X

ഈ പുതിയ ചരിത്രകാരന്‍മാര്‍ നിങ്ങളുടെ ഭാവി എഴുതുകയാണ്

ടീം അഴിമുഖം / എഡിറ്റോറിയല്‍

ഇന്ത്യയിലിപ്പോള്‍ പുതിയ ഒരുകൂട്ടം ചരിത്രകാരന്‍മാരുണ്ട്. നിങ്ങളുടെ വ്യത്യസ്തമായൊരു ഭാവി എഴുതാന്‍ ശ്രമിക്കുകയാണ് അവരിപ്പോള്‍.

ജവഹര്‍ലാല്‍ നെഹ്രു ദൈവമല്ലെന്ന വസ്തുത പരിഗണിക്കുക. അദ്ദേഹം പല പിഴവുകളും വരുത്തിയിട്ടുണ്ട്. വ്യവസായവത്കരണത്തിന് അമിതപ്രാധാന്യം നല്‍കി, പഞ്ചവത്സര ആസൂത്രണം, ഇറക്കുമതിക്കു പകരമായുള്ള നയങ്ങള്‍, ചൈനയുമായി ശുദ്ധഗതിയില്‍ ഇടപെട്ടത് അങ്ങനെ പലതും. ഒരു കുടുംബവാഴ്ച്ചയുടെ ഭാഗമെന്നോണം തന്റെ മകള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെ തടയാനും അദ്ദേഹം ഒന്നും ചെയ്തില്ല.

എന്നാല്‍, ബഹുസ്വരതയുടെയും ശാസ്ത്രീയ വീക്ഷണത്തിന്റെയും മൂല്യങ്ങളില്‍ വേരൂന്നിയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സൃഷ്ടിക്കാന്‍ സര്‍ദാര്‍ പട്ടേലിനും അബ്ദുള്‍ കലാം ആസാദിനും മറ്റ് പലര്‍ക്കുമൊപ്പം അദ്ദേഹം വഹിച്ച നേതൃത്വപരമായ പങ്കിനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. വൈവിധ്യമാര്‍ന്ന സമൂഹങ്ങളും ഭിന്നഭാഷകളും ഒരുമിച്ച് കഴിയുന്ന മാനവചരിത്രത്തിലെ മഹത്തായൊരു പരീക്ഷണമാണ് അവര്‍ വിജയകരമായി നടത്തിയത്. ഇന്ത്യയുടെ അയല്‍രാഷ്ട്രങ്ങളിലെല്ലാം പലപ്പോഴും പട്ടാളം ഭരണം പിടിച്ചെടുത്തപ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി മുന്നോട്ടുപോയി. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ക്ക് കനത്ത പ്രഹരമേറ്റത് 1975-77-ല്‍ അദ്ദേഹത്തിന്റെ മകളില്‍ നിന്നുമാണ്.

പുതിയ ചരിത്രകാരന്മാര്‍
എന്നാല്‍, പുതിയ ഇന്ത്യയിലെ, അതിലും ശരിയായി പറഞ്ഞാല്‍ നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ പുത്തന്‍ ചരിത്രകാരന്‍മാര്‍ അസംബന്ധത്തിലും യുക്തിരാഹിത്യത്തിലും നുണകളിലും വര്‍ഗ്ഗീയതകൊണ്ട് അടിവരയിട്ടതുമായ ഒരു പുതിയ ആഖ്യാനത്തിന്റെ നിര്‍മ്മിതിയിലാണ്. ഇക്കൂട്ടരെ സൂക്ഷിക്കുക.

ഒരിക്കല്‍ നെഹ്രു താമസിച്ചിരുന്ന തീന്‍മര്‍ത്തി ഭവന സമുച്ചയത്തിലെ നെഹ്രു സ്മാരക മ്യൂസിയം – ലൈബ്രറിയില്‍ ഇത്തരത്തിലൊരു ചരിത്രകാരന്‍ ബുധനാഴ്ച്ച സംസാരിച്ചു. അമിത് ഷാ – അതാണ് അയാളുടെ പേര്. വര്‍ഗീയ വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന, കോര്‍പ്പറേറ്റ് പണത്തിന്റെ പിന്‍ബലമുള്ള, വിഭാഗീയതയുടെ രാഷ്ട്രീയത്തിലൂടെ ബി ജെ പിയെ മുന്നോട്ട് നയിക്കുക – അതാണയാളുടെ പൂര്‍ണസമയ തൊഴില്‍.

നെഹ്റുവിന്റെ ഭരണകാലത്തെക്കുറിച്ച് ഈ ചരിത്രകാരന്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു, പ്രത്യേകിച്ചും കാശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്തതിനെക്കുറിച്ച്. “പെട്ടെന്ന്‍, ഒരു കാരണവുമില്ലാതെ… അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരിയ്ക്കലും ഒരു രാജ്യത്തിന്റെ നേതാവ് ഇത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിച്ചിട്ടില്ല. ജവഹര്‍ലാല്‍ജി അന്ന് അത്തരത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ കാശ്മീര്‍ പ്രശ്നമേ ഉണ്ടാകില്ലായിരുന്നു,”- ഷാ പറഞ്ഞു. ബി ജെ പി അധ്യക്ഷന്‍ ഇതിനായി തെരഞ്ഞെടുത്ത സ്ഥലം ശരിയായിരിക്കും, പക്ഷേ പറഞ്ഞ ചരിത്രം പിഴച്ചുപോയി.

ചരിത്രത്തോടും മാനുഷിക മൂല്യങ്ങളോടും നിങ്ങള്‍ തികഞ്ഞ അവജ്ഞ പുലര്‍ത്തുന്നില്ലെങ്കില്‍ കാശ്മീര്‍ പ്രശ്നത്തെ നെഹ്റുവിന് മേല്‍ അങ്ങനെ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. താഴ്വരയെ ചൂഴുന്ന സംഘര്‍ഷം നീറിപ്പുകയാന്‍ അനുവദിക്കാനും കൂടുതല്‍ പേരുടെ കൊലപാതകങ്ങള്‍ക്കും അങ്ങനെ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ എന്ന വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനും അനുവദിക്കണം എന്നാണോ ഷാ പറയുന്നത്? പുതുതായി രൂപമെടുത്ത രണ്ടു രാഷ്ട്രങ്ങളുടെ നാമമാത്രമായ സമ്പത്തിനെ ഇല്ലാതാക്കുന്ന തരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വലിയൊരു യുദ്ധം നടത്തി, ഇന്ത്യ പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കണമായിരുന്നു എന്നാണോ ഷാ ഉദ്ദേശിച്ചത്?

വടക്കേ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അലഞ്ഞുതിരിയുമ്പോള്‍ എല്ലാ വിഭവങ്ങളും വലിയൊരു സൈനിക നീക്കത്തിനായി നെഹ്രു സര്‍ക്കാര്‍ ഉപയോഗിക്കണമായിരുന്നു എന്നാണോ ഷായുടെ അഭിപ്രായം? ആധുനിക ഇന്ത്യയുടെ സിരകളിലൂടെ വര്‍ഗീയ വിഷം പടരുന്ന ഒരു കാലം കൂടിയായിരുന്നു അതെന്നോര്‍ക്കുമോ?

മിക്ക, നവചരിത്രകാരന്‍മാര്‍ക്കും അവസാനത്തെ ചോദ്യം മനസിലാകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? ഉണ്ടെങ്കില്‍, സത്യസന്ധമായി അവരുടെ ഉത്തരം എന്തായിരിക്കും?

പുത്തന്‍ ചരിത്രകാരന്‍മാര്‍ ഇന്ത്യക്കായി വ്യത്യസ്തമായൊരു ഭാവി എഴുതുന്നതു മനസിലാക്കാന്‍ ഏറെയൊന്നും പരതേണ്ട. ഷാ തന്റെ ചരിത്ര ഭാഷ്യം വിളമ്പിയ വേദിയില്‍ അദ്ധ്യക്ഷനായിരുന്നത് നെഹ്രു സ്മാരക മ്യൂസിയം – ലൈബ്രറിയുടെ പുതിയ തലവന്‍ ലോകേഷ് ചന്ദ്രയായിരുന്നു. ഒരിക്കല്‍ ഇന്ദിരാ ഗാന്ധിയുടെ ഭക്തസംഘത്തിലുണ്ടായിരുന്ന ചന്ദ്ര നിങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാവുന്നതരം ഒരാളാണ്: അത്യാഗ്രഹങ്ങളെ പൊതിഞ്ഞുവെച്ച ശുഷ്കജ്ഞാനി.

ചന്ദ്ര സദസിനോടായി പറഞ്ഞു: “ഇന്ത്യക്ക് മാറേണ്ടതുണ്ട്, അതിനി നെഹ്റുവിന്റെ ലോകമല്ല.”

ഈയിടെയായി ഇത്തരം വന്‍പ്രഖ്യാപനങ്ങള്‍ ചന്ദ്ര നടത്താറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശയങ്ങളുടെ ആളാണ്, പ്രത്യയശാസ്ത്രങ്ങളുടെയല്ല,’ എന്നു ചന്ദ്ര ഈയിടെ പറഞ്ഞു. തീര്‍ന്നില്ല, പ്രായോഗിക വീക്ഷണത്തില്‍ മോദി, മഹാത്മാ ഗാന്ധിയെ ‘മറികടക്കുന്നു’ എന്നും, ദരിദ്രരുടെ ജീവിതങ്ങളില്‍ കാള്‍ മാര്‍ക്സിനേക്കാള്‍ അര്‍ത്ഥവത്തായ സ്വാധീനം മോദി ചെലുത്തുന്നുവെന്നും സധൈര്യം പറഞ്ഞ ചന്ദ്ര ഇനിയൊരു മോദിഭക്തനും തോല്‍പ്പിക്കാനാകാത്ത മഹാസത്യവും വെളിപ്പെടുത്തി; മോദി ‘ദൈവത്തിന്റെ അവതാരമാണ്.’

‘പുണ്യപുരാതന സത്യ’ങ്ങളും മറഞ്ഞുകിടക്കുന്ന ‘തെളിവുകള്‍ പുറത്തെടുക്കലു’മായി നഗരപ്രദക്ഷിണത്തിനിറങ്ങിയ പുതിയ ചരിത്രകാരന്മാരെക്കുറിച്ച് വായനക്കാര്‍ക്കിപ്പോള്‍ ഏതാണ്ടൊരു ധാരണയായിക്കാണും.

This post was last modified on June 30, 2016 1:23 pm