X

കരുണാനിധിയെ കാണുന്ന മോദി: തമിഴ്‌നാട്ടില്‍ ബിജെപിക്ക് വീണ്ടും രാഷ്ട്രീയ മനംമാറ്റമോ?

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ ശക്തമായി എതിര്‍ക്കുമ്പോഴും സംസ്ഥാനത്ത് എക്കാലത്തും കമലിന്റെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള പാര്‍ട്ടിയാണ് എഐഎഡിഎംകെ.

തമിഴ്‌നാട് രാഷ്ട്രീയത്തെ രണ്ട് രീതിയിലാണ് വേര്‍തിരിക്കേണ്ടതെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജയലളിതയ്ക്ക് മുമ്പും ശേഷവും എന്നതാണ് ആ തരംതിരിവ്. ഈയൊരു സാഹചര്യത്തിലാണ് കമല്‍ ഹാസനും രാഷ്ട്രീയ പ്രഖ്യാപിനത്തിനൊരുങ്ങുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും മറ്റും ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ തമിഴ്‌നാട്ടിലെമ്പാടുമായി സഞ്ചരിക്കുമെന്നും കമല്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതോടൊപ്പമാണ് ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പും പുറത്തിറക്കുന്നത്. കമല്‍ ഹാസന്റെ ഈ പ്രഖ്യാപനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ സന്ദര്‍ശിച്ചതും തമിഴക രാഷ്ട്രീയത്തില്‍ വാര്‍ത്തയായത്.

ബിജെപിക്കൊപ്പം കൈകോര്‍ക്കാമെന്ന പ്രതീക്ഷയില്‍ ജീവിച്ച എഐഎഡിഎംകെയെയാണ് ഈ സന്ദര്‍ശനം ഏറ്റവും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ജയലളിതയുടെ മരണത്തോടെ അക്ഷരാര്‍ത്ഥത്തില്‍ ദുര്‍ബലമാകുകയും പലവിധത്തിലുള്ള പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യയാകുകയും ചെയ്ത എഐഎഡിഎംകെയെ സംബന്ധിച്ച് ബിജെപിയുമായി കൈകോര്‍ക്കാനുള്ള അവസരത്തെ നേതാക്കള്‍ ഭാഗ്യമായാണ് കരുതിയിരുന്നതും. അതിനാല്‍ തന്നെ പല വേദികളിലും അവര്‍ നേരിട്ട് തന്നെ ബിജെപിയുമായി ഒത്തുചേരുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പിണങ്ങി നിന്നിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വിഭാഗവും ഒ പനീര്‍സെല്‍വത്തിന്റെ വിഭാഗവും ഒരുമിച്ചത് തന്നെ ബിജെപിയുമായി ഒരുമിക്കുന്നതിനായായിരുന്നു.

അതേസമയം പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നരേന്ദ്ര മോദി കരുണാനിധിയെ സന്ദര്‍ശിച്ചതോടെ ബിജെപി തമിഴ്‌നാട് രാഷ്ട്രീയത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നുവെന്ന് വേണം കരുതാന്‍. ജയലളിതയുടെ മരണത്തിന് ശേഷം പനീര്‍സെല്‍വുമായും പളനിസാമിയുമായും മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും കരുണാനിധിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മോദി സന്ദര്‍ശിച്ചിരിക്കുന്നത്. അതോടൊപ്പം ഡല്‍ഹിയിലെ തന്റെ വസതിയിലേക്ക് കരുണാനിധിയെ ക്ഷണിക്കാനും മോദി മറന്നിട്ടില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച നേടിയെങ്കിലും ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം എഐഎഡിഎംകെയ്ക്ക് അപ്രാപ്യമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതും മികച്ച ഒരു നേതൃത്വം ഇല്ലാത്തതും അവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഇതിനിടയിലാണ് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും. അതേസമയം മറുവശത്ത് ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ നേടുന്ന വിജയം ഡിഎംകെ ഉപാധ്യക്ഷന്‍ എംകെ സ്റ്റാലിനെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ദിനംപ്രതി വളര്‍ത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പുകളില്‍ എഐഎഡിഎംകെയെ തീര്‍ത്തും നിഷ്പ്രഭമാക്കി സ്റ്റാലിന്‍ അധികാരത്തിലെത്താനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളതും.

ബിജെപിയ്ക്കാകട്ടെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണ്. അതില്‍ തന്നെ തമിഴ്‌നാടും കേരളവുമാണ് ബിജെപിയുടെ മുഖ്യലക്ഷ്യങ്ങള്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോദിവസം ചെല്ലുന്തോറും കൂടുതല്‍ ജനപ്രീതി നേടുന്ന സാഹചര്യത്തില്‍ പൊതുവെ ബാലികേറാമലയായ കേരളത്തില്‍ സമീപകാലത്തൊന്നും ബിജെപിയ്ക്ക് ലക്ഷ്യം നേടാനാകില്ലെന്ന് ഉറപ്പാണ്. ജയലളിതയുടെ അസാന്നിധ്യത്തില്‍ തമിഴ്‌നാട്ടില്‍ അതിനുള്ള സാഹചര്യമുണ്ടെന്ന് അവര്‍ കണക്കു കൂട്ടുന്നു. അതിനാണ് എഐഎഡിഎംകെയെ കൂടെക്കൂട്ടാന്‍ അവര്‍ ആദ്യം തീരുമാനിച്ചത് തന്നെ. എഐഎഡിഎംകെയുടെ ഔദ്യോഗിക പക്ഷത്തുനിന്നും പളനിസാമിയെ ആദ്യം അടര്‍ത്തിമാറ്റിയെടുക്കുകയാണ് അതിന് അവര്‍ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ പേരില്‍ ശശികലയെയും മന്നാര്‍ഗുഡി ഗ്രൂപ്പിനെയും അകറ്റി നിര്‍ത്താനും അവര്‍ ശ്രദ്ധിച്ചു. എന്നാല്‍ പളനിസാമിയെക്കൊണ്ട് മാത്രം ലക്ഷ്യം നേടാനാകില്ലെന്ന് വ്യക്തമായതോടെ ഒപിഎസ് വിഭാഗവും ഇവരും തമ്മിലുള്ള ലയനം സാധ്യമാക്കുകയും ഇരുവിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കുകയുമാണ് ബിജെപി ചെയ്തത്. എന്നാല്‍ ബിജെപി നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ എഐഎഡിഎംകെയ്ക്ക് ഇനിയും സാധിച്ചിട്ടില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രിയുടെ കരുണാനിധി സന്ദര്‍ശനത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയസമീപനത്തില്‍ വന്ന മാറ്റമായാണ് ഇതിനെ കാണേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതിനാലാണ് ഡിഎംകെ നേതാക്കളെ പോലും ഈ സന്ദര്‍ശനം അമ്പരപ്പിക്കുന്നത്.

അതേസമയം ഡിഎംകെ അണികള്‍ക്ക് കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക രാഷ്ട്രീയമായി ഉപയോഗിക്കാനാണ് മോദിയുടെ നീക്കമെന്നും വിലയിരുത്തലുകളുണ്ട്. കൂടാതെ കരുണാനിധിയുടെ മകളും ഡിഎംകെ എംപിയുമായ കനിമൊഴി ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കള്‍ ഉള്‍പ്പെട്ട 2ജി സ്‌പെക്ട്രം കേസില്‍ സിബിഐ കോടതി ഉടന്‍ വിധി പ്രഖ്യാപിക്കാനിരിക്കുമ്പോഴാണ് മോദിയുടെ ഈ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. കൂടാതെ സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന തമിഴ്‌നാട് രാഷ്ട്രീയവും ബിജെപിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാകും.

വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മെര്‍സലിനെക്കുറിച്ച് ഉയര്‍ന്ന വിവാദം ബിജെപിയെ സംബന്ധിച്ച് ഒരു തിരിച്ചടിയായിരുന്നു. ചിത്രത്തിനെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ തമിഴ് ജനതയെ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു. കൂടാതെ ചിത്രത്തെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റുകയും ചെയ്തു. ബിജെപിയെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ സര്‍ക്കാരും ജനകീയ രോഷത്തിന് ഇരയായി. ഈ സാഹചര്യത്തില്‍ അവരെ ഉപേക്ഷിച്ച് ഡിഎംകെയെ ഒപ്പം കൂട്ടാന്‍ ബിജെപി തീരുമാനിച്ചാലും അത്ഭുതമില്ല. 2ജി സ്‌പെക്ട്രം കേസില്‍ അന്തിമ തീരുമാനം ഇനിയും ആകാത്ത സാഹചര്യത്തില്‍ ബിജെപി വിരിക്കുന്ന വലയില്‍ ഡിഎംകെ ചെന്നു വീഴാനും സാധ്യതയുണ്ട്.

ഇതിനിടെയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയതിന് സമാനമായ തരത്തിലുള്ള പ്രചരണവുമായി കമല്‍ ഹാസനും രാഷ്ട്രീയ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ ശക്തമായി എതിര്‍ക്കുമ്പോഴും സംസ്ഥാനത്ത് എക്കാലത്തും കമലിന്റെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള പാര്‍ട്ടിയാണ് എഐഎഡിഎംകെ. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന ജയലളിതയുടെ രീതികള്‍ തന്നെയായിരുന്നു അതിന് കാരണം. എന്നിട്ടും തന്റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറയാന്‍ കമല്‍ ശ്രമിച്ചിട്ടുണ്ട്. കമലിന്റെ ഈ രാഷ്ട്രീയം പറച്ചില്‍ ഡിഎംകെയേയും സഹായിക്കും. എഐഎഡിഎംകെയില്‍ നിന്നും മാറി ചിന്തിക്കാന്‍ തയ്യാറാകുന്നവരില്‍ ഒരുവിഭാഗമെങ്കിലും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കാനാണ് സാധ്യത. അതുതന്നെയാണ് ബിജെപിയും കണ്ണുവയ്ക്കുന്നത്. കമല്‍ കൂടി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വരുന്നതോടെ എഐഎഡിഎംകെയ്‌ക്കൊപ്പം നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കടന്നുകയറാമെന്ന പ്രതീക്ഷ അവര്‍ക്ക് ഇല്ലാതായിരിക്കുന്നുവെന്ന് വേണം മോദി-കരുണാനിധി കൂടിക്കാഴ്ചയില്‍ നിന്നും മനസിലാക്കാന്‍.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 8, 2017 9:11 am