X

‘നീ നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ’: അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും വെടിവയ്പ്പ്

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അമേരിക്കയില്‍ വംശീയ വിദ്വേഷം ശക്തിപ്പെട്ടിരിക്കുകയാണ്

അമേരിക്കയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഒരു ഇന്ത്യക്കാരന് കൂടി വെടിയേറ്റു. വാഷിങ്ടണിലെ കെന്റില്‍ 43കാരനായ സിഖുകാരനാണ് വെടിയേറ്റത്.

ഹര്‍നിഷ് പട്ടേല്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. സൗത്ത് കരോളിനയിലെ ലാങ്കാസ്‌റ്റെറില്‍ വീടിന് പുറത്ത് വാഹനം പരിശോധിക്കുന്നതിനിടെ അജ്ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വാഹനത്തിനടുത്തെത്തി ഇദ്ദേഹത്തോട് എന്തോ പറയുകയും തുടര്‍ന്ന് ‘നീ നിന്റെ രാജ്യത്തേക്ക് തിരിച്ച് പോ’ എന്ന് പറഞ്ഞ് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമമായ സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുഖംമറിച്ചെത്തിയ ആറടിപ്പൊക്കമുള്ള വെള്ളക്കാരനാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പട്ടേല്‍ പറഞ്ഞു. ആക്രമിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് സ്റ്റേഷനറി കട നടത്തുന്ന പട്ടേല്‍ നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടയാളായിരുന്നു.

ഏതാനും ദിവസം മുമ്പ് രണ്ട് ഇന്ത്യക്കാര്‍ ആക്രമണത്തിന് ഇരയായപ്പോഴും ആക്രമി ആവശ്യപ്പെട്ടത് ‘നീ നിന്റെ രാജ്യത്തേക്ക് തിരിച്ച് പോ’ എന്നായിരുന്നു. ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അമേരിക്കയില്‍ വംശീയ വിദ്വേഷം ശക്തിപ്പെട്ടിരിക്കുകയാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് തന്നെ അമേരിക്കക്കാര്‍ക്ക് തൊഴിലവസരം എന്ന പേരില്‍ വംശീയ വിദ്വേഷവും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത ശേഷം ട്രംപ് നടത്തി വിസ നിരോധനവും ഇതിന് ആക്കം കൂട്ടി. ഇതിന്റെയെല്ലാം തിരിച്ചടിയായാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ അമേരിക്കയില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് എന്നാണ് കണക്കാക്കുന്നത്.

This post was last modified on March 5, 2017 3:03 pm