X

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: സാധ്യത പരിശോധിക്കാനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍ക്കാര്‍

സര്‍വകക്ഷി യോഗത്തില്‍ മിക്ക പാര്‍ട്ടികളും ആശയത്തോട് യോജിച്ചതായും അതേസമയം ഇടതുപക്ഷ പാര്‍ട്ടികള്‍ സംശങ്ങള്‍ ഉന്നയിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ച കാര്യം പ്രധാനമന്ത്രി പറഞ്ഞതായാണ് രാജ്‌നാഥ് സിംഗ് അറിയിച്ചത്.

എല്ലാ അഭിപ്രായ ഭിന്നതകളേയും പരിഗണിച്ചുകൊണ്ടും എല്ലാ കക്ഷികളേയും വിശ്വാസത്തിലെടുത്തുകൊണ്ടും ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കും എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണ് എന്നും ജനാധിപത്യവിരുദ്ധമാണ് എന്നും ഇടതുപാര്‍ട്ടികള്‍ ചൂണ്ടാക്കാട്ടിയിരുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം അജണ്ടയല്ല എന്നും ഇത് രാജ്യത്തിന്റെ അജണ്ടയാണ് എന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ മിക്ക പാര്‍ട്ടികളും ആശയത്തോട് യോജിച്ചതായും അതേസമയം ഇടതുപക്ഷ പാര്‍ട്ടികള്‍ സംശങ്ങള്‍ ഉന്നയിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും യോഗം ബഹിഷ്‌കരിച്ചു. സിപിഎമ്മും സിപിഐയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും പങ്കെടുത്തു. ടിഡിപിയുടേയും ടിആര്‍എസിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും മറ്റും അധ്യക്ഷര്‍ പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയച്ചു.

This post was last modified on June 19, 2019 9:55 pm