X

ചരിത്രത്തില്‍ ഇന്ന്: മംഗള്‍യാനും ചാങ് ഇ യും

2013 നവംബര്‍ 5
മംഗള്‍യാന്‍ വിക്ഷേപിക്കുന്നു

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചൊവ്വാ ദൗത്യപദ്ധതിയായ മംഗള്‍യാന്‍ 2013 നവംബര്‍ 5 നായിരുന്നു വിക്ഷേപിച്ചത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആയിരുന്നു മംഗള്‍യാനെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചത്.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഈ പര്യവഷേണ പദ്ധതിയുടെ ചുക്കാന്‍ പിടിച്ചു. 2014 സെപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ആദ്യശ്രമത്തില്‍ തന്നെ മംഗള്‍യാന്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചത് ലോകത്തിനെ അത്ഭുതപ്പെടുത്തുകയും ഇന്ത്യയുടെ നേട്ടത്തെ അവര്‍ ഒന്നടങ്കം അഭിനന്ദിക്കുകയും ചെയ്തു. അതുവരെ ഒരു രാജ്യത്തിനും സാധിക്കാതിരുന്ന നേട്ടമാണ്, ആദ്യതവണ തന്നെ തങ്ങളുടെ പര്യവേഷണ വാഹനത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്.

2007 നവംബര്‍ 5
ചൈനയുടെ പര്യവേഷണ വാഹനം ചന്ദ്രോപരിതലത്തിലെത്തുന്നു

ചൈന വിക്ഷേപിച്ച നാമരഹിതമായ ചാന്ദ്രപര്യവേഷണ പേടകം 2007 നവംബര്‍ 5 ന് ചന്ദ്രോപരിതലത്തിലെത്തി. നവംബര്‍ 26 ന് പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രം ഭൂമിയിലെത്തി. 2007 ഒക്ടോബര്‍ 24 ന് സിയാങ് സാറ്റാലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നായിരുന്നു ഈ പര്യവേഷണ പേടകം വിക്ഷേപിക്കുന്നത്.

ഈ ദൗത്യപേടകത്തിന് ചൈന പിന്നീട് ‘ചാങ് ഇ 1’ എന്ന് പേരുനല്‍കി. ഒരു വര്‍ഷം ചന്ദ്രോപരത്തില്‍ ചുറ്റുകയുള്ളുവെന്നു കരുതിയ ചാങ് ഇ 1, 2009 മാര്‍ച്ച് 1 വരെ തന്റെ ദൗത്യം തുടര്‍ന്നു. മൈക്രോവേവ് റേഡിയേറ്ററിന്റെ സഹോയത്തോടെ മൈക്രോവേവ് റിമോര്‍ട്ട് സെന്‍സറിംഗ് പ്രോഗ്രാം ഉപയോഗിച്ച് നിയന്ത്രിച്ച ആദ്യത്തെ മള്‍ട്ടി-ചാനല്‍ ചാന്ദ്രപര്യവേഷണ സരംഭമായിരുന്നു ചാങ് ഇ 1.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on November 5, 2014 10:58 am