X

ഓട്ടോമൊബൈല്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ – ഏപ്രില്‍ മുതല്‍ പിരിച്ചുവിട്ടത് മൂന്നര ലക്ഷം പേരെ

കാര്‍, ബൈക്ക് നിര്‍മ്മാതാക്കള്‍ 15,000 പേരേയും കോംപണന്റ് മാനുഫാക്ച്വറേഴ്‌സ് ഒരു ലക്ഷം പേരേയും പിരിച്ചുവിട്ടിട്ടുണ്ട്.

രാജ്യത്ത് ഓട്ടോമൊബൈല്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍. പല കമ്പനികളും ഫാക്ടറികള്‍ അടച്ചുപൂട്ടി. ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കി. ഏപ്രില്‍ മുതല്‍ മൂന്നര ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍, ബൈക്ക് നിര്‍മ്മാതാക്കള്‍ 15,000 പേരേയും കോംപണന്റ് മാനുഫാക്ച്വറേഴ്‌സ് ഒരു ലക്ഷം പേരേയും പിരിച്ചുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ ഏറ്റവും മോശം സമയമാണ് ഇപ്പോളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യമഹ, വാലിയോ, സുബ്രോസ് തുടങ്ങിയ കമ്പനികള്‍ 1700നടുത്ത് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. വാഹനവില്‍പ്പനയില്‍ വലിയ ഇടിവുണ്ടായതിനെ തുടര്‍ന്നാണിത് എന്നാണ് കമ്പനികളുടെ വിശദീകരണം. പല കമ്പനികളുടേയും വില്‍പ്പനയില്‍ 30 ശതമാനത്തിലധികും കുറവുണ്ടായി.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി കഴിഞ്ഞ ആറ് മാസത്തിനിടെ മൊത്തം ജീവനക്കാരുടെ ആറ് ശതമാനത്തെ പിരിച്ചുവിട്ടു.
ടാറ്റ മോട്ടോഴ്‌സ് നാല് പ്ലാന്റുകള്‍ രണ്ടാഴ്ചയോളം അടച്ചിട്ടു. മഹീന്ദ്ര 13 ദിവസം പ്രൊഡക്ഷന്‍ നിര്‍ത്തി. ഹോണ്ടയുടെ രാജസ്ഥാന്‍ പ്ലാന്റില്‍ ജൂലായ് 16 മുതല്‍ ചില മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തി. ഗ്രേറ്റര്‍ നോയ്ഡ പ്ലാന്റില്‍ ജൂലായ് 26 മുതല്‍ 15 ദിവസത്തേയ്ക്ക് പ്രൊഡക്ഷന്‍ നിര്‍ത്തിവച്ചു.

ജാപ്പനീസ് കമ്പനികളായ ഡെന്‍സോ കോര്‍പിന്റേയും സുസൂക്കി കോര്‍പിന്റേയും ഉടമസ്ഥതയിലുള്ള സുബ്രോസ് 800 തൊഴിലാളികളെ പിരിച്ചുവിട്ടു. പാര്‍ട്‌സ് നിര്‍മ്മാതാക്കളായ വീ ജീ കൗശികോ 500 പേരെ പിരിച്ചുവിട്ടു. യമഹയും വാലിയോയും കഴിഞ്ഞ മാസം 200 പേരെ വീതം പിരിച്ചുവിട്ടു. ഓട്ടോമോട്ടീവ് സപ്ലയര്‍ ആയ വീല്‍സ് ഇന്ത്യ 800 പേരെ പിരിച്ചുവിട്ടു.

ഹോണ്ട, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ വാഹനവില്‍പ്പന കുറഞ്ഞത് മൂലം ആഴ്ചകളോളം ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ഏഴ് ശതമാനം സംഭാവന ചെയ്യുന്ന ഓട്ടോമൊബൈല്‍ മേഖല ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ച് ഓട്ടോമൊബൈല്‍ വ്യവസായം നേരിടുന്ന പ്രതിസന്ധിയും വ്യാപക തൊഴില്‍നഷ്ടവും വലിയ വെല്ലുവിളിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയവും വലിയ തോതിലുള്ള തൊഴില്‍നഷ്ടവും സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിനെ ബാധിച്ചതേ ഇല്ല. തൊഴില്‍ പ്രതിസന്ധി തിരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും ബാധിച്ചില്ലെങ്കിലും ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് രൂക്ഷമാകുന്ന തൊഴില്‍ പ്രതിസന്ധി സര്‍ക്കാരിനെ ഉലയ്ക്കാനിടയുണ്ട്.

നികുതി കുറക്കുക, വാഹന ഡീലര്‍മാര്‍ക്കും വാങ്ങുന്നവര്‍ക്കും ഏളുപ്പത്തില്‍ സാമ്പത്തികസഹായം ലഭ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഓട്ടോമൊബൈല്‍ എക്‌സിക്യൂട്ടീവുകള്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവന്നത്.

This post was last modified on August 7, 2019 9:49 pm