X

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ വിശ്വാസ വോട്ട് ഇന്ന്; വിമതര്‍ക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടന്നത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം

അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തിനെതിരെ രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു സ്വതന്ത്രനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

കര്‍ണാടക നിയമസഭയില്‍ ഇന്ന് വീണ്ടും വിശ്വാസ വോട്ട്. ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാരാണ് സഭയില്‍ വിശ്വാസ വോട്ട് തേടുന്നത്. വിശ്വാസ വോട്ടില്‍ വിജയം 101 ശതമാനം ഉറപ്പെന്നാണ് യെദിയൂരപ്പ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരെ ഒഴിവാക്കിയാല്‍ സഭയുടെ നിലവിലെ അംഗബലം 207 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 സീറ്റ്. ബിജെപിക്ക് ഒരു സ്വതന്ത്രന്റേതടക്കം 106 അംഗങ്ങളുടെ പിന്തുണയുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി രാജി വച്ച 16 എംഎല്‍എമാര്‍ക്കും അയോഗ്യനാക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കറിനും മന്ത്രി സ്ഥാനം കൊടുക്കേണ്ടി വരില്ല എന്ന ആശ്വാസം ബിജെപിക്കുണ്ട്. അതേസമയം മന്ത്രി സ്ഥാനത്തിനായി ബിജെപി നേതാക്കള്‍ തന്നെ അവകാശവാദം ഉന്നയിച്ച് നേതൃത്വത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തിനെതിരെ രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു സ്വതന്ത്രനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ബാക്കിയുള്ള 14 പേരും കോടതിയെ സമീപിച്ചേക്കും. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

സഭയില്‍ വിശ്വാസ വോട്ട് നേടി ധനകാര്യ ബില്‍ (ഫിനാന്‍സ് ബില്‍) പാസാക്കുകയാണ് യെദിയൂരപ്പയുടെ ആദ്യ അജണ്ട. കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലാണ് താന്‍ കൊണ്ടുവരുന്നത് എന്നും ഇതിന് ഇരു പാര്‍ട്ടികളും പിന്തുണ നല്‍കുമെന്നാണ് കരുതുന്നത് എന്നും യെദിയൂരപ്പ പറഞ്ഞു. ഫിനാന്‍സ് ബില്‍ പാസാക്കുന്നതിന് പിന്നാലെ സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയേക്കും. സ്പീക്കര്‍ സ്വമേധയാ സ്ഥാനമൊഴിയുന്നില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാം എന്നാണ് ബിജെപി നിലപാട്.

This post was last modified on July 29, 2019 9:20 am