ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാലിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ല എന്ന് സുപ്രീം കോടതി. അനാരോഗ്യം മൂലം കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാണ് 72കാരനായ രാജഗോപാല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുഖമില്ലെങ്കില്‍ അക്കാര്യം എന്തുകൊണ്ട് ഹിയറിംഗിന്റെ മുന്‍ ദിവസങ്ങളില്‍ അറിയിച്ചില്ല എന്ന് ജസ്റ്റിസ് എന്‍വി രമണയുടെ ബഞ്ച് രാജഗോപാലിനോട് ചോദിച്ചു.
2001ല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 2004ലാണ് രാജഗോപാലിനെ വിചാരണ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2009ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. 2019 മാര്‍ച്ചില്‍ ശിക്ഷ സുപ്രീം കോടതി ശരി വച്ചു. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായാണ് ശാന്തകുമാറിനെ രാജഗോപാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തിയത്.
1990കളില്‍ ശരവണഭവന്‍ ചെന്നൈ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരുടെ മകളായ
ജീവജ്യോതിയോട് രാജഗോപാല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും ജീവജ്യോതി ഇത് നിരസിക്കുകയും 1999ല്‍ ശാന്തകുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് 2001ല്‍ രാജഗോപാല്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി. ജീവജ്യോതിയും ശാന്തകുമാറും പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. കൊടൈകനാല്‍ കാടുകളില്‍ പെരുമാള്‍മലയിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20ഓളം റസ്റ്ററന്റുകളും ഇന്ത്യയിലെ പ്രധാ നഗരങ്ങളിലായി 25 റസ്റ്റോറന്റുകളുടേയും ഉടമയായ രാജഗോപാലിന്റെ വിജയകഥ പിന്നീട് കൊലപാതകത്തിലൂടെ കുപ്രസിദ്ധിക്ക് വഴി മാറുകയായിരുന്നു. രാജഗോപാലിനെക്കുറിച്ചും ശരവണ ഭവന്‍ മസാല ദോശയെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
This post was last modified on July 9, 2019 4:20 pm
Leave a Comment