X

ചന്ദ്രയാന്‍ 2: “നിങ്ങളുടേത് ചെറിയ നേട്ടമല്ല, പ്രതീക്ഷ കൈവിടരുത്” എന്ന് പ്രധാനമന്ത്രി

നിങ്ങളുടേത് ചെറിയ നേട്ടമല്ല, രാജ്യം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി 10 മിനുട്ടിന് ശേഷം, ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പ്രതീക്ഷ കൈവിടരുത് എന്നാണ്. ദൗത്യം വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ പ്രധാനമന്ത്രി സമാധാനിപ്പിച്ചു. നിങ്ങളുടേത് ചെറിയ നേട്ടമല്ല, രാജ്യം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയിരിക്കുന്ന പവലിയനിലെത്തി, ശിവന്‍ അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് ശാസ്ത്രജ്ഞരും ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും എന്നായിരുന്നു പ്രതീക്ഷ. ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത് എന്ന് ശിവന്‍ പറയുന്നു. അവസാന 15 മിനുട്ട് നിര്‍ണായകമാണെന്നും ഭീതിയുടെ നിമിഷങ്ങളാണെന്നും കെ ശിവന്‍ ഇന്നലെ പറഞ്ഞിരുന്നു.

ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ലോകത്തെ ആദ്യ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവുമാകുമായിരുന്നു ഇന്ത്യ. മുമ്പ് യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിട്ടുള്ളത്.

ജൂലായ് 23നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്, ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റില്‍ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ആദ്യ ശ്രമം സാങ്കേതിക തകരാര്‍ മൂലം ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

This post was last modified on September 7, 2019 8:06 am