X

“മോദി കൃഷ്ണന്‍, അമിത് ഷാ അര്‍ജ്ജുനന്‍, അതോ തിരിച്ചോ?” കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ പ്രശംസിച്ച് രജനീകാന്ത്‌

"ഇതിലാരാണ് കൃഷ്ണന്‍, ആരാണ് അര്‍ജ്ജുനന്‍ എന്ന് നമുക്കറിയില്ല. മിഷന്‍ കാശ്മീരിന് അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍" - രജനീകാന്ത് പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രശംസിച്ച് രജനീകാന്ത്. മോദിയും അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്മാരെ പോലെയാണ്. ഇതിലാരാണ് കൃഷ്ണന്‍, ആരാണ് അര്‍ജ്ജുനന്‍ എന്ന് നമുക്കറിയില്ല. മിഷന്‍ കാശ്മീരിന് അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍ – ചെന്നൈയിലെ ഒരു പുസ്തക പ്രകാശന പരിപാടിയില്‍ രജനീകാന്ത് പറഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷിയായ തമിഴ്‌നാട്ടിലെ ഭരണകക്ഷി എഐഎഡിഎംകെയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടിയെ പിന്തുണച്ചു. അതേസമയം മക്കള്‍ നീതി മയ്യം നേതാവായ നടന്‍ കമല്‍ഹാസന്‍ ഡിഎംകെയെ പോലെ കാശ്മീര്‍ വിഭജനത്തേയും പ്രത്യേക പദവി എടുത്തുകളഞ്ഞതിനേയും ശക്തമായി വിമര്‍ശിച്ചു. ജനാധപത്യത്തെ കടന്നാക്രമിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേത് എന്ന് കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. ഇത് ഇത് സ്വേച്ഛാധിപത്യപരവും അടിച്ചമര്‍ത്തല്‍ നടപടിയുമാണ്. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ഉണ്ടായതിന് ഒരു ചരിത്രമുണ്ട്. ഇതിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് ചര്‍ച്ചയിലൂടെ മാത്രമേ പാടൂ – കമല്‍ഹാസന്‍ പറഞ്ഞു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ് രജനീകാന്ത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നേരത്തെ തന്നെ രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പാര്‍ട്ടിയുടെ പേര് അടക്കമുള്ളവ പ്രഖ്യാപിച്ചിട്ടില്ല. കമല്‍ഹാസന്‍ ആണെങ്കില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിക്കഴിഞ്ഞു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കമലിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. രജനിയെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനും രജനി രൂപീകരിക്കുന്ന പാര്‍ട്ടിയെ എന്‍ഡിഎയിലേയ്ക്ക് കൊണ്ടുവരാനുമെല്ലാം ബിജെപി ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയേക്കാള്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നത് രജനീകാന്തിലാണ്. എന്നാല്‍ നോട്ട് നിരോധനം അടക്കം മോദി സര്‍ക്കാരിന്റെ പല നടപടിയേയും നേരത്തെ പിന്തുണച്ചിട്ടുള്ള രജനീകാന്ത്, ബിജെപിക്ക് പരസ്യപിന്തുണ നല്‍കാനോ സഖ്യം പ്രഖ്യാപിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.