X

എൻഡി തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതകം: ഭാര്യയും കൂട്ടാളികളും കസ്റ്റഡിയിൽ

രോഹിത് ശേഖറിന്റെ അമ്മ ഉജ്ജ്വല തന്റെ മരുമകൾക്കെതിരെ രംഗത്തു വന്നിരുന്നു.

എൻ‌‍ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപൂർവ്വയെയും രണ്ട് വീട്ടുജോലിക്കാരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ചെയ്തത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ചയാണ് രോഹിത് തിവാരിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ‌ പൊലീസ് എത്തിയത്. ആദ്യം ഹൃദയാഘാതമാണ് മരണകാരണമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. എന്നാൽ പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ ഇതൊരു കൊലപാതകമാണെന്ന നിഗമനതത്ിൽ പൊലീസെത്തി. തലയിണ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാകാം രോഹിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസ് ഇപ്പോൾ ഡൽഹി ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഏപ്രിൽ 16നായിരുന്നു രോഹിത്തിന്റെ ദുരൂഹമരണം.

രോഹിത് ശേഖറിന്റെ അമ്മ ഉജ്ജ്വല തന്റെ മരുമകൾക്കെതിരെ രംഗത്തു വന്നിരുന്നു. അപൂർവ്വയ്ക്കും അവളുടെ മാതാപിതാക്കൾക്കും രോഹിത്തിന്റെ സ്വത്തുക്കളിൽ കണ്ണുണ്ടായിരുന്നെന്നാണ് ഉജ്ജ്വല ആരോപിച്ചത്. തന്റെ മക്കളായ രോഹിത്തിന്റെയും സിദ്ധാർത്ഥിന്റെയും സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അപൂർവ്വയുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടായിരുന്നെന്ന് ഉജ്ജ്വല ആരോപിച്ചു. സുപ്രൂംകോടതിയുടെ അടുത്ത് രോഹിത്തിന് വീടുണ്ട്. ഇവിടെയാണ് അപൂർവ്വ വക്കീലായി പ്രാക്ടീസ് ചെയ്യുന്നത്.

2017ൽ ലഖ്നൗവിൽ വെച്ചാണ് അപൂർവ്വയും രോഹിത്തും കണ്ടുമുട്ടിയതെന്നാണ് ഉജ്ജ്വല പറയുന്നത്. ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇതിന് വഴിയൊരുങ്ങിയതെന്ന് അവർ വിശദീകരിച്ചു. പിന്നീട് ഒരു വർഷത്തോളം തന്റെ മകൻ അപൂർവ്വയുമായി അകലം പാലിച്ചെന്നും രോഹിത്തിന്റെ അമ്മ പറയുന്നു. അപൂർവ്വയെ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്നാണ് രോഹിത്ത് തന്നോട് അന്ന് പറഞ്ഞത്. 2018 ജനുവരിക്കും മാർച്ചിനുമിടയിൽ ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. ഏപ്രിൽ രണ്ടിന് ഇരുവരും തന്റെ അടുക്കൽ വന്ന് വിവാഹം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു. വിവാഹശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയാൻ ആലോചിച്ചിരുന്നെന്നും വരുന്ന ജൂണിൽ ബന്ധം പിരിയാൻ തയ്യാറെടുക്കുകയായിരുന്നെന്നും ഉജ്ജ്വല വ്യക്തമാക്കി.

എൻഡി തിവാരിയുടെ അടുത്തയാളായ രാജീവ് കുമാറിന് തന്റെ സ്വത്തിന്റെ ഒരു ഓഹരി നൽകാൻ രോഹിത്തിന് ആലോചനയുണ്ടായിരുന്നു. എന്നാൽ ഇതിനെ അപൂർവ്വ ശക്തമായി എതിർത്തിരുന്നു. രാജീവിന്റെ ഭാര്യയുമായി രോഹിത്തിന് ബന്ധമുണ്ടെന്നായിരുന്നു അപൂർവ്വയുടെ ആരോപണം. ഇത് തെറ്റാണെന്ന് ഉജ്ജ്വല പറഞ്ഞു. തന്റെ മൂത്ത മകൻ സിദ്ധാർത്ഥും തന്റെ സ്വത്തിലെ ഒരു ഓഹരി രാജീവിന്റെ മകൻ കാർത്തിക് രാജിന് നൽകാൻ ആലോചിച്ചിരുന്നു. ഇതും അപൂർവ്വയെ രോഷാകുലയാക്കിയിരുന്നതായി ഉജ്ജ്വല ആരോപിക്കുന്നു.

This post was last modified on April 22, 2019 8:01 am