X

യുദ്ധത്തിന്റെ പെരുമ്പറ ശബ്ദം അകലെയല്ലാതെ മുഴങ്ങുന്നുണ്ട്‌

സൈനികതലത്തില്‍ ഇരു ഭാഗത്ത് നിന്നും പ്രകോപനങ്ങളും യുദ്ധ സൂചനകളും ഉണ്ടാകുമ്പോഴും ഇത് തണുപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നില്ല

കാത് കൂര്‍പ്പിച്ചാല്‍ യുദ്ധത്തിന്റെ പെരുമ്പറ ശബ്ദം അത്ര അകലെയല്ലാതെ മുഴങ്ങുന്നത് കേള്‍ക്കാം. ജമ്മു കാശ്മീരിലെ വിമത ശബ്ദങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തമാക്കുകയും പാകിസ്ഥാന്‍ സൈനിക സന്നാഹം ശക്തമാക്കുകയും ചെയ്യുമ്പോള്‍ നിരീക്ഷകര്‍ യുദ്ധം മണക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ഇത്തരമൊരു സാദ്ധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള ഇന്ത്യന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവയുടെ ആഹ്വാനത്തിന് അതേ രീതിയില്‍ തന്നെയാണ് പാക് വ്യോമസേനാ മേധാവി അമീര്‍ സൊഹൈലും മറുപടി നല്‍കിയത്. പാകിസ്ഥാന്റെ വ്യോമസേനാ താവളങ്ങളെല്ലാം ആക്രമണസജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം.

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായുള്ള അവകാശവാദം വീഡിയോ സഹിതം ഇന്ത്യ മുന്നോട്ട് വച്ചതിന് പിന്നാലെ സിയാച്ചിന്‍ മേഖലയിലൂടെ വിമാനം പറത്തിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. ഇന്ത്യ ഇത് തള്ളിക്കളയുകയാണ് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന് തയ്യാറാവാനാണ് വ്യോമസേനാംഗങ്ങള്‍ക്ക് ധനോവ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ശത്രു നടത്തുന്ന ഏത് പ്രകോപനപരമായ നീക്കത്തിനും അവരുടെ വരുംതലമുറകള്‍ ഓര്‍ത്തിരിക്കുന്ന മറുപടിയുണ്ടാകുമെന്നാണ് അമീര്‍ സൊഹൈലിന്റെ മറുപടി.

പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ഇന്ത്യയും ഇന്ത്യയാണ് വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്ന് പാകിസ്ഥാനും ആരോപിക്കുന്നു. പാക് സൈനിക സഹായത്തോടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പീരങ്കി ആക്രമണത്തിലൂടെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായാണ് ഇന്ത്യ അവകാശപ്പെട്ടത്. സമാനമായ തരത്തില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിച്ച് തകര്‍ക്കുന്നതായി അവകാശപ്പെട്ടുള്ള വീഡിയോ പാകിസ്ഥാനും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന യുഎന്‍ മിലിട്ടറി നിരീക്ഷക സംഘത്തിന്റെ (യുഎന്‍എംഒജിഐപി) വാഹനം ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി പാകിസ്ഥാന്‍ ആരോപിക്കുന്നു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള മേജര്‍ ഇമ്മാനുവലും ക്രൊയേഷ്യയില്‍ നിന്നുള്ള മേജര്‍ മിര്‍കോയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നും പാക് ആര്‍മി പറയുന്നു.

സൈനികതലത്തില്‍ ഇരു ഭാഗത്ത് നിന്നും ഇത്തരത്തില്‍ പ്രകോപനങ്ങളും യുദ്ധ സൂചനകളും ഉണ്ടാകുമ്പോളും ഇത് തണുപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. കാശ്മീര്‍ പ്രശ്‌നത്തില്‍ ന്യൂഡല്‍ഹി നിശബ്ദത പാലിക്കുകയാണ്. സൈന്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പാകിസ്ഥാന്‍ ഗവണ്‍മെന്റിനേക്കാള്‍ കൂടുതലായി ഇന്ത്യയാണ് സ്വീകരിക്കുന്നത്. കാശ്മീര്‍ പ്രശ്‌നത്തെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് യുവാവിനെ ജീപ്പില്‍ കെട്ടി വച്ച് കൊണ്ടുപോയ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് നേതൃത്വം നല്‍കിയ മേജര്‍ക്ക് പാരിതോഷികം നല്‍കിയ നടപടി. സൈന്യം ഇത്തരത്തിലാണോ ധീരത കാട്ടേണ്ടത് എന്ന ചോദ്യമുയരുന്നു. ഇതെല്ലാം യുദ്ധത്തിന്റെ വരവറിയിക്കുന്ന സൂചനകളാണ് എന്ന് പറയാം.

This post was last modified on May 25, 2017 5:19 pm