും യാത്ര വെട്ടിച്ചുരുക്കി സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ക്ക് പാക് സൈന്യം നല്‍കിയ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎസ് നിര്‍മ്മിത സ്‌നിപ്പര്‍ റൈഫിള്‍, ഐഇഡികള്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസസ്), പാകിസ്താന്‍ ഓര്‍ഡന്‍സ് ഫാക്ടറി നിര്‍മ്മിച്ച കുഴി ബോംബ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

ഫെബ്രുവരി 14ന്റെ പുല്‍വാമ ഭീകരാക്രമണത്തിനും ഫെബ്രുവരി 26ന്റെ ബലാകോട് വ്യോമാക്രമണത്തിനും ശേഷം അതിര്‍ത്തിയില്‍ ശക്തമായ ഇന്ത്യ – പാക് സേനകള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായിരിക്കുകയാണ്. ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് പാകിസ്താന് ഇടയ്ക്കിടെ മുന്നറിയിപ്പുകളും താക്കീതുകളും നല്‍കുന്നു. അതേസമയം ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, സുരക്ഷാഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ സൈനികരെ ജമ്മു കാശ്മീരില്‍ നിയോഗിച്ചിരുന്നു. 35000 അര്‍ദ്ധസൈനികരെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ പാക് സൈന്യത്തിന്റെ പിന്തുണയുള്ള ഭീകരര്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് വിവരമുണ്ടെന്ന് സൈന്യം അറിയിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

അതേസമയം ആര്‍ട്ടിക്കില്‍ 35 എ, 370 എന്നിവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന ആശങ്ക കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. താഴ്‌വരയിലെ ജനങ്ങള്‍ക്കുള്ള ആശങ്ക നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ഈ വകുപ്പുകള്‍ പിന്‍വലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ല എന്നാണ് ഗവര്‍ണറുടെ വിശദീകരണം. എന്നാല്‍ ഗവര്‍ണറല്ല ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് എന്നും കേന്ദ്ര സര്‍ക്കാര്‍ ആണ് എന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.

അമര്‍നാഥ് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ സംസ്ഥാനം വിടാനുള്ള ഗവര്‍ണറുടെ ഉത്തരവ് വലിയ ഭീതി പരത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ശ്രീനഗര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ടിക്കറ്റ് പോലുമില്ലാതെ തിരക്കിട്ടെത്തി. ഭയപ്പെടേണ്ട കാര്യമില്ല എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവിധ കക്ഷി നേതാക്കളോടും പൊതുജനങ്ങളോടും നിരന്തരം പറയുന്നുണ്ടെങ്കിലും ഭീതിയുടേയും ആശങ്കയുടേയും അന്തരീക്ഷമാണ് കാശ്മീര്‍ താഴ്‌വരയില്‍ നിരന്തരമുള്ളത്. മോദി സര്‍ക്കാരിന്റെ അമിത സൈനികവത്കരണ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്ന് വിലയിരുത്തലുണ്ട്. കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കുമെന്ന പ്രചാരണം ബിജെപി ക്യാമ്പുകള്‍ നിരന്തരം നടക്കുന്നിന് ഇടയിലാണ് ഇത്തരം സുരക്ഷ ശക്തമാക്കുന്ന നടപടികള്‍.

ഗുല്‍മാര്‍ഗ് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍. ഒമര്‍ അബ്ദുള്ള ഇത് ചോദ്യം ചെയ്തിരുന്നു. ഒരേസമയം ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് പറയുകയും മറുവശത്ത് ആശങ്കയും ഭീതിയും ഉണ്ടാക്കുന്ന നടപടികളും സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് ആരോപണം. രാജ്‌നാഥ് സിംഗ് ഒന്നാം മോദി സര്‍ക്കാര്‍ ആണ് കാശ്മീരിലെ പ്രതിഷേധക്കാരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് അടക്കം നേരിടുന്ന തരത്തിലേക്കുള്ള ആക്രമണോത്സുക നയത്തിന് തുടക്കം കുറിച്ചത്.

ചിത്രങ്ങള്‍: ഇന്ത്യന്‍ ആര്‍മി

This post was last modified on August 4, 2019 4:54 pm