X

പാക്കിസ്താന്‍ നിലപാട് മാറ്റി; എന്നാല്‍ ഇന്ത്യയുടെ പാക് നയം ശുഭസൂചനയാണ്

എഡിറ്റോറിയല്‍/ടീം അഴിമുഖം

റഷ്യയിലെ ഉഫായില്‍ രണ്ടു വര്‍ഷം മുമ്പുവരെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അഞ്ചു പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റ് ചില വലിയ ഹോട്ടലുകളും ഉണ്ട്. പ്രവര്‍ത്തിക്കുന്ന എന്തെങ്കിലും ഉണ്ടാക്കുക എന്ന തത്ത്വശാസ്ത്രത്തെ ഇതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. റഷ്യന്‍ ഫെഡറേഷനിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ബഷ്കോര്‍തോസ്ഥാന്‍ തലസ്ഥാനമാണ് ഉഫ. BRICS (ബ്രസീല്‍, റഷ്യ,ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക), SCO (ഷാങ്ഹായ് കോഒപെറേഷന്‍ ഓര്‍ഗനൈസേഷന്‍) എന്നീ ഉച്ചകോടികളെ പ്രതീക്ഷിച്ചായിരുന്നു ഈ ഹോട്ടലുകളൊക്കെ പൊങ്ങിവന്നത്.

വോള്‍ഗ നദീ തടവും ഉറാള്‍ മലനിരകളും ഉഫയെ സുന്ദരമാക്കുന്നു. ഇവിടെവെച്ച്, രണ്ടു മേഖലാ ഉച്ചകോടികളുടെ ഇടക്കാണ്, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ന്യൂ ഡല്‍ഹിയുടെ ആവശ്യങ്ങളോട് വേണ്ട രീതിയില്‍ പ്രതികരിക്കാതിരുന്നിട്ടും ഇസ്ലാമാബാദുമായി ഒരു സംഭാഷണ പ്രക്രിയ തുടങ്ങുക എന്ന വലിയ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച നടത്തിയത്.

ഇത്തരമൊരു സംഭാഷണം തുടങ്ങുന്നതിനാവശ്യമായ ആഭ്യന്തര അഭിപ്രായ സമന്വയം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. പക്ഷേ, ഉഭയകക്ഷി ബന്ധങ്ങളില്‍ ‘ചലനാത്മകത’നിലനിര്‍ത്താന്‍കഴിഞ്ഞ മാസം നടന്ന ഒരു കൂടിക്കാഴ്ചയില്‍ മുന്‍ഗാമി ഡോ. മന്‍മോഹന്‍സിംഗ് മോദിയോട് ഉപദേശിച്ചിരുന്നു.

2014-ലെ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദത്തെയും മത-സൈനിക ദേശീയതയെയും പൊക്കിക്കാട്ടി വോട്ടുപിടിച്ച ബി ജെ പി യില്‍ ആഭ്യന്തര അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും സംഭാഷണങ്ങള്‍ വേണ്ട എന്ന നിലപാടിന് പരിമിതമായ സാധ്യത മാത്രമേ ഉള്ളൂ എന്നു പരീക്ഷിച്ച് തിരിച്ചറിഞ്ഞു ഉപേക്ഷിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നിലപാട് സ്വീകരിക്കുകയാണ് ഈ അപ്രതീക്ഷിത നീക്കത്തിലൂടെ മോദി ചെയ്തത്. 2001-ലെ പാര്‍ലമെന്‍റ് ഭീകരാക്രമണത്തിനുശേഷം നടത്തിയ ‘അന്ത്യം വരെ പോരാടുമെന്ന’ പ്രസംഗത്തിനുശഷം 2003-ല്‍ ശ്രീനഗറില്‍ വാജ്പേയീ നടത്തിയ ‘സൌഹൃദത്തിന്റെ കൈ’ എന്ന പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു ഉഫ സംയുക്ത പ്രസ്താവന.

പാകിസ്ഥാന്‍ ഇന്ത്യയുടെ തൊട്ടടുത്ത അയല്‍രാജ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയാണ് വാജ്പേയീ തന്റെ സമാധാന നിലപാടിന് അടിത്തറ പണിതത്. “ഒരുമിച്ച് കഴിയണമെന്ന് ഇരുപക്ഷവും തീരുമാനിക്കണം,” അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ ഇസ്ലാമാബാദിനെ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘യുദ്ധഭീഷണിയുടെ നയതന്ത്രജ്ഞത’ (ഒരിയ്ക്കലും നടക്കാതിരുന്ന) പരാജയപ്പെട്ടു എന്ന തിരിച്ചറിവു മതിയായിരുന്നു മുന്‍ പ്രധാനമന്ത്രിയെ ചര്‍ച്ചകളുടെ അനിവാര്യതയിലേക്ക് നടത്തിക്കാന്‍.

അതിര്‍ത്തിയിലെ പടയൊരുക്കവും കണ്ണുരുട്ടുന്ന നയതന്ത്ര സമീപനവും  വിഫലമായൊരു ചെലവാണെന്ന് മനസിലായപ്പോഴാണ് 2002 ഒക്ടോബറില്‍ ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ ഒരു വെടിപോലും പൊട്ടിക്കാതെ സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും താവളങ്ങളിലേക്ക് പിന്‍വലിച്ചത്. നയതന്ത്രതലത്തിലേറ്റ പരാജയം മാത്രമായിരുന്നില്ല, ഏതാണ്ട് അഞ്ചു ലക്ഷത്തോളം സൈനികര്‍ പത്തു മാസത്തോളം പാകിസ്ഥാന്‍ സൈന്യവുമായി മുഖാമുഖം നിന്നപ്പോള്‍ ഖജനാവില്‍ നിന്നും ഒലിച്ചുപോയത് 8000 കോടി രൂപയാണ്.

എന്നാല്‍ വാജ്പേയിയുടെ സൌഹൃദത്തിന്റെ കൈ നയതന്ത്രതലത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കി. ജനുവരി 2004-ല്‍ ഇസ്ലാമാബാദില്‍ നടന്ന സാര്‍ക് സാമ്മേളനത്തിനിടക്ക് പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഭൂപ്രദേശം  ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനത്തിനായി അനുവദിക്കില്ലെന്ന ഉറപ്പ് പര്‍വേസ് മുഷാറഫില്‍ നിന്നും നേടാന്‍ അതിനു കഴിഞ്ഞു.

SCO ഉച്ചകോടിക്കിടയില്‍ നടന്ന കൂടിക്കാഴ്ചയില്‍ 2016-ലെ സാര്‍ക് ഉച്ചകോടിക്കായി ഇസ്ലാമാബാദ് സന്ദര്‍ശിക്കാം എന്ന ഉറപ്പ് മോദി നല്‍കുമ്പോള്‍ ചക്രം ഒരു വട്ടം പൂര്‍ത്തിയാക്കുകയാണ്. സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങളില്‍, അതിനിടക്ക് എന്തുണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാകിസ്ഥാനില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണ വിചാരണ വേഗത്തിലാക്കുക എന്ന ഉദ്ദേശം കൂടാതെ, രണ്ടു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേശകര്‍ തമ്മില്‍ ഭീകരവാദം സംബന്ധിച്ച ചര്‍ച്ച, സൈനിക ദൌത്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍മാരും, ബി എസ് എഫ്-പാകിസ്ഥാന്‍ റെയ്ഞ്ചേഴ്സ് മേധാവികള്‍ എന്നിവരും നടത്തുന്ന ചര്‍ച്ചകള്‍ എന്നിവയു പുതിയ ഇന്ത്യ-പാക് തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.

മറ്റ് സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചക്കുള്ള ഒരു സാഹചര്യം ഒരുക്കുന്നതിനായി അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം പുലര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് രണ്ടാംശ്രേണീ  ചര്‍ച്ചകള്‍ വെച്ചിട്ടുള്ളത്. പക്ഷേ അതിനുമുമ്പായി പ്രധാനമന്ത്രി, പ്രതിപക്ഷവും തന്റെ പാര്‍ട്ടിക്കാരുമായി ഈ നായവ്യതിയാനത്തെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വലതുപക്ഷ മുരട്ടുവാദികളോട് ഇതിന്റെ ന്യായം ബോധ്യപ്പെടുത്തുക പാകിസ്ഥാനുമായുള്ള ചര്‍ച്ചപ്പോലെ ദുര്‍ഘടമായിരിക്കും.

അതോടൊപ്പം, ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനമായി മുന്നില്‍ വയ്ക്കേണ്ട കാര്യം കാശ്മീര്‍ ആണെന്നും, മുംബൈ ഭീകരാക്രമണ കേസില്‍ പാക് പങ്ക് ആരോപിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍, സംഝോതാ എക്സ്പ്രസ് സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിവരങള്‍ തുടങ്ങിയവയും അജണ്ടയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് സാംഗത്യമുള്ള് എന്ന ഉഫ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലേ പാക്കിസ്താന്‍ നിലപാടെടുത്തത് തിരിച്ചടിയായിട്ടുണ്ട്. കാശ്മീര്‍ പ്രശ്നത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം പിടിച്ചാലും മറ്റ് കാര്യങ്ങളില്‍ ചര്‍ച്ചകളുടെ അനിവാര്യതകള്‍ ഇന്ത്യ തിരിച്ചറിഞ്ഞു തന്നെ പ്രതികരിക്കും എന്നാണ് സൂചനകള്‍. അത് കൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ സമവായം ഉണ്ടാവുക എന്നത് മാത്രമാണ് ചര്‍ച്ചകള്‍ക്കുള്ള വേദി ഒരുക്കാന്‍ സഹായകമാവുക. 

അയല്‍രാഷ്ട്രവുമായി ഇടപെടല്‍ ഒരു ആര്‍ഭാടമല്ല, മറിച്ച് ഒരാവശ്യമാണ്. അതുകൊണ്ടു പാകിസ്ഥാനുമായുള്ള സംഭാഷണങ്ങള്‍ തുടര്‍ന്നേ മതിയാകൂ എന്ന തത്വത്തില്‍ ഊന്നിയായിരിക്കണം ന്യൂഡല്‍ഹി സ്വീകരിക്കേണ്ട നിലാപാടുകള്‍.

 

This post was last modified on July 14, 2015 8:50 am