X

അബുദാബിയില്‍ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഇന്ത്യ-പാകിസ്താന്‍ സൗഹൃദം

കഴിഞ്ഞ എട്ടുവര്‍ഷമായി ഇന്ത്യക്കാരനായ പാഷയും പാകിസ്താനിയായ സഫറും തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി വരുന്നു

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടയ്ക്കും ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും നിരവധി ഉദാഹരണങ്ങളും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ നിന്നാണ് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പുറത്തുവരുന്നത്. ഇവിടെയുള്ള ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള രണ്ട് പൗരന്മാര്‍ ചേര്‍ന്ന് ദിവസവും നാനൂറിലേറെ തൊഴിലാളികള്‍ക്കാണ് സൗജന്യമായി ഇഫ്താര്‍ ഭക്ഷണം നല്‍കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി എല്ലാ പുണ്യമാസത്തിലും ഇവര്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയാണിത്.

ബംഗളൂരുവില്‍ നിന്നുള്ള തജാമുല്‍ പാഷയും (48) പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള നിഹാല്‍ സഫറും (50) 2004ലാണ് അബുദാബിയില്‍ വച്ച് കണ്ടുമുട്ടുന്നത്. പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ചായിരുന്നു അന്ന് മുതല്‍ ഇരുവരും ആലോചിച്ചിരുന്നത്. ഇരുവരും തുടക്കത്തില്‍ ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് സ്വന്തമായി ബിസിനസ് തുടങ്ങുകയും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടായ സമൂഹത്തിന് തിരികെ എന്തെങ്കിലും മടക്കി നല്‍കണമെന്ന ചിന്തയാണ് ഇവരുവരുടെയും സൗഹൃദം ബലപ്പെടുത്തിയത്.

‘ഒരു പലസ്തീന്‍കാരന്‍ സൗജന്യമായി ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഭക്ഷണം വാങ്ങാനായി ക്യൂ നില്‍ക്കുന്നതിനിടയില്‍ ഒരു ദിവസം ഞാനും ഇതുപോലെ സൗജന്യഭക്ഷണം വിതരണം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു,’ എന്ന് പാഷ ഓര്‍ക്കുന്നു. 1996ല്‍ ഒരു കാറപകടത്തില്‍ മരിച്ച പുത്രന്റെ ഓര്‍മ്മയ്ക്കായി നസ്മി മുഹമ്മദ് മൗദ് എന്ന ആളായിരുന്നു സൗജന്യ ഇഫ്താര്‍ ഭക്ഷണം നല്‍കിയിരുന്നത്.

എന്നാല്‍ ജോലി ചെയ്തിരുന്ന സമയത്ത് വെറും 3,500 ദിര്‍ഹം മാത്രം ശമ്പളമുണ്ടായിരുന്ന പാഷയ്ക്ക് തന്റെ പ്രതിജ്ഞ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ദൈവം ഒരു വഴി കണ്ടെത്തുമെന്നാണ് തന്റെ അനുഭവമെന്ന് പാഷ പറയുന്നു. 2003ല്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചതിന് ശേഷമാണ് പാഷ സഫറിനെ കണ്ടുമുട്ടുന്നത്. സഫറും തന്റെ പാകിസ്ഥാനി സുഹൃത്തുക്കളും ചേര്‍ന്ന് ഒരു പള്ളിയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാലമായിരുന്നു അത്. അവരോടൊപ്പം ചേര്‍ന്ന് പാഷ ദിവസവും 15 കാര്‍ട്ടണ്‍ ജൂസ് വീതം സംഭാവന ചെയ്തു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഈ രാജ്യത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവന ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇപ്പോള്‍ ചെയ്യുന്നത് ഒരു ചെറിയ സംഭാവന മാത്രമാണെന്നും സഫര്‍ പറയുന്നു.

ബിരിയാണി ജ്യൂസ്, വെള്ളം, ഈന്തപ്പഴം, തണ്ണിമത്തന്‍ എന്നിവയ്ക്കായി ദിവസവും 1500 മുതല്‍ 2000 ദിര്‍ഹം വരെയാണ് ഇരുവരും ചിലവഴിക്കുന്നത്. ചില ദിവസങ്ങളില്‍ പക്കോഡയും സമൂസയും വിതരണം ചെയ്യാറുണ്ട്. പ്രതിദിനം 400 പേരെങ്കിലും സൗജന്യ ഭക്ഷണം തേടിയെത്തുന്നു. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇത് 700 പേര്‍വരെയാകും. ഈ സുഹൃത്തുക്കള്‍ ചെയ്യുന്ന സേവനത്തില്‍ തങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് ബംഗ്ലാദേശില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ മുഹമ്മദ് സുഹൈദുള്ള പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഇവര്‍ നല്‍കുന്ന ഇഫ്താര്‍ ഭക്ഷണമാണ് കഴിക്കുന്നുതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമായി 18 സന്നദ്ധപ്രവര്‍ത്തകര്‍ ഇവരെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ഗുരുദ്വാരയില്‍ നിന്നും സിഖ് വിശ്വാസികള്‍ ജ്യൂസ് സംഭാവന ചെയ്തത് വ്യത്യസ്ത അനുഭവമായെന്ന് പാഷ പറഞ്ഞു. തങ്ങളുടെ സൗഹൃദം അതിര്‍ത്തികള്‍ക്ക് അതീതമാണെന്നും രാജ്യമേതാണെന്നുള്ള തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും പാഷ പറയുന്നു. ഇപ്പോള്‍ മുസ്ലീങ്ങളല്ലാത്ത നിരവധി പേരും ഭക്ഷണം തേടി വരുന്നുണ്ടെന്നും അത് കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.