X

ബാലനീതി നിയമം; ലക്ഷണത്തെയല്ല, ചികിത്സിക്കേണ്ടത് കാരണത്തെ

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

കാരണത്തെയാണ് ചികിത്സിക്കേണ്ടത്, ലക്ഷണത്തെയല്ല. തലവേദന വരുമ്പോള്‍ നാം വേദനസംഹാരി കൊടുക്കുന്നു, പിന്നെയും തലവേദന വന്നാല്‍ വീണ്ടും വേദന സംഹാരി കൊടുക്കുന്നു. തലവേദന ആവര്‍ത്തിച്ചാല്‍ വേദനസംഹാരി തന്നെ ഡോസ്‌കൂട്ടി നല്‍കും. എന്നാല്‍ എന്തുകൊണ്ടാണ് തലവേദന വരുന്നതെന്നു പരിശോധിക്കില്ല. കാരണം അന്വേഷിക്കാതെ തലവേദനയ്ക്കു മരുന്നു കൊടുത്തുകൊണ്ടേയിരിക്കുന്നൂ. ഇതുപോലെയാണ് നമ്മള്‍ പല നിയമങ്ങളും ഉണ്ടാക്കുന്നത്. കാരണത്തിനല്ല, ലക്ഷണത്തിനാണ് ഭരണകൂടം ചികിത്സ നടത്തുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ ക്രിമിനാലിറ്റി വര്‍ദ്ധിക്കുന്നതെന്നു നാം ചിന്തിച്ചിട്ടുണ്ടോ? അവര്‍ക്ക് കൃത്യമായി വിദ്യാഭ്യാസം കിട്ടുന്നുണ്ടോ? ശരിയായ വിദ്യാഭ്യാസമാണോ അവര്‍ക്ക് കൊടുക്കുന്നത്, പര്യാപ്തമായ ഭക്ഷണം കഴിക്കാന്‍ കിട്ടുന്നുണ്ടോ, കൃത്യമായ സാമൂഹ്യ–രാഷ്ട്രീയബോധം കിട്ടുന്നുണ്ടോ, ഇവരേതു സാഹചര്യത്തിലാണ് ജീവിച്ചു വളരുന്നത്, ഇവര്‍ ചേരികളിലാണോ താമസിക്കുന്നത്, അവിടെയിവര്‍ ആര്‍ക്കൊപ്പമാണ് കൂട്ടുകൂടുന്നത്, ഈ ചേരി ഉണ്ടായതെങ്ങനെയാണ്, എത്രയോ ചോദ്യങ്ങള്‍ ഇവിടെ ചോദിക്കാനുണ്ട്. ഈ കുട്ടികളെ രാഷ്ട്രീയക്കാരും സാമൂഹ്യവിരുദ്ധരും ദുര്യോപയോഗം ചെയ്യുന്നുണ്ട്. ഇതൊന്നും നാം അന്വേഷിക്കാനോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ തയ്യാറല്ല. ഇതിനൊന്നും മെനക്കിടാതെ ഇപ്പോള്‍ പ്രായം കുറച്ചുകൊണ്ടുള്ള നിയമം പാസാക്കിയാല്‍, അതാണ് ഏറ്റവും വലിയ ക്രിമിനാലിറ്റിയെന്നു പറയേണ്ടിവരും.

നമ്മുടെ രാജ്യം ഇന്നു ഭരിക്കുന്നത് കോടിപതികളാണ്. പാര്‍ലമെന്റില്‍പോലും ഏതാണ്ട് 84 ശതമാനത്തോളം പേര്‍ കോടീശ്വരന്‍മാരാണ്. പണം ഒരു വിഭാഗത്തിന്റെ കൈയില്‍ കുന്നുകൂടുകയും അതുവഴി അസമത്വം രാജ്യത്ത് വര്‍ദ്ധിക്കുകയുമാണ്.

ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ബാലനീതി നിയമം കൊണ്ട് രാജ്യത്തെ കുട്ടിക്കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നിയമം ഉണ്ടാക്കുന്നതിനു മുമ്പ് എന്തുകൊണ്ട് നമ്മുടെ കുട്ടികളില്‍/ ചെറുപ്പക്കാരില്‍ കുറ്റവാസനകള്‍ നിറയുന്നു, അവര്‍ വര്‍ഗീയതയിലേക്ക് വംശീയവിധ്വേഷപ്രവര്‍ത്തനങ്ങളിലേക്ക്, അക്രമങ്ങളിലേക്ക് തിരിയുന്നൂ എന്നു നാം ആഴത്തില്‍ പഠിക്കേണ്ടതായുണ്ട്.

ഡല്‍ഹി കൂട്ടമാനംഭംഗക്കേസിലെ ഈ കുട്ടിക്കുറ്റവാളിയെക്കുറിച്ചു തന്നെ നാം ശരിക്കു പഠിച്ചിട്ടുണ്ടോ? ഇവന്‍ എങ്ങനെയാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് എത്തിയത്? എന്താണ് അവന്റെ ചരിത്രം? അവന്റെ കുടുംബം എന്താണ്? ഏതു സാഹചര്യത്തിലാണ് അവന്‍ ജനിച്ചതും വളര്‍ന്നതും? അവനിലൊരു ക്രിമിനലിനെ വളരത്തിയ സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ നമുക്ക് പഠിക്കാവുന്നതല്ലേ. അത്തരമൊരു പഠനത്തിലൂടെ കണ്ടെത്തുന്ന കാരണത്തെയല്ലേ നാം ചികിത്സിക്കേണ്ടത്.

സമൂഹത്തില്‍ അസമത്വം ദാരിദ്ര്യം, നിരക്ഷരത, അനീതി എന്നിവയൊക്കെ വളര്‍ന്നു വരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങളും കൂടുന്നതും. ഇതിനൊന്നും നാം ഇതുവരെ പരിഹാരം കാണുന്നില്ല. രാജ്യത്തെ വിഭവങ്ങളുടെ തുല്യവിതരണം നാം നടത്തുന്നില്ല. കിട്ടുന്നവനെക്കാള്‍ എത്രയോ ഇരട്ടി അധികമാണ് നമ്മുടെ രാജ്യത്ത് ഒന്നും കിട്ടാത്തവരുടെ എണ്ണം. സമത്വവും ശരിയായ വിദ്യാഭ്യാസവും എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ രാജ്യത്ത് ശോഭനീയമായ മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തു കറുത്തനിഴല്‍ വീണു കിടക്കുകയാണ്. ഇതു കാണിച്ചു തന്ന ഒന്നായിരുന്നു ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററി. അതു നിരോധിക്കുകയാണ് ഭരണകൂടം ചെയ്തത്. അതില്‍ ഒരാള്‍ പറയുന്നുണ്ട്, രാത്രി എട്ടുമണിക്കുശേഷം ഇറങ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ വളരെ മോശക്കാരായിട്ടാണ് എന്റെ ഗ്രാമം കണ്ടിരിക്കുന്നത്. അവനെ നമുക്ക് എങ്ങനെ തെറ്റു പറയാന്‍ പറ്റും. അവനെ സ്വന്തം ഗ്രാമം അല്ലെങ്കില്‍ സമൂഹം പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് അത്തരത്തിലാണ്. ഇത്തരം വിശ്വാസങ്ങളിലേക്ക് അവന്‍ എത്താനുണ്ടായ കാരണങ്ങള്‍ കണ്ടെത്തി അവയ്ക്ക് ചികിത്സ നല്‍കേണ്ടതിനായിരുന്നു സമൂഹവും ഭരണകൂടവും ശ്രമിക്കേണ്ടിയിരുന്നത്. തെറ്റായ വിശ്വാസങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അല്ലേ നാം ശ്രമിക്കേണ്ടത്. ഇത്തരം കുട്ടികളെ നാം പഠിച്ചുവരുമ്പോള്‍ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ചിത്രം കണ്ടെത്താന്‍ സാധിക്കും. അവിടെ കണ്ടെത്തുന്ന കാരണങ്ങള്‍ക്ക് നമുക്ക് മരുന്നുകൊടുക്കാം. അതല്ലാതെ, ശിക്ഷിക്കപ്പെടാനുള്ള പ്രായം കുറച്ചുകൊണ്ട് നിയമം പാസാക്കിയാല്‍ കുട്ടികളുടെ ഉള്ളിലെ കുറ്റവാസനകളെയോ അവരുടെ തെറ്റായ പാതയിലൂടെയുള്ള സഞ്ചാരത്തിനെയോ തടയാന്‍ നമുക്ക് ആവില്ല.

(പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖത്തില്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെഴുതിയ മുന്‍ ലേഖനം

നില്‍പ്പ് സമരം: ഒഴിഞ്ഞുമാറാനാവാത്തവിധം നമ്മളോരോരുത്തരെയും അവര്‍ കൂടെ നിര്‍ത്തി

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

This post was last modified on December 27, 2015 12:37 pm