X

66 എ : അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ടീം അഴിമുഖം

 

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തോട് അനുബന്ധിച്ച് 2012 നവംബര്‍ 18ന് നഗരം നിശ്ചലമാക്കിയതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച മുംബെക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ വിവരസാങ്കേതിക നിയമത്തിന്റെ 66 എ വകുപ്പ് പ്രകാരം കേസെടുത്തത് അധികാര ദുര്‍വിനിയോഗമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത നടപടി മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. വിവരസാങ്കേതിക നിയമത്തിന്റെ 66-ാം വകുപ്പിനെ കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍:

1) എന്താണ് 66-എ വകുപ്പ്? എന്താണ് അതിന്റെ പ്രശ്‌നങ്ങള്‍?
ഒരു കമ്പ്യൂട്ടറിലൂടെയോ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ‘അധിക്ഷേപകരമായ’ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ശിക്ഷയാണ് 66 എ വകുപ്പില്‍ നിര്‍വചിക്കുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ‘അധിക്ഷേപകരം’ എന്ന വാക്കിന് കൃത്യമായ നിര്‍വചനമില്ല. വളരെ വിശാലമായ അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന് മാത്രമല്ല വ്യത്യസ്തവും വിവിധ തരത്തിലും ആ വാക്ക് വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്. ഒരാള്‍ക്ക് നിരുപദ്രവകരമായി തോന്നുന്ന ഒരു പ്രയോഗം മറ്റൊരാള്‍ക്ക് അധിക്ഷേപകരമായി തോന്നാം. രണ്ടാമത്തെ ആളുടെ വാദമാണ് പോലീസ് പ്രഥമദൃഷ്ട്യാ ന്യായമായി എടുക്കുന്നതെങ്കില്‍ മറ്റെയാളെ 66എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

2) എങ്ങനെയാണ് വിവാദം ആരംഭിച്ചത്?
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 2012 നവംബറില്‍ മഹാരാഷ്ട്രയിലെ താനെ പോലീസ് രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസ് കോടതിയുടെ മുന്നില്‍ എത്തുന്നത്. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് മുംബെ നഗരം നിശ്ചലമാക്കിയതിനെതിരെയാണ് പെണ്‍കുട്ടികള്‍ പ്രതികരിച്ചത്. സൈബര്‍ നിയമം ഉപയോഗിച്ച രീതിയെ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് അറസ്റ്റ് കാരണമായി.

3) 66 എ നിയമം എപ്പോഴൊക്കെയാണ് ഉപയോഗിച്ചിട്ടുള്ളത്?
2012 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫേസ്ബുക്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് ജാദവപൂര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപാത്ര അറസ്റ്റ് ചെയ്യപ്പെട്ടു. കാര്യക്ഷമത ഇല്ലായ്മയുടെ പേരില്‍ പാര്‍ലമെന്റിനേയും ഭരണഘടനയെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനായ അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ രാഷ്ട്രീയക്കാരെ കളിയാക്കുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ മായങ്ക് ശര്‍മയും മുംബെ സ്വദേശി കെ വി റാവുവും അറസ്റ്റ് ചെയ്യപ്പെട്ടു. മുന്‍ ക്യാബിനറ്റ് മന്ത്രിയുടെ പുത്രനെതിരെ അധിഷേപകരമായി ട്വീറ്റ് ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ വ്യവസായിയായ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

4) ഈ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണ്?
വിവരസാങ്കേതികവിദ്യയുടെ, പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം തടയുക എന്ന ഉദ്ദേശത്തോടെയാണ് 2008-ല്‍ നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ 66 എ വകുപ്പ് വളരെ വിശാലമായ അളവുകോലുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രമല്ല, വിചിത്രമായ വ്യാഖ്യാനങ്ങള്‍ക്കും ഈ നിയമം കാരണമായിട്ടുണ്ട്. നിയമത്തിന് കീഴില്‍ വരുന്ന വാക്കുകളൊന്നും തന്നെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഓണ്‍ലൈനിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് മാത്രമല്ല ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ വകുപ്പെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള ‘ന്യായമായ നിയന്ത്രണങ്ങള്‍’ക്ക് അപ്പുറമാണ് നിയമത്തിന്റെ ഇടപെടലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

5) കോടതികള്‍ ഇതുവരെ എന്തൊക്കെയാണ് ചെയ്തത്?
വകുപ്പുകള്‍ വളരെ വ്യാപകമായി എഴുതപ്പെട്ടതാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥേഷ്ടം ആളുകളെ അറസ്റ്റ് ചെയ്യാനുള്ള പഴുതുകള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നും പ്രാഥമിക വാദത്തിന്റെ സമയത്ത് തന്നെ സുപ്രീം കോടതി അംഗീകരിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം ദുരുപയോഗങ്ങള്‍ തടയുന്നതിനായി 2013 ജനുവരിയില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

 

This post was last modified on December 12, 2014 9:26 am