X

71.9% പേര്‍ മോദിക്ക് വോട്ട് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഫലം വരുന്നത് കോബ്ര പോസ്റ്റ് ഒളികാമറയിൽ വിനീത് ജയിൻ കുടുങ്ങിയതിനു പിന്നാലെ

ടൈംസ് ഓഫ് ഇന്ത്യ 9 ഭാഷകളിൽ വാർത്താ പോർട്ടലുകൾ തുടങ്ങിയിട്ടുണ്ട്. ഇവയിലാണ് സർവ്വേ നടത്തിയത്.

71 ശതമാനം ഇന്ത്യക്കാർ 2019 പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ സർവ്വേ. പണത്തിനു പകരമായി രാജ്യത്ത് ഹിന്ദുത്വ വർഗീയ വിഭജനമുണ്ടാക്കാൻ ആത്മീയതയുടെ മറവിൽ വ്യാജപ്രചാരണം നടത്താമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഉന്നതർ സമ്മതിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഈ സർവ്വേ വരുന്നത്. ഓൺലൈനായി മാത്രം സംഘടിപ്പിച്ച സർവ്വേയുടെ ഫലം, ‘2019ൽ മോദിക്ക് വീണ്ടും വോട്ട് ചെയ്യുമെന്ന് 71.9% ഇന്ത്യാക്കാർ പറയുന്നു’ എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 8,44,646 പേരാണ് സർവ്വേയിൽ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു.

നരേന്ദ്രമോദി സർക്കാർ നാലു വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ കേന്ദ്രസർക്കാർ കൊണ്ടാടുന്നതിന്റെ പശ്ചാത്തലത്തിലാണ് സർവ്വേ ഫലം വരുന്നതെന്നതും ശ്രദ്ധേയമാണ്.

വെറും 11% പേർ മാത്രമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുവാൻ തങ്ങളുടെ വോട്ട് വിനിയോഗിക്കുക എന്നാണ് ടൈംസിന്റെ കണ്ടെത്തൽ. മറ്റുള്ള സ്ഥാനാർ‌ത്ഥികൾക്ക് 16.12% വോട്ടും ലഭിച്ചു.

ടൈംസ് ഓഫ് ഇന്ത്യ മലയാളത്തിലടക്കം 9 ഭാഷകളിൽ വാർത്താ പോർട്ടലുകൾ തുടങ്ങിയിട്ടുണ്ട്. ഇവയിലാണ് സർവ്വേ നടത്തിയത്. മൂന്നുദിവസം സർവ്വേ റൺ ചെയ്തിരുന്നു.

സർവ്വേയിൽ മോദി സർക്കാരിനെ വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ വായനക്കാരിൽ 47.47% പേരും ‘വളരെ മികച്ച’തെന്ന് അഭിപ്രായപ്പെട്ടു. ‘നല്ലത്’ എന്ന അഭിപ്രായം 20.60% പേരും രേഖപ്പെടുത്തി. ടൈംസ് വായനക്കാരിൽ 20.55% പേർ മാത്രമാണ് മോശം അഭിപ്രായം പറഞ്ഞത്.

കോബ്ര പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തകനായ പുഷ്പ് ശർമ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ടൈംസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങിയ വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. നരേന്ദ്രമോദി സർക്കാർ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വാർത്ത നൽകിയിരുന്നില്ല. മാതൃഭൂമിയിൽ ഓഹരിയുള്ള സ്ഥാപനമാണ് ടൈംസ് ഗ്രൂപ്പ്. 2019ൽ വീണ്ടും അധികാരത്തിലെത്തുന്നതിനു വേണ്ടി ഹിന്ദുത്വ വർഗീയ ക്രോഡീകരണം നടത്താൻ വ്യാജവാർത്തകൾ പടച്ചു വിടാമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വിവിധ മേഖലകളിൽ ചുമതല വഹിക്കുന്നവർ സമ്മതിക്കുന്ന വീഡിയോകളാണ് കോബ്ര പോസ്റ്റ് പുറത്തു വിട്ടത്. ടൈംസ് ഉടമ വിനീത് ജയിനും ഈ പ്രചാരണത്തിന് സമ്മതിക്കുന്നുണ്ട്. ആ വാർത്ത ഇവിടെ വായിക്കാം:

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ

This post was last modified on May 26, 2018 11:22 am