X

മുസ്ലീം എംപിമാര്‍ മാത്രം യുഎപിഎ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് ദുഖകരം: ഒവൈസി

യുഎപിഎ ബില്ലിനോട് വിയോജിപ്പുകളും എതിര്‍പ്പുകളുമുള്ളവര്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറാവാഞ്ഞത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് എന്ന് ഒവൈസി അഭിപ്രായപ്പെട്ടു.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്ന വിവാദ യുഎപിഎ ഭേദഗതി ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്തത് മുസ്ലീം എംപിമാര്‍ മാത്രമാണ് എന്നത് ദുഖകരമാണ് എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് ഒവൈസിക്ക് പുറമെ എഐഎംഐഎം എംപി ഇംതിയാസ് ജലീല്‍, ബി എസ് പിയുടെ ഹാജി ഫസലുര്‍ റഹ്മാന്‍, മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി, എയുഡിഎഫിന്റെ ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തവര്‍. 287 വോട്ടുകളാണ് ബില്ലിന് അനുകൂലമായി വന്നത്.

യുഎപിഎ ബില്ലിനോട് വിയോജിപ്പുകളും എതിര്‍പ്പുകളുമുള്ളവര്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറാവാഞ്ഞത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് എന്ന് ഒവൈസി അഭിപ്രായപ്പെട്ടു. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത എട്ട് എംപിമാര്‍ ഇസ്ലാം മത വിശ്വാസികളാണ് എന്നത് വസ്തുതയാണ്. എന്നാല്‍ ഈ പ്രവണത വളരെ ഗുരുതരമായ പ്രശ്‌നമാണ്. എല്ലാ പാര്‍ട്ടികളും ഇതേക്കുറിച്ച് ആലോചിക്കണം – അസദുദ്ദീന്‍ ഒവൈസി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്‍ഐഎ ഭേദഗതി ബില്ലിനെ എതിര്‍ത്ത വോട്ട് ചെയ്ത ചുരുക്കം എംപിമാരില്‍ ഒരാളാണ് അസദുദ്ദീന്‍ ഒവൈസി.

യുഎപിഎ എന്ന കിരാത നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അവരാണ് ഇതിന് ഉത്തരവാദികള്‍ എന്നും ഒവൈസി പറഞ്ഞു. നിരപരാധികള്‍ ഈ നിയമത്താല്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഫിദല്‍ കാസ്‌ട്രോ പറഞ്ഞതുപോലെ ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും. മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുസ്ലീങ്ങളെ ഒതുക്കുകയാണ് എന്നും ഒവൈസി ആരോപിച്ചു. അധികാരത്തില്‍ വന്നാല്‍ ഇവര്‍ യുഎപിഎ, എന്‍ഐഎ പോലുള്ള നിയമങ്ങളുണ്ടാക്കും, ബിജെപിയെ പോലെ പെരുമാറും. അധികാരം നഷ്ടമായാല്‍ മുസ്ലീങ്ങളുടെ വല്യേട്ടനാകാന്‍ നോക്കും – ഒവൈസി പറഞ്ഞു.

This post was last modified on July 28, 2019 7:44 am