X

ഈദിന് മുമ്പായി കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നു – ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു

പ്രത്യേക സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉും 35എയും പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇതുവരെ കാര്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടായിട്ടില്ല.

ജമ്മു കാശ്മീരില്‍ ഈദിന് മുന്നോടിയായി നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത് ഭാഗികമായി പിന്‍വലിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന പരിഗണിച്ച് പുറത്തിറങ്ങാനും കൂട്ടം കൂടി നില്‍ക്കാനുമുള്ള നിയന്ത്രണങ്ങളും പിന്‍വലിക്കുന്നുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോല്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. അതേസമയം മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തിയും അടക്കമുള്ള 400ഓളം രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലും കസ്റ്റഡിയിലുമായി തുടരും.

ആയിരക്കണക്കിന് അര്‍ദ്ധസൈനികര്‍ ഇപ്പോഴും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായി നില്‍ക്കുകയാണ്. പ്രത്യേക സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉും 35എയും പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇതുവരെ കാര്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഇതിന് കാരണമായി പറയുന്നത്, പ്രത്യേക സംസ്ഥാന പദവി പിന്‍വലിക്കുന്നതോ ഭരണഘടനാ ഭേദഗതികളോ കേന്ദ്രഭരണപ്രദേശങ്ങളാക്കിയുള്ള മാറ്റങ്ങളോ ഒന്നും, ഇന്ത്യന്‍ ഭരണഘടനയെ തന്നെ അംഗീകരിക്കാത്ത വിഘടനവാദി ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുള്ള കാര്യമല്ല എന്നാണ്. മറിച്ച് ജമ്മു കാശ്മീരിന്റെ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കും മാത്രമാണ് ഇത് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് എന്നുമാണ്.

This post was last modified on August 9, 2019 7:38 pm